ന്യൂഡൽഹി: തങ്ങളുടെ ആദ്യത്തെ ഫോൾഡബിൾ സ്‌മാർട്ട്ഫോണായ 'പിക്‌സൽ ഫോൾഡ്' അവതരിപ്പിച്ച് ടെക് ഭീമനായ ഗൂഗിൾ. ബുധനാഴ്‌ച നടന്ന കമ്പനിയുടെ ഐ/ഒ ഇവന്‍റിലാണ് ഗൂഗിൾ തങ്ങളുടെ പുതിയ ഫോണ്‍ പുറത്തിറക്കിയത്. പിക്‌സൽ ഫോൾഡിനൊപ്പം പിക്‌സൽ 7 എ സ്‌മാർട്ട് ഫോണ്‍, പിക്‌സൽ ടാബ്‌ലെറ്റ് എന്നിവയും കമ്പനി അവതരിപ്പിച്ചു. അതേസമയം ഇന്ത്യയിൽ ഫോണ്‍ എന്ന് മുതൽ വിപണിയിലെത്തുമെന്ന കാര്യം കമ്പനി അറിയിച്ചിട്ടില്ല.
യുഎസ്, യുകെ, ജർമനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലാണ് പിക്‌സൽ ഫോൾഡ് ആദ്യം വിപണിയിൽ എത്തുക. ഇന്ന് മുതൽ ഫോണ്‍ പ്രീ-ഓർഡർ ചെയ്യാൻ സാധിക്കും. ജൂണ്‍ മുതൽ ഫോണ്‍ വിപണിയിലെത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 256 ജിബി സ്റ്റോറേജിന് 1,799 ഡോളറാണ് (ഏകദേശം 1.47 ലക്ഷം രൂപ) നിലവിൽ പിക്‌സൽ ഫോൾഡിന്‍റെ വില. 512 ജിബി സ്റ്റോറേജുള്ള മോഡലിന് 1919 ഡോളറും (ഏകദേശം 1.57 ലക്ഷ്യം) വില വരുന്നു.
യുഎസിൽ പിക്‌സൽ ഫോൾഡ് മുൻകൂട്ടി ഓർഡർ ചെയ്യുന്ന ഉപഭോക്‌താക്കൾക്ക് പിക്‌സൽ വാച്ചും കമ്പനി സൗജന്യമായി നൽകുന്നുണ്ട്. ആൻഡ്രോയിഡ് 13ലാണ് പിക്‌സൽ ഫോൾഡ് പ്രവർത്തിക്കുന്നത്. നിലവിൽ വിപണിയിലുള്ള ഫോൾഡ് ഫോണുകളെക്കാൾ വീതി കുറഞ്ഞ പിക്‌സൽ ഫോൾഡിൽ 7.6 ഇഞ്ച് സ്‌ക്രീനാണ് നൽകിയിട്ടുള്ളത്. പുറത്ത് 5.8 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഒഎൽഇഡി ഡിസ്‌പ്ലേയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഡ്യുവൽ സിം സ്ലോട്ടുകൾ നൽകിയിട്ടുള്ള പിക്‌സൽ ഫോൾഡിൽ 6:5 ആസ്പെക്റ്റ് റേഷ്യേ, 380പിപിഐ പിക്സൽ ഡെൻസിറ്റി, 120Hz റിഫ്രഷ് റേറ്റ് എന്നീ ഫീച്ചറുകളാണ് നൽകിയിട്ടുള്ളത്. അകത്തെ ഡിസ്‌പ്ലേയ്ക്ക് പ്ലാസ്റ്റിക് കോട്ടിങ് ഗ്ലാസും പുറത്തെ ഡിസ്‌പ്ലേയ്ക്ക് കോർണിങ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് സുരക്ഷയും നൽകിയിട്ടുണ്ട്. ടൈറ്റൻ എം2 സെക്യൂരിറ്റി ചിപ്പും 12 ജിബി LPDDR5 റാമും ഉൾപ്പെടുത്തിയിട്ടുള്ള ഫോണിന് അഞ്ച് വർഷത്തെ പിക്‌സൽ അപ്‌ഡേറ്റുകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.