കാലിഫോര്‍ണിയ : അമേരിക്കയില്‍ ഗൂഗിൾ പേ സേവനത്തിലെ സാങ്കേതിക തകരാർ മൂലം നിരവധി പേരുടെ അക്കൗണ്ടിലേക്ക് ലഭിച്ചത് വന്‍ തുകകള്‍. ഗൂഗിൾ പേ വഴി ഇടപാടുകള്‍ നടത്തുമ്പോള്‍ ലഭിക്കുന്ന ക്യാഷ്ബാക്കിലൂടെ ചിലര്‍ക്ക് അക്കൗണ്ടിൽ 80,000 രൂപ വരെയാണ് ലഭിച്ചത്. സാധാരണഗതിയില്‍ ബെറ്റര്‍ ലക്ക് നെക്‌സ്റ്റ് ടൈം (ഭാഗ്യം, അടുത്ത തവണ നോക്കാം) എന്ന സന്ദേശമാണ് കൂടുതലും ലഭിക്കാറുള്ളതെങ്കിലും മറിച്ചാണ് അമേരിക്കയില്‍ സംഭവിച്ചത്.
ഫ്രീയായി പണം, അമ്പരന്ന് ഉപയോക്താക്കള്‍:ഗൂഗിൾ പേയിലെ സാങ്കേതിക പിശകുകാരണം യുഎസിലെ ചില 'പിക്‌സൽ ഫോൺ' ഉപയോക്താക്കൾക്കാണ് വന്‍തുകയുടെ ക്യാഷ്ബാക്ക് ലഭിച്ചത്. 'ഓഹ്, ഗൂഗിൾ പേ ഇപ്പോൾ കൈയും കണക്കുമില്ലാതെ ആളുകള്‍ക്ക് ഫ്രീയായി പണം നല്‍കുന്നുണ്ട്. ഗൂഗിള്‍ പേ തുറന്ന് പണമടച്ചപ്പോള്‍ എനിക്ക് 46 ഡോളറാണ് (ഏകദേശം 3,770.15 രൂപ) ക്യാഷ്‌ബാക്ക് ലഭിച്ചത്'. - മിഷാല്‍ റഹ്‌മാന്‍ എന്ന ട്വിറ്റര്‍ ഉപയോക്താവ് ഏപ്രില്‍ അഞ്ചിന് രാവിലെ 7.18ന് കുറിച്ചു.
10 ഡോളർ മുതൽ ചിലർക്ക് 1,000 ഡോളർ വരെയാണ് അക്കൗണ്ടുകളില്‍ ലഭിച്ചത്. 16 തവണ ഇടപാട് നടത്തിയതില്‍ 10 പ്രാവശ്യം തനിക്ക് ക്യാഷ്ബാക്ക് ലഭിച്ചതായി ഒരു ഉപയോക്താവ് ട്വിറ്ററില്‍ പറഞ്ഞു. 100 ഡോളർ (ഏകദേശം 8,197.69 രൂപ) ലഭിച്ചതായി മറ്റുചിലരും ട്വീറ്റ് ചെയ്‌തു. ഒരു ഉപയോക്താവ് തനിക്ക് 240 ഡോളർ (19,674.46 രൂപ) ലഭിച്ചതായും ഒരേസമയം 1,072 ഡോളർ (87,879.24 രൂപ)കിട്ടിയതായി മറ്റൊരു ഉപയോക്താവും അവകാശപ്പെട്ടു. സ്‌ക്രീന്‍ഷോട്ട് സഹിതമാണ് ആളുകള്‍ പണം ലഭിച്ച കാര്യം ട്വീറ്റ് ചെയ്‌തിരിക്കുന്നത്.
ക്യാഷ്‌ബാക്ക് തിരിച്ചെടുത്ത് ഗൂഗിള്‍ :ഈ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഗൂഗിൾ പേയില്‍ 'ഭാഗ്യം' പരീക്ഷിക്കുന്നവരുടെ എണ്ണം കൂടി. എന്നാല്‍, ആപ്പിലെ പിഴവ് ശ്രദ്ധയില്‍പ്പെട്ടതോടെ ഗൂഗിള്‍ ഉടൻ തന്നെ പ്രശ്‌നം പരിഹരിച്ചു. ആപ്പിലെ സാങ്കേതിക നവീകരണത്തിന്‍റെ ഇടയിലാണ് ഈ പിഴവ് സംഭവിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ക്യാഷ്ബാക്ക് ലഭിച്ച എല്ലാ ഉപയോക്താക്കളിൽ നിന്നും ഗൂഗിൾ പണം തിരിച്ചെടുത്തു.