കേരളം

kerala

ETV Bharat / international

'ഹൃദയം കൊണ്ട് ചേര്‍ത്തുപിടിക്കാം' ; ഗ്ലോബല്‍ ഫാമിലി ഡേ, പ്രത്യേകതയും പ്രാധാന്യവും - Family Day Significance

Global Family Day : ജനങ്ങള്‍ക്കിടയില്‍ ഐക്യവും സമാധാനവും പ്രോത്സാഹിപ്പിക്കുന്ന ദിനമാണ് ഗ്ലോബല്‍ ഫാമിലി ഡേ. 2000 ജനുവരി 1 മുതലാണ് ഈ ദിനം ആചരിച്ച് തുടങ്ങിയത്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ പ്രേരിപ്പിക്കുന്ന ദിനം കൂടിയാണിത്.

Global Family Day 2024  ഗ്ലോബല്‍ ഫാമിലി ഡേ  Family Day Significance  ന്യൂ ഇയര്‍ ആഘോഷം
Significance And History Of Global Family Day

By ETV Bharat Kerala Team

Published : Jan 1, 2024, 11:00 AM IST

പുതുവര്‍ഷ വേളയില്‍ ആളുകള്‍ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് പുതിയ സ്വപ്‌നങ്ങള്‍ നെയ്യുകയാണ്. കൂടാതെ പുതിയ നിരവധി തീരുമാനങ്ങളുമെടുക്കും. ഇന്നത്തെ ദിവസത്തിന് വേറെയും പ്രത്യേകതകളുണ്ട്. ലോക സമാധാന ദിനം കൂടിയായ ഇന്ന് തന്നെയാണ് ഗ്ലോബല്‍ ഫാമിലി ഡേയും.

പുതിയ വര്‍ഷത്തില്‍ പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ അത് സ്വന്തം കുടുംബത്തില്‍ നിന്നാരംഭിക്കുന്നതാണ് ഏറ്റവും നല്ലത്. മാത്രമല്ല സമൂഹത്തില്‍ സ്‌നേഹവും സമാധാനവും നിലനിര്‍ത്താന്‍ അതുതന്നെയാണ് ഉത്തമം. ജനങ്ങള്‍ക്കിടയില്‍ സ്‌നേഹവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഇന്ന് ഗ്ലോബല്‍ ഫാമിലി ഡേയായി ആചരിക്കുന്നത്. ലോകത്ത് ഐക്യത്തിന്‍റെയും ബന്ധങ്ങളുടെയും മൂല്യത്തെ ഓര്‍മ്മപ്പെടുത്തുന്നതിന് വേണ്ടിയാണ് ഗ്ലോബല്‍ ഫാമിലി ഡേ ആഘോഷം.

ഗ്ലോബല്‍ ഫാമിലി ഡേ ചരിത്രം :1997 നവംബര്‍ 4നാണ് ആദ്യമായി ഈ ആശയം അവതരിപ്പിക്കപ്പെട്ടത്. യുഎന്‍ പ്രസിദ്ധീകരിച്ച "വൺ ഡേ ഇൻ പീസ്" പുസ്‌തകത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത്തരമൊരു ദിനം ആചരിക്കാന്‍ തീരുമാനമെടുത്തത്. അങ്ങനെയാണ് ലോകത്തെ കുട്ടികള്‍ അടക്കമുള്ള ജനതയ്‌ക്ക് സമാധാനവും സന്തോഷവും ഉറപ്പാക്കുന്ന ലോക സമാധാന ദിനമായി ജനുവരി 1നെ യുഎന്‍ ജനറല്‍ അസംബ്ലി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് 2000 ജനുവരി 1 ആദ്യമായി ഗ്ലോബല്‍ ഫാമിലി ഡേയായി ആചരിച്ചു.

ഗ്ലോബല്‍ ഫാമിലി ഡേയുടെ പ്രത്യേകത: സാമൂഹികവും രാഷ്‌ട്രീയവുമായ ഭിന്നതകള്‍ വര്‍ധിച്ച് വരുന്ന ഈ കാലഘട്ടത്തില്‍ ഗ്ലോബല്‍ ഫാമിലി ഡേ ആഘോഷത്തിന് വളരെയധികം പ്രാധാന്യമാണുള്ളത്. ലോകമെമ്പാടും സാങ്കേതിക വിദ്യ പുരോഗതി കൈവരിച്ചിട്ടുള്ള ഇക്കാലയളവില്‍ നിരവധി പേരാണ് സമൂഹത്തില്‍ ഒറ്റപ്പെടുന്നത്. പ്രത്യേകിച്ചും വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ട് പോകുന്ന നിരവധി പേരെ നമ്മള്‍ കാണാറുണ്ട്. ഇത്തരം ഒറ്റപ്പെടലുകള്‍ ഇല്ലാതാക്കാന്‍ കൂടിയാണ് ഗ്ലോബല്‍ ഫാമിലി ഡേ ആഘോഷിക്കുന്നത്.

സമൂഹത്തിന്‍റെ വിവിധ തലങ്ങളിലുള്ള ജനങ്ങളെ ഒന്നിപ്പിക്കുന്നുവെന്നതാണ് ഗ്ലോബല്‍ ഫാമിലി ഡേയുടെ മറ്റൊരു പ്രത്യേകത. ആളുകളുടെ നിറമോ,ജാതിയോ മതമോ ഒന്നും പരിഗണിക്കാതെ എല്ലാവരെയും ഒരേപോലെ കാണാന്‍ ഈ ദിനം സന്ദേശം നല്‍കുന്നു. കൂടാതെ പ്രയാസങ്ങള്‍ തരണം ചെയ്യാന്‍ ഇത്തരമൊരു ദിനാഘോഷം സഹായകരമാവുകയും ചെയ്യും.

ആഘോഷങ്ങൾ : പ്രധാനമായും യുണൈറ്റഡ് സ്റ്റേറ്റ്സിലാണ് ഈ ദിനത്തില്‍ ആഘോഷങ്ങള്‍. എന്നാല്‍ മറ്റ് രാജ്യങ്ങളിലും ഈ ദിനത്തില്‍ വിവിധ പരിപാടികൾ നടക്കാറുണ്ട്. ഗ്ലോബൽ ഫാമിലി ഡേ ആചരിക്കാനുള്ള ഏറ്റവും നല്ല മാർഗം നിങ്ങളുടെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക എന്നതാണ്. കുടുംബാംഗങ്ങള്‍ ഒരുമിച്ച് ഭക്ഷണം ഉണ്ടാക്കിയും പരസ്‌പരം സംസാരിച്ചും കളി തമാശകള്‍ പറഞ്ഞും സ്‌നേഹം കൈമാറുകയും വേണം. മൊബൈലിലും ഇന്‍റര്‍നെറ്റിലും മുഴുകുന്ന യുവാക്കള്‍ അവയെല്ലാം മാറ്റിവച്ച് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കേണ്ടതുണ്ട്.

ABOUT THE AUTHOR

...view details