ഒട്ടാവ:ന്യൂസ് പ്ലാറ്റ്‌ഫോമുകളിൽ പങ്കിടുന്ന വാർത്തകള്‍ക്ക് മീഡിയ ഔട്ട്‌ലൈറ്റുകള്‍ക്ക് ഗൂഗിളും മെറ്റയും പണം നല്‍കണമെന്നുള്ള ബില്‍ പാസാക്കി കാനഡ സെനറ്റ്. സർക്കാരും സിലിക്കൺ വാലി ടെക് ഭീമന്മാരും തമ്മിലുള്ള തർക്കത്തിനിടെയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യാഴാഴ്‌ച പാർലമെന്‍റില്‍ ബില്‍ പാസാക്കിയത്. ഓൺലൈൻ പരസ്യ രംഗത്തെ ഭീമന്മാരും ചുരുങ്ങുന്ന വാർത്ത വ്യവസായവും തമ്മിൽ ഒരു സന്തുലിതാവസ്ഥ സൃഷ്‌ടിക്കുന്നതാണ് ഈ നിയമമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഫേസ്‌ബുക്കിൽ നിന്നും ഗൂഗിളിൽ നിന്നും മാധ്യമ പ്രവർത്തനത്തെ നീക്കം ചെയ്യുന്നതിനെ "ഭീഷണി" എന്ന് വിശേഷിപ്പിക്കുന്നത് പിൻവലിക്കുമെന്ന് കനേഡിയൻ ഹെറിറ്റേജ് മന്ത്രി പാബ്ലോ റോഡ്രിഗസ് പറഞ്ഞു. മാധ്യമ പ്രവര്‍ത്തനത്തെ നീക്കം ചെയ്യുന്നതിനെ കുറിച്ച് മെറ്റ വിശദീകരണം നല്‍കിയിട്ടില്ല. എന്നാല്‍ ഓൺലൈൻ വാർത്ത നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് പ്രാദേശിക വാർത്തകൾ തങ്ങളുടെ സൈറ്റിൽ നിന്ന് പിൻവലിക്കുമെന്ന് അറിയിച്ചു. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാര്‍ലമെന്‍റില്‍ പാസാക്കിയ ഈ ബില്‍ ആറ് മാസത്തിന് ശേഷം പ്രാബല്യത്തില്‍ വരും.
''കാനഡയിലെ ഞങ്ങളുടെ പ്ലാറ്റ്‌ഫോമുകൾ ആക്‌സസ് ചെയ്യുന്ന ആളുകൾക്ക് കൂടുതൽ കാലം അത് ലഭ്യമാകുമെന്ന്'' കാനഡയിലെ മെറ്റയുടെ കമ്മ്യൂണിക്കേഷൻസ് മേധാവി ലിസ ലാവെഞ്ചർ പറഞ്ഞു. ഡിജിറ്റൽ വാർത്ത മേഖലയില്‍ നീതി ഉറപ്പാക്കുന്ന ബില്ലിനെ ലെഗസി മീഡിയയും പ്രക്ഷേപകരും പ്രശംസിച്ചു. മെറ്റയും ഗൂഗിളും ഉൾപ്പെടെയുള്ള ടെക് ഭീമന്മാർ പരസ്യ വ്യവസായത്തെ തടസപ്പെടുത്തുകയാണെന്ന് നേരത്തെ വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്തരം സംഭവങ്ങളെ തുടര്‍ന്ന് കാലിഫോർണിയയിലെ മെൻലോ പാർക്ക് ആസ്ഥാനമായുള്ള മെറ്റയും സമാനമായ നടപടികൾ നേരത്തെ സ്വീകരിച്ചിരുന്നു.