വാഷിങ്‌ടണ്‍ : ഹമാസ് ഇസ്രയേല്‍ പോരാട്ടം കനക്കുന്നതിനിടെ വിദ്വേഷാക്രമണത്തില്‍ യുഎസില്‍ വീട്ടുടമയുടെ കുത്തേറ്റ് കൊല്ലപ്പെട്ട പലസ്‌തീന്‍ വംശജനായ ആറ് വയസുകാരന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നാട്. ഇരു രാജ്യങ്ങളും തമ്മിലുള്ള പോരാട്ടം മറ്റിടങ്ങളിലും വ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന ആശങ്ക ഉയരുന്നതിനിടെയാണ് യുഎസില്‍ ഈ ദാരുണ സംഭവമുണ്ടാകുന്നത്. പലസ്‌തീന്‍ വംശജനായ ആറുവയസുകാരന്‍ വാദിഅ അല്‍ ഫായൂമാണ് കൊല്ലപ്പെട്ടത് (Funeral Of 6 Year Old Boy Stabbed To Death In US).
കുട്ടിയുടെ അമ്മ ഹനാന്‍ ഷാഹിനും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്‌ചയാണ് (ഒക്‌ടോബര്‍ 14) യുഎസ് ഇല്ലിനോയിയിലെ പ്ലെയ്‌ന്‍ഫീല്‍ഡില്‍ വാദിഅ കുത്തേറ്റ് കൊല്ലപ്പെട്ടത്. 12 വര്‍ഷം മുമ്പാണ് ഹനാന്‍റെ കുടുംബം വെസ്‌റ്റ്‌ബാങ്കില്‍ നിന്നും യുഎസിലെത്തിയത് (Israel Hamas Conflict ).
കുടുംബം താമസിച്ചിരുന്ന വീടിന്‍റെ ഉടമസ്ഥന്‍ ജോസഫ് ചൂബ (71) എന്നയാളാണ് പ്രതി. ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ഇയാള്‍ ഏറെ അസ്വസ്ഥനായിരുന്നുവെന്നും സമാധാനത്തിനായി പ്രാര്‍ഥിക്കണമെന്ന് ഹനാന്‍ ഷാഹിന്‍ പറഞ്ഞതിലെ പ്രകോപനമാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു. വീടിന്‍റെ ഒന്നാം നിലയില്‍ വാദിഅയും കുടുംബവും രണ്ടാം നിലയില്‍ വീട്ടുടമസ്ഥനായ ചൂബയും ഭാര്യയുമാണ് താമസിക്കുന്നത് (Boy Stabbed To Death In US).
ഇസ്രയേല്‍ ഹമാസ് ആക്രമണത്തെ കുറിച്ച് ഹനാന്‍ നല്‍കിയ മറുപടിയില്‍ അതൃപ്‌തി പ്രകടിപ്പിച്ചതിന് പിന്നാലെ ഇയാള്‍ കത്തിയെടുത്ത് കുത്തി പരിക്കേല്‍പ്പിച്ചു. ഇതോടെ വീടിനുള്ളിലേക്ക് ഓടിക്കയറി യുവതി ശുചിമുറിയില്‍ പ്രവേശിച്ച് വാതിലടച്ചു. ഇതിന് പിന്നാലെയാണ് ഇയാള്‍ ആറുവയസുകാരനെ കുത്തി കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തിയതിന് ശേഷമാണ് ഹനാന്‍ വാതില്‍ തുറന്ന് പുറത്തിറങ്ങിയത്. അപ്പോഴേക്കും കുത്തേറ്റ് മകന്‍ മരിച്ചിരുന്നു (Israel-Hamas Conflict Triggered Hate Crime In US).