പാരിസ്: ഫ്രാൻസിന്‍റെ ചരിത്രത്തിലെ രണ്ടാമത്തെ വനിത പ്രധാനമന്ത്രി രാജിവച്ചതിന് പിന്നാലെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെ പ്രഖ്യാപിച്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ. 34 കാരനായ ഗബ്രിയേൽ അട്ടൽ ആണ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി. ഫ്രാന്‍സിന്‍റെ സ്വവർഗാനുരാഗിയായ ആദ്യ പ്രധാനമന്ത്രി കൂടിയാണ് ഗബ്രിയേല്‍.
നിലവില്‍ രാജ്യത്തിന്‍റെ വിദ്യാഭ്യാസ മന്ത്രി കൂടിയായ ഗബ്രിയേൽ സര്‍ക്കാര്‍ വക്‌താവായും, ആരോഗ്യ മന്ത്രാലയത്തിന്‍റെ ഉപദേഷ്‌ഠാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തന്‍റെ 29-ാം വയസില്‍ മന്ത്രിസഭയിലെത്തുമ്പോള്‍ അഞ്ചാം റിപബ്ലിക്കിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു അദ്ദേഹം.
മുൻപ് സോഷ്യലിസ്‌റ്റ് പാർട്ടിയുടെ അംഗമായിരുന്ന ഗബ്രിയേൽ 2016 ലാണ് ഇമ്മാനുവൽ മാക്രോൺ പുതുതായി രൂപം കൊടുത്ത റിനൈസൻസ് പാർട്ടിയിൽ ചേർന്നത്. 2020 മുതൽ 2022 വരെ സർക്കാർ വക്താവായി സേവനമനുഷ്‌ഠിച്ചു. തുടർന്ന് ബജറ്റ് മന്ത്രിയായും, പിന്നീട് വിദ്യാഭ്യാസ മന്ത്രിയായും നിയമിക്കപ്പെട്ടു. മുൻ പ്രധാനമന്ത്രിയായ എലിസമെബത്ത് ബോണിന്‍റെ മന്ത്രിസഭയിലെ ഏറ്റവും ജനപ്രീതിയുള്ള മന്ത്രിയായിരുന്നു ഗബ്രിയേൽ അട്ടൽ.
Also Read:കുടിയേറ്റ വിവാദം : രാജിവച്ച് ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍
ഫ്രാന്‍സിലെ സ്‌കൂളുകളില്‍ അബായ (പര്‍ദ) വസ്ത്രങ്ങള്‍ നിരോധിക്കുമെന്ന പ്രഖ്യാപനം നടത്തിയതിലൂടെയും ഗബ്രിയേൽ ശ്രദ്ധേയനായി. മുസ്‌ലീങ്ങൾ സാധാരണയായി ധരിക്കുന്ന വസ്ത്രങ്ങൾ സ്‌കൂളുകളിലെ മതേതരത്വത്തെ ചോദ്യം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്‌കൂളുകളിൽ നേരിടുന്ന പീഡനങ്ങൾ കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ചില പൊതുവിദ്യാലയങ്ങളിൽ യൂണിഫോം നടപ്പാക്കാനുള്ള പദ്ധതിയും അദ്ദേഹം ആരംഭിച്ചു.
കുടിയേറ്റ വിവാദം രൂക്ഷമായതോടെയാണ് നേരത്തെ പ്രധാനമന്ത്രിയായിരുന്ന എലിസബത്ത് ബോണ്‍ രാജിവച്ചത്. രാജ്യത്തുനിന്ന് ഒരു വിഭാഗം കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ മാസം പുതിയ കുടിയേറ്റ നിയമം പാസാക്കിയിരുന്നു. പ്രസിഡന്‍റിന്‍റെ കൂടി താല്‍പര്യപ്രകാരമാണ് പുതിയ നിയമം കൊണ്ടുവന്നത്.
നിയമം കൊണ്ടുവന്നതിന് പിന്നാലെ പാര്‍ലമെന്‍റ് കടുത്ത പ്രക്ഷുബ്‌ധാവസ്ഥയിലേക്ക് നീങ്ങി. അവകാശങ്ങള്‍ക്ക് മേലുള്ള സര്‍ക്കാരിന്‍റെ കടന്നുകയറ്റമാണ് ഇതെന്ന് പ്രതിപക്ഷം ആരോപിച്ചു. പാര്‍ലമെന്‍റില്‍ മറ്റ് ബില്ലുകള്‍ പാസാക്കുന്നതും പ്രതിപക്ഷം തടസപ്പെടുത്തി. സ്ഥിതിഗതികൾ മോശമായപ്പോളാണ് ബോണ്‍ രാജി സമർപ്പിച്ചത്. പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് രാജി എന്നും വിവരമുണ്ട്.
Also Read:ഫ്രാൻസിന്‍റെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്
ഫ്രഞ്ച് നിയമപ്രകാരം പ്രസിഡന്‍റാണ് പ്രധാനമന്ത്രിയെ നിയമിക്കുക. പ്രധാനമന്ത്രി പാര്‍ലമെന്‍റിനോടാണ് ഉത്തരവാദിത്തം പുലര്‍ത്തേണ്ടത്. രാജ്യത്തെ ആഭ്യന്തര നയങ്ങള്‍ നടപ്പാക്കുകയും മന്ത്രിസഭയെ നയിക്കുകയും ചെയ്യേണ്ട വ്യക്തിയും പ്രധാനമന്ത്രിയാണ്. വിദേശനയം, യൂറോപ്യന്‍ കാര്യം, പ്രതിരോധം എന്നിവയുടെ ചുമതലയാണ് പ്രസിഡന്‍റിനുള്ളത്. സൈന്യത്തലവനും പ്രസിഡന്‍റ് തന്നെയാണ്.