ന്യൂയോര്‍ക്ക്:വാര്‍ത്ത മാധ്യമമേഖലയില്‍ പ്രവേശിക്കാനൊരുങ്ങി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (Artificial Intelligence). ഇതിന്‍റെ ആദ്യപടിയെന്നോണം വാർത്തകളും തലക്കെട്ടുകളും എഴുതാൻ മാധ്യമ പ്രവര്‍ത്തകരെ സഹായിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ടൂളുകൾ വികസിപ്പിക്കുന്നതിന്‍റെ പ്രാരംഭഘട്ടത്തിലാണുള്ളതെന്ന് ടെക് ഭീമനായ ഗൂഗിള്‍ അറിയിച്ചു. ഇതിനായി മാധ്യമ മേഖലയിലുള്ള പ്രമുഖരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അവര്‍ വ്യക്തമാക്കി.
പിന്നണിയില്‍ ആരെല്ലാം:പ്രമുഖ മാധ്യമങ്ങളായ ദ ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്‌ടണ്‍ പോസ്‌റ്റ്, ന്യൂസ് കോര്‍പ് എന്നിവയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ദ വാള്‍സ്‌ട്രീറ്റ് ജേണലിന്‍റെ ഉടമകളും ഗൂഗിള്‍ എന്താണ് ചെയ്യുന്നതെന്ന് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. നിര്‍മിത ബുദ്ധിയില്‍ വികസിപ്പിച്ച ടൂളുകള്‍ ഒരു സ്‌റ്റോറിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍, മാധ്യമ പ്രവര്‍ത്തകര്‍ക്ക് വാര്‍ത്തയിലും തലക്കെട്ടുകളിലും വ്യത്യസ്‌ത എഴുത്ത് ശൈലികള്‍ നല്‍കാനും ഓപ്‌ഷനുകള്‍ നല്‍കാനും കഴിയുമെന്ന് ഗൂഗിളും തങ്ങളുടെ പുതിയ ഉദ്യമത്തെക്കുറിച്ച് പ്രസ്‌താവനയില്‍ അറിയിച്ചു. മാത്രമല്ല ഇത് ജോലി അനായാസമാക്കുമെന്നും ഉത്‌പാദനക്ഷമത വര്‍ധിപ്പിക്കുമെന്നും അവര്‍ ഉറപ്പുനല്‍കുന്നുണ്ട്.
ആശങ്ക അകലാതെ എഐ:അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് എന്ന സാങ്കേതികവിദ്യ, കൃത്യമായ റിപ്പോർട്ടുകൾ നൽകുന്നതിൽ വിശ്വസിക്കാനാകുമോ എന്നും സാമ്പത്തികമായി ഇതിനകം തന്നെ ബുദ്ധിമുട്ട് നേരിടുന്ന ഒരു വ്യവസായത്തിൽ യഥാര്‍ഥ മാധ്യമ പ്രവര്‍ത്തകരുടെ ജോലിക്ക് ഭീഷണിയോവുമോ എന്നുള്ള ആശങ്കകളും ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു. എന്നാല്‍ ഈ ടൂളുകള്‍ റിപ്പോര്‍ട്ടിങ്ങിലും ലേഖനങ്ങളിലെ വസ്‌തുത പരിശോധിക്കുന്നതിലും മാധ്യമ പ്രവര്‍ത്തകരെ സഹായിക്കുന്നതിനാണ്, അല്ലാതെ അവരുടെ പങ്കാളിത്തം ഒഴിവാക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല എന്ന് ഗൂഗിള്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്.
അതേസമയം, എഐ റൈറ്റിങ് ടൂളുകള്‍ എങ്ങനെ പ്രയോഗിക്കണം എന്നതിനെക്കുറിച്ചുള്ള സംവാദം പുരോഗമിക്കവെ, എഐ സിസ്റ്റങ്ങൾ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ടെക്‌നോളജി കമ്പനികൾ പ്രസിദ്ധീകരിച്ച സൃഷ്‌ടികൾ ഉപയോഗിക്കുന്നതിന് ന്യായമായ പ്രതിഫലം നൽകുന്നുണ്ടോ എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും വാർത്ത ഓർഗനൈസേഷനുകളിൽ നിന്നും ഉയരുന്നുണ്ട്. മനുഷ്യര്‍ എഴുതുന്നതുപോലെയുള്ള സ്വാഭാവിക ലഭിക്കാന്‍എഐ സംവിധാനങ്ങള്‍, വാർത്ത ലേഖനങ്ങളും ഡിജിറ്റൈസ് ചെയ്‌ത പുസ്‌തകങ്ങളും പോലുള്ള വലിയൊരു ലിഖിത കൃതികൾ പോലും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല എല്ലാ കമ്പനികളും അവര്‍ ഉപയോഗിച്ച ഡാറ്റയുടെ ഉറവിടങ്ങളും വെളിപ്പെടുത്തുന്നില്ല എന്നതും വെല്ലുവിളിയാകുന്നുണ്ട്.
ആരോഗ്യരംഗത്തും നിര്‍മിത ബുദ്ധി: ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയ്‌ക്ക് ആരോഗ്യപരിരക്ഷ രംഗത്ത് നിര്‍ണായക പങ്കുവഹിക്കാനാകുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ലക്ഷണമൊത്ത ഗദ്യമെഴുതാനും മാനുഷികമായ ഒഴുക്കോടെ ചാറ്റ് ചെയ്യാനുമാകുമെന്ന സവിശേഷതകള്‍ക്ക് അപ്പുറം ചാറ്റ് ജിപിടിയ്‌ക്ക് ആരോഗ്യരംഗത്ത് മികച്ച മാറ്റങ്ങള്‍ കൊണ്ടുവരാനാകുമെന്നായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍ അടിവരയിട്ടത്. ഈ രംഗത്തെ ഭൂരിഭാഗം ആളുകളും തിരിച്ചറിയുന്നതിനേക്കാൾ വേഗത്തിലാണ് വിപ്ലവകരമായ സാങ്കേതികവിദ്യ വരുന്നതെന്നും ഡാറ്റ ആന്‍ഡ് അനലറ്റിക്‌സ് കമ്പനിയായ ഗ്ലോബല്‍ ഡാറ്റ അറിയിച്ചിരുന്നു.
രോഗികള്‍ക്ക് കുറിപ്പടി എഴുതുന്നതുള്‍പ്പടെയുള്ള ബ്യൂറോക്രാറ്റിക് ജോലികളില്‍ ചാറ്റ് ജിപിടി ഡോക്‌ടര്‍മാരെ സഹായിക്കുമെന്നും ഗ്ലോബല്‍ ഡാറ്റ പ്രസ്‌താവനയില്‍ വ്യക്തമാക്കിയിരുന്നു. ഇതുമുഖേന രോഗികള്‍ക്കായി ഡോക്‌ടര്‍മാര്‍ക്ക് കൂടുതല്‍ സമയം ചെലവഴിക്കാനാകുമെന്നും രോഗപ്രതിരോധ പരിചരണം, രോഗലക്ഷണ തിരിച്ചറിയൽ, രോഗമുക്തിക്ക് ശേഷമുള്ള പരിചരണം എന്നീ പ്രക്രിയകളുടെ ഫലപ്രാപ്‌തിയും കൃത്യതയും വർധിപ്പിക്കാൻ ചാറ്റ്ബോട്ടുകൾക്ക് കഴിവുണ്ടെന്നും ഗ്ലോബല്‍ ഡാറ്റയുടെ പ്രിന്‍സിപ്പല്‍ മെഡിക്കല്‍ ഡിവൈസസ് അനലിസ്‌റ്റ് ടിന ഡെങും വ്യക്തമാക്കിയിരുന്നു.