കേരളം

kerala

By ETV Bharat Kerala Team

Published : Jan 9, 2024, 11:21 AM IST

ETV Bharat / international

കുടിയേറ്റ വിവാദം : രാജിവച്ച് ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍

French PM Resigns : പുത്തന്‍ കുടിയേറ്റ നിയമ വിവാദങ്ങളാണ് പ്രധാനമന്ത്രിയുടെ കസേര തെറിപ്പിച്ചത്. രാജി സ്വീകരിച്ചതായി പ്രസിഡന്‍റ് എക്‌സില്‍ കുറിച്ചു.

French PM resigns  Elizabeth Borne  New migration Policy  ഫ്രഞ്ച് പ്രധാനമന്ത്രി  എലിസബത്ത് ബോണ്‍
French Prime minister Elozabeth Borne resigns

പാരിസ് :ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ രാജിവച്ചു. കുടിയേറ്റ വിവാദം രൂക്ഷമായതോടെയാണ് അവര്‍ പ്രധാനമന്ത്രി പദവിയൊഴിഞ്ഞത്. ഇതോടെ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ഫ്രാന്‍സില്‍ കളമൊരുങ്ങിയിരിക്കുകയാണ് (French PM resigns).

പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ രാജി സ്വീകരിച്ചു. മാക്രോണ്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് രാജി എന്നും വിവരമുണ്ട്. പുതിയ പ്രധാനമന്ത്രിയെ നിയമിക്കാന്‍ പ്രസിഡന്‍റ് താത്പര്യപ്പെടുന്നതിന്‍റെ അടിസ്ഥാനത്തിലാണ് രാജി എന്നാണ് റിപ്പോര്‍ട്ട് (Elisabeth Borne resigns).

രാജ്യത്തുനിന്ന് ഒരു വിഭാഗം കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ മാസം പുതിയ കുടിയേറ്റ നിയമം പാസാക്കിയിരുന്നു. പ്രസിഡന്‍റിന്‍റെ കൂടി താത്പര്യപ്രകാരമാണ് പുതിയ നിയമം കൊണ്ടുവന്നത്. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ രാജി(New migration Policy).

നിയമം കൊണ്ടുവന്നതിന് പിന്നാലെ പാര്‍ലമെന്‍റ് കടുത്ത പ്രക്ഷുബ്‌ധാവസ്ഥയിലേക്ക് നീങ്ങി. അവകാശങ്ങള്‍ക്ക് മേലുള്ള സര്‍ക്കാരിന്‍റെ കടന്നുകയറ്റമാണ് ഇതെന്ന് പ്രതിപക്ഷം ആരോപിച്ചു. പാര്‍ലമെന്‍റില്‍ മറ്റ് ബില്ലുകള്‍ പാസാക്കുന്നതും പ്രതിപക്ഷം തടസപ്പെടുത്തി.

യൂറോപ്യന്‍ താത്പര്യങ്ങളെ ശക്തമായി പിന്തുണയ്ക്കുന്ന മാക്രോണ്‍ യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ക്ക് വേണ്ടിയാണ് ഇത്തരമൊരു നീക്കം നടത്തുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. മാക്രോണ്‍ രണ്ടാം തവണയും പ്രസിഡന്‍റ് പദത്തിലെത്തിയതിന് പിന്നാലെ 2022 മെയിലായിരുന്നു 62കാരിയായ ബോണ്‍ പ്രധാനമന്ത്രിയായത്.

രാജ്യത്തെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ഇവര്‍. തൊട്ടടുത്ത മാസം മാക്രോണിന്‍റെ കക്ഷിയായ സെന്‍ട്രിസ്റ്റുകള്‍ക്ക് പാര്‍ലമെന്‍റില്‍ ഭൂരിപക്ഷം നഷ്ടമായി. ഇത് സര്‍ക്കാരിനെ രാഷ്ട്രീയ ഗൂഢാലോചനകള്‍ക്ക് നിര്‍ബന്ധിതമാക്കി. പ്രത്യേക ഭരണഘടനാ അധികാരങ്ങള്‍ ഉപയോഗിച്ച് ഇവര്‍ നിയമങ്ങള്‍ പലതും പാസാക്കി.

കഴിഞ്ഞ വര്‍ഷം ആവിഷ്‌കരിച്ച പെന്‍ഷന്‍ പദ്ധതിയിലെ മാറ്റങ്ങള്‍ ബോണിനെതിരെ കനത്ത പ്രക്ഷോഭങ്ങള്‍ക്ക് കാരണമായി. പെന്‍ഷന്‍ പ്രായം 62ല്‍ നിന്ന് 64ലേക്ക്‌ ഉയര്‍ത്തുന്നതായിരുന്നു പുതിയ പരിഷ്‌കാരം. ഏപ്രിലിലാണ് പുതിയ നിയമം കൊണ്ടുവന്നത്. ഇത് രാജ്യമെമ്പാടും ബഹുജനരോഷം വിളിച്ചുവരുത്തി. രാജ്യവ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയും ഇതിനിടെ ഒരു കുട്ടി വെടിയേറ്റ് മരിക്കുകയും ചെയ്തിരുന്നു.

ബോണിന്‍റെ സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞ് മാക്രോണ്‍ എക്സില്‍ കുറിപ്പ് ഇട്ടിട്ടുണ്ട്. ഓരോ ദിവസവും അസാധാരണമായ പ്രകടനമാണ് ഇവര്‍ കാഴ്ചവച്ചിരുന്നതെന്നാണ് മാക്രോണ്‍ പറയുന്നത്. രാജി സ്വീകരിച്ചെന്നും അദ്ദേഹം ഈ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ പ്രധാനമന്ത്രി അധികാരമേല്‍ക്കും വരെ ബോണ്‍ പദവിയില്‍ തുടരും.

മുപ്പത്തിനാലുകാരനായ വിദ്യാഭ്യാസ മന്ത്രി ഗബ്രിയേല്‍ അത്തല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹത്തെ നിയമിക്കുകയാണെങ്കില്‍ രാജ്യത്തിന്‍റെ ആധുനിക ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകും. പ്രതിരോധമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണു, മുന്‍ കാര്‍ഷിക മന്ത്രിയും മാക്രോണിന്‍റെ വിശ്വസ്തനുമായ ജൂലിയന്‍ ഡെനോര്‍മാന്‍ഡി തുടങ്ങിയവരുടെ പേരുകളും പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.

Also Read: ഫ്രാൻസില്‍ ഇടതുതരംഗം: ഇമ്മാനുവല്‍ മാക്രോണിന് പാര്‍ലമെന്‍റില്‍ ഭൂരിപക്ഷം നഷ്ടമായി

ഫ്രഞ്ച് നിയമപ്രകാരം പ്രസിഡന്‍റാണ് പ്രധാനമന്ത്രിയെ നിയമിക്കുക. പ്രധാനമന്ത്രി പാര്‍ലമെന്‍റിനോടാണ് ഉത്തരവാദിത്തം പുലര്‍ത്തേണ്ടത്. രാജ്യത്തെ ആഭ്യന്തര നയങ്ങള്‍ നടപ്പാക്കുകയും മന്ത്രിസഭയെ നയിക്കുകയും ചെയ്യേണ്ട വ്യക്തിയും പ്രധാനമന്ത്രിയാണ്. വിദേശനയം, യൂറോപ്യന്‍ കാര്യം, പ്രതിരോധം എന്നിവയുടെ ചുമതലയാണ് പ്രസിഡന്‍റിനുള്ളത്. സൈന്യത്തലവനും പ്രസിഡന്‍റ് തന്നെയാണ്.

ABOUT THE AUTHOR

...view details