പാരിസ്: ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിന് തിരിച്ചടി. അദ്ദേഹത്തിന്‍റെ മധ്യ - വലതുപക്ഷ കക്ഷിയായ ഓണ്‍സാമ്പിള്‍ (Ensemble) സഖ്യത്തിന് ഫ്രഞ്ച് പാര്‍ലമെന്‍റില്‍ ഭൂരിപക്ഷം നഷ്‌ടപ്പെട്ടു. 577 അംഗ ദേശീയ അംസംബ്ലിയിലേക്ക് നടന്ന അവസാനഘട്ട തെരഞ്ഞെടുപ്പില്‍ 245 സീറ്റുകള്‍ നേടി സഖ്യം ഒന്നാമതെത്തിയെങ്കിലും കേവല ഭൂരിപക്ഷം നഷ്‌ടമായി. കേവല ഭൂരിപക്ഷത്തിന് 285 സീറ്റുകളാണ് ആവശ്യം.
ഇടതുപക്ഷ പാര്‍ട്ടികളും തീവ്ര വലതുപക്ഷ പാര്‍ട്ടിയായ മരിയ ലെപെന്‍ നേതൃത്വം നല്‍കുന്ന നാഷണല്‍ റാലി പാര്‍ട്ടിയും അപ്രതീക്ഷത നേട്ടമാണ് ഉണ്ടാക്കിയത്. സോഷ്യലിസ്റ്റ് പാര്‍ട്ടികളും ഗ്രീന്‍ പാര്‍ട്ടികളും ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഉള്‍പ്പെട്ട നൂപ്‌സ് (NUPES) സംഖ്യം 131 സീറ്റുകള്‍ നേടി രണ്ടാം സ്ഥാനത്ത് എത്തി. കഴിഞ്ഞ് ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ തിരച്ചടി നേരിട്ട ഫ്രഞ്ച് ഇടതുപക്ഷത്തെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് ഫലം വലിയ ഉണര്‍വാണ് നല്‍കിയത്. മറ്റ് ഇടതുപാര്‍ട്ടികള്‍ 22 സീറ്റും നേടി.
തീവ്ര വലുതപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലി പാര്‍ട്ടി എട്ട് സീറ്റില്‍ നിന്നാണ് 89 സീറ്റിലേക്ക് ഉയര്‍ന്നത്. ഫ്രഞ്ച് രാഷ്ട്രീയത്തില്‍ വലിയ ചലനമായിരിക്കും ഇത് ഉണ്ടാക്കുക. പാര്‍ലമെന്‍റില്‍ ഇമ്മാനുവല്‍ മാക്രോണിന്‍റെ സംഖ്യത്തിന് ഭൂരിപക്ഷം നഷ്‌ടമായത് ഫ്രാന്‍സില്‍ ഭരണപ്രതിസന്ധിക്കാണ് വഴി വയ്ക്കുന്നത്.
ആധുനിക ഫ്രാന്‍സില്‍ ഇത്തരമൊരു രാഷട്രീയ സാഹചര്യം ഉണ്ടായിട്ടില്ലെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ പറഞ്ഞു. രാജ്യം ആഭ്യന്തരമായും ദേശീയമായും പ്രതിസന്ധികള്‍ നേരിടുന്ന സമയത്ത് ഇത്തരമൊരു രാഷ്‌ട്രീയ സാഹചര്യം രാജ്യത്തിന് ഭീഷണിയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. സര്‍ക്കാരിന് പാര്‍ലമെന്‍റില്‍ ഭൂരിപക്ഷം ഉറപ്പിക്കുന്നതിനുള്ള രാഷ്‌ട്രീയ ചര്‍ച്ച ഉടന്‍ തുടങ്ങുമെന്നും അവര്‍ പറഞ്ഞു.
വലതുപക്ഷ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 64 സീറ്റ് ലഭിച്ചിട്ടുണ്ട്. ഭരണപ്രതിസന്ധിയില്ലാതെ മുന്നോട്ടു പോകാന്‍ ഇവരുമായി സംഖ്യമുണ്ടാക്കാനായിരിക്കും ഇമ്മാനുവല്‍ മാക്രോണ്‍ ശ്രമിക്കുക. നികുതി കുറയ്‌ക്കുക പെന്‍ഷന്‍ പ്രായം 62ല്‍ നിന്ന് 65 ആക്കുക തുടങ്ങിയ പല സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ സ്വീകരിക്കുന്നതിനും ഇമ്മാനുല്‍ മാക്രോണിന് ഈ തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി സൃഷ്‌ടിച്ചിരിക്കുകയാണ്. പാര്‍ലമെന്‍റില്‍ പല പാര്‍ട്ടികളുമായും ഒത്തുതീര്‍പ്പുകള്‍ ഉണ്ടാക്കിമാത്രമെ ഇമ്മാനുവല്‍ മാക്രോണിന് ഇനി നിര്‍ണായക തീരുമാനങ്ങള്‍ കൈകൊള്ളാന്‍ സാധിക്കുകയുള്ളൂ.