വാഷിങ്‌ടൺ : സർക്കാർ രഹസ്യ രേഖകൾ തെറ്റായി കൈകാര്യം ചെയ്‌തെന്ന ആരോപണവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ മിയാമിയിലെ ഫെഡറൽ കോടതി ജാമ്യത്തിൽ വിട്ടു. ചൊവ്വാഴ്‌ചയാണ് കുറ്റാരോപിതനായ ട്രംപിനെ അറസ്‌റ്റ് ചെയ്‌ത് കോടതി വിചാരണ ചെയ്‌തത്. എന്നാൽ ട്രംപ് കുറ്റം നിഷേധിച്ച സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലാകുന്ന ആദ്യ മുൻ പ്രസിഡന്‍റ് കൂടിയാണ് ഡോണാൾഡ് ട്രംപ്. ദേശീയ പ്രതിരോധ വിവരങ്ങൾ നിയമവിരുദ്ധമായി കൈവശം വയ്‌ക്കൽ, അന്വേഷണം തടസപ്പെടുത്തൽ, തെളിവ് നശിപ്പിക്കൽ തുടങ്ങി 37 കുറ്റകൃത്യങ്ങളാണ് ട്രംപിന്‍റെ പേരിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്.
രഹസ്യ രേഖകൾ ട്രംപിന്‍റെ വസതിയിൽ :വൈറ്റ് ഹൗസിലെ നിരവധി രഹസ്യ സ്വഭാവമുള്ള രേഖകൾ ട്രംപ് തന്‍റെ ഫ്ലോറിഡയിലെ വസതിയിലേയ്‌ക്ക് കൊണ്ടുപോകുകയും തെറ്റായി കൈകാര്യം ചെയ്‌തെന്നുമാണ് പ്രോസിക്യൂഷൻ ആരോപണം. കഴിഞ്ഞ ഓഗസ്റ്റിൽ ട്രംപിന്‍റെ വസതിയിൽ നിന്ന് രേഖകൾ കണ്ടെത്തുകയും ചെയ്‌തിരുന്നു. അറസ്‌റ്റിന് ശേഷം ചൊവ്വാഴ്‌ച വാദം കേൾക്കുന്നതിനിടെ കേസിനെക്കുറിച്ച് ട്രംപിന് സഹായി വാൾട്ട് നൗട്ടയുമായി ആശയവിനിമയം നടത്താൻ കഴിയില്ലെന്ന് മജിസ്‌ട്രേറ്റ് ജഡ്‌ജി ജൊനാഥൻ ഗുഡ്‌മാൻ വിധിച്ചിരുന്നു.
ഫെഡറൽ അന്വേഷണം തടസപ്പെടുത്തിയെന്ന കേസിൽ വാൾട്ട് നൗട്ടയെയും യുഎസ് നീതിന്യായ വകുപ്പ് അറസ്‌റ്റ് ചെയ്യുകയും വിരലടയാളം രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു. എന്നാൽ ട്രംപിന് അഭിഭാഷകൻ മുഖേനയല്ലാതെ കേസുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്താൻ കഴിയാത്ത സാക്ഷികളുടെ പട്ടിക തയ്യാറാക്കാൻ ജഡ്‌ജി പ്രോസിക്യൂട്ടർമാരോട് ആവശ്യപ്പെടുകയായിരുന്നു. വിചാരണയ്‌ക്ക് മുൻപ് ഡെപ്യൂട്ടി മാർഷലുകൾ ട്രംപിന്‍റെ വിരലടയാളം രേഖപ്പെടുത്തിയിരുന്നു.