ന്യൂയോര്‍ക്ക് : രണ്ട് വർഷത്തെ വിലക്കിന് ശേഷം ഫേസ്ബുക്കില്‍ തിരിച്ചെത്തി മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. 'ഞാന്‍ തിരിച്ചെത്തി' എന്ന് കുറിച്ച് തന്‍റെ മടങ്ങിവരവ് ട്രംപ് സാമൂഹ്യ മാധ്യമ ഭീമനായ മെറ്റയുടെ ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമിലൂടെ പ്രഖ്യാപിക്കുകയും ചെയ്‌തു. സോഷ്യല്‍ മീഡിയയിലേക്കുള്ള മടങ്ങിവരവ്, മൂന്നാം തവണയും യുഎസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്ന ട്രംപിന് നിര്‍ണായകമാണ്.
കഴിഞ്ഞ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചപ്പോള്‍ ഡെമോക്രാറ്റുകളിലേക്കുള്ള അധികാരക്കൈമാറ്റം തടയാന്‍ 2021 ജനുവരി 6ന് യുഎസ് ക്യാപിറ്റോൾ ഹില്ലിലേക്ക് ട്രംപ് അനുകൂലികള്‍ ഇരച്ചുകയറി കലാപം അഴിച്ചുവിട്ടിരുന്നു. ഇതേ തുടര്‍ന്ന്, ട്രംപ് തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ കലാപ ആഹ്വാനങ്ങള്‍ നടത്തിയതായി വിലയിരുത്തി വിവിധ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ അദ്ദേഹത്തിന്‍റെ അക്കൗണ്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു. ശേഷം 2023 ഫെബ്രുവരി ഒമ്പതിനാണ് ട്രംപിന്‍റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പുനഃസ്ഥാപിക്കപ്പെട്ടത്. തുടര്‍ന്ന് ഇന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ ഒരു പോസ്റ്റിടുന്നത്.
'അതിക്രമ, അപകട സാധ്യതകള്‍ ഞങ്ങൾ ശ്രദ്ധാപൂർവം വിലയിരുത്തി, തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാന സ്ഥാനാർഥികള്‍ക്ക് വോട്ടർമാരോട് നിലപാടുകള്‍ വ്യക്തമാക്കാനുള്ള അവസരം സന്തുലിതമാക്കുന്നു' - ട്രംപിന്‍റെ അക്കൗണ്ട് പുനസ്ഥാപിച്ചതിനെക്കുറിച്ച് ഇത്തരത്തിലായിരുന്നു മെറ്റ വ്യക്തമാക്കിയത്. മുൻ ക്യാംപയിനുകളില്‍ കൂടുതല്‍ പേരിലേക്ക് പ്രചാരണം എത്തിക്കുന്നതിനും ഫണ്ട് ശേഖരിക്കുന്നതിനും പ്രധാന മാധ്യമമായി ഫേസ്ബുക്കിനെ ഡൊണാള്‍ഡ് ട്രംപ് ഉപയോഗിച്ചിരുന്നു.