പാരിസ് : ഖത്തര്‍ ലോകകപ്പിന്‍റെ ഫൈനലില്‍ അര്‍ജന്‍റീന കിരീടം സ്വന്തമാക്കിയത് ആഘോഷിക്കാന്‍ പാരിസിലെ ചാമ്പ്‌സ് എലിസിസില്‍ തടിച്ചുകൂടിയവര്‍ സംഘര്‍ഷമുണ്ടാക്കിയതോടെ അവരെ ഫ്രഞ്ച് പൊലീസ് തുരത്തിയത് ടിയര്‍ ഗ്യാസ് പ്രയോഗിച്ച്. വിജയാഘോഷത്തിനിടെ പൊലീസിന് നേരെ പടക്കം എറിഞ്ഞപ്പോഴാണ് സേനയ്‌ക്ക് ടിയര്‍ ഗ്യാസ് പ്രയോഗിക്കേണ്ടി വന്നത്. ആഘോഷം അക്രമത്തിലേയ്‌ക്ക് നീങ്ങിയതിനെ തുടര്‍ന്ന് ആരാധകരില്‍ ചിലരെ കസ്‌റ്റഡിയിലെടുക്കാന്‍ ആരംഭിച്ചപ്പോള്‍ പൊലീസിന് നേരെ കയ്യാങ്കളിയുണ്ടായി.
ലോകകപ്പ് വിജയാഘോഷം കലാശിച്ചത് ഏറ്റുമുട്ടലില്‍ ; പാരിസില്‍ പൊലീസ് ആരാധകരെ തുരത്തിയത് ടിയര്‍ ഗ്യാസ് പ്രയോഗിച്ച് - ഇന്നത്തെ പ്രധാന വാര്‍ത്ത
പാരിസിലെ ചാമ്പ്‌സ് എലിസിസില്‍ അര്‍ജന്‍റീനയുടെ വിജയം ആഘോഷിക്കാനെത്തിയവര്‍ പൊലീസുമായി ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ടിയര്‍ ഗ്യാസ് പ്രയോഗം
ലോകകപ്പ് ഫൈനല്‍ ആരംഭിച്ചപ്പോള്‍ തന്നെ ചാമ്പ്‌സ് എലിസിസില്‍ വന്‍ ജനാവലിയായിരുന്നു. ആർക്ക് ഡി ട്രയോംഫിന് സമീപവും ചാമ്പ്‌സ് എലിസിസിലും ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തിരുന്നു. ആയിരക്കണക്കിന് പൊലീസ് ഉദ്യോഗസ്ഥരാണ് ഫ്രാന്‍സിന്‍റെ തലസ്ഥാനത്ത് പട്രോളിങ്ങിനായി എത്തിയത്.
കിരീടം ചൂടിയ അര്‍ജന്‍റീനയ്‌ക്ക് ആശംസകളറിയിച്ചും ഫ്രാന്‍സിനെ ആശ്വസിപ്പിച്ചും പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. 36 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍, പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2ന് തകര്‍ത്താണ് അര്‍ജന്‍റീന ലോകകപ്പ് സ്വന്തമാക്കിയത്. നിശ്ചിതസമയത്തും അധികസമയത്തും ഇരു ടീമുകളും3-3ന് സമനില നേടിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേയ്‌ക്ക് നീങ്ങിയത്.