നാഷ്‌വില്ലെ (യുഎസ്): അമേരിക്കയിലെ നാഷ്‌വില്ലെയിലെ ക്രിസ്‌ത്യൻ എലിമെന്‍ററി സ്‌കൂളിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ ആറ് പേരെ തിങ്കളാഴ്‌ച മുൻ വിദ്യാർത്ഥി വെടിവച്ച് കൊന്നത് ലോകമെമ്പാടും ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ദിവസവും ചെറുതും വലുതുമായി വെടിവെപ്പ് കൊലപാതകങ്ങൾ കാണുന്ന അമേരിക്കകാർക്ക് ഇത് നൂറിലൊരു സംഭവം മാത്രമാണ്. കൂട്ട വെടിവയ്‌പ്പ് കൊലപാതകങ്ങൾ അമേരിക്കയിൽ തുടർക്കഥയാവുകയാണ്.
കൂട്ട വെടിവയ്‌പ്പ് കൊലപാതകങ്ങൾ അമേരിക്കയിൽ പുതിയ വാർത്തയല്ല. കഴിഞ്ഞ ദശകത്തിലെ മാത്രം അമേരിക്കയിലെ വെടിവയ്‌പ്പ് പരമ്പരകൾ പരിശോധിച്ചാൽ ലോക പൊലീസായ അമേരിക്കയിലെ സാധാരണ പൗരന്മാർക്ക് എന്ത് സുരക്ഷിതത്വമാണ് ഉള്ളത് എന്നത് ചർച്ച ചെയ്യേപ്പെടേണ്ടതുണ്ട്.
2023ൽ മാത്രം 100 ലധികം കൂട്ട വെടിവയ്പ്പുകൾ: 2023ൽ ഇതുവരെ യുഎസിൽ 100ലധികം കൂട്ട വെടിവയ്പ്പുകൾ നടന്നിട്ടുണ്ട്. വാഷിംഗ്‌ടണിലെയും രാജ്യത്തുടനീളമുള്ള സംസ്ഥാന നിയമസഭകളിലെയും ഭരണ നിഷ്ക്രിയത്വത്തിന്‍റെ അടയാളപ്പെടുത്തലാണ് ഈ കണക്കുകൾ. ഗൺ വയലൻസ് ആർക്കൈവിൽ നിന്നുള്ള ഡാറ്റ പ്രകാരം മാർച്ച് ആദ്യ വാരത്തിനുള്ളിൽ ഈ വർഷത്തെ ഷൂട്ടിംഗ് കൊലപാതകങ്ങൾ 100ന് മുകളിൽ എത്തി റെക്കോഡ് ഇട്ടിരിക്കുകയാണ്. 2012 മുതൽ 2022 വരെയുള്ള 10 വർഷ കാലയളവിൽ അമേരിക്കയിൽ 900 സ്‌കൂൾ ഷൂട്ടിങ് ആണ് നടന്നത്. ഓരോ വർഷവും 45,000 ഓളം പേരാണ് അമേരിക്കയിൽ വെടിവെയ്പ്പിൽ കൊല്ലപ്പെടുന്നത് എന്നത് ഞെട്ടിക്കുന്ന യാഥാർത്ഥ്യമാണ്.
പൗരന്മാരുടെ ഭരണഘടനാവകാശം:ലോകത്ത് തോക്ക് കൈവശംവെക്കുന്നത് പൗരന്മാർക്ക് ഭരണഘടനാപരമായ അവകാശമായി നിശ്ചയിച്ച രാജ്യമാണ് അമേരിക്ക. മെക്‌സികോയും ഗ്വാട്ടമാലയുമാണ് ഈ അവകാശമുള്ള മറ്റു രാജ്യങ്ങൾ. 2017ലെ റിപ്പോര്‍ട്ട് അനുസരിച്ച് യുഎസില്‍ പ്രായപൂര്‍ത്തിയായവരില്‍ പത്തില്‍ മൂന്ന് പേര്‍ക്കും തോക്കുണ്ട് എന്നാണ് കണക്കുകൾ. ഉയർന്ന വരുമാനമുള്ള മറ്റൊരു വികസിത രാജ്യങ്ങളിലും ഇത്രയധികം ആളുകള്‍ വെടിയേറ്റ് കൊല്ലപ്പെടുന്നില്ല എന്നാണ് വോക്‌സ് മാഗസിൻ റിപ്പോര്‍ട്ട്.
'ഞങ്ങളോ ഞങ്ങളുടെ കുടുംബങ്ങളോ കൂട്ട വെടിവയ്പ്പിന്‍റെ അടുത്ത ഇരകളാകുമോ എന്ന ഭയത്താൽ ജീവിക്കുകയാണ് അമേരിക്കക്കാർ. ഓടാനും ഒളിക്കാനും പറയുന്നത് കേട്ട് ഞങ്ങളുടെ കുട്ടികൾ മടുത്തു,' യുഎസിൽ തോക്ക് ആക്രമണങ്ങൾ ലഘൂകരിക്കാൻ ശ്രമിക്കുന്ന സംഘടനയായ 'യുണൈറ്റഡ് എഗെയിൻസ്റ്റ് ഗൺ' പ്രസിഡന്‍റ് ക്രിസ് ബ്രൗൺ പറയുന്നു.
സർവെ കണക്കുകൾ പ്രകാരം അക്രമകാരിയായ കുറ്റവാളികളായ തോക്ക് ധാരികളുടെ കയ്യിൽ നിന്ന് രക്ഷപെടാൻ സ്വന്തമായി തോക്ക് വേണം എന്ന് വിചാരിക്കുന്നവരാണ് അമേരിക്കക്കാർ. അമേരിക്കൻ സംസ്‌കാരത്തിന്‍റെ ഭാഗം കൂടിയാണ് തോക്ക് കൈവശം വെയ്‌ക്കുന്ന രീതി. തോക്ക് വ്യാപാര വിപണി അനുദിനം വർധിച്ചു വരുന്ന നാട് കൂടിയാണ് അമേരിക്ക. അനധികൃതമായി തോക്ക് കൈവശം സൂക്ഷിക്കുന്നവരും നിരവധിയാണ്.
നാഷ്‌വില്ലെയിലെ ക്രിസ്‌ത്യൻ എലിമെന്‍ററി സ്‌കൂളിൽ നടന്നത് ഏറ്റവുമൊടുക്കത്തെ സംഭവം മാത്രമാണ്. മിഷിഗൺ സ്റ്റേറ്റ് ഗവർണർ വിറ്റ്മർ പറഞ്ഞതുപോലെ, 'ഇത് ഒരു അമേരിക്കൻ പ്രശ്‌നമാണെന്ന് ഞങ്ങൾക്കറിയാം. 33 ദശലക്ഷം ആളുകൾക്ക് 27 ദശലക്ഷം തോക്കുകളുള്ള ഒരു രാജ്യത്ത്, ഈ പ്രശ്‌നത്തിന് ഉടനടി പരിഹാരമുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. ഓരോ കൂട്ട വെടിവയ്പ്പിനു ശേഷവും ഇരുകൂട്ടർക്കും പരസ്‌പരം കുറ്റപ്പെടുത്താം. തുടർന്ന് കർശനമായ തോക്ക് നിയമങ്ങൾ, ലൈസൻസിംഗ്, സാർവത്രിക പശ്ചാത്തല പരിശോധനകൾ, സുരക്ഷിത സംഭരണ നിയമങ്ങൾ, അങ്ങേയറ്റത്തെ സംരക്ഷണ ഉത്തരവുകൾ എന്നിങ്ങനെയുള്ള ചില വാക്കുകൾ പരാമർശിക്കാം. പിന്നെ അടുത്ത കൂട്ട വെടിവയ്പ്പിന്‍റെ വാർത്ത വരുന്നതുവരെ എല്ലാം പതിവുപോലെ തന്നെ തുടരും.
നാഷ്‌വില്ലെയിലെ ക്രിസ്‌ത്യൻ എലിമെന്‍ററി സ്‌കൂളിൽ കൂട്ട വെടിവയ്പ്പ്:അമേരിക്കയിലെ നാഷ്‌വില്ലെയിലെ ക്രിസ്‌ത്യൻ എലിമെന്‍ററി സ്‌കൂളിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ ആറ് പേരെ തിങ്കളാഴ്‌ച മുൻ വിദ്യാർത്ഥി വെടിവച്ച് കൊലപ്പെടുത്തി. കൊലക്ക് പിന്നിൽ വ്യക്തമായ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് പൊലീസിന്‍റെ അനുമാനം. അമേരിക്കയിൽ വർധിച്ചു വരുന്ന കൂട്ട വെടിവയ്പ്പുകളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണ് നാഷ്‌വില്ലെയിലെ ദി കവനന്‍റ് സ്‌കൂളിലെ കൂട്ടക്കൊല.
കൊല്ലപ്പെട്ടവരിൽ 9 വയസ്സുള്ള മൂന്ന് കുട്ടികളും സ്‌കൂളിലെ അഡ്‌മിനിസ്‌ട്രേറ്ററും ഒരു അദ്ധ്യാപകനും ഒരു സെക്യൂരിറ്റി ഗാർഡും ഉൾപ്പെടുന്നു. വെടിവയ്‌പ്പിന്‍റെ വാർത്ത വ്യാപിച്ചതോടെ പരിഭ്രാന്തരായ മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾ സുരക്ഷിതരാണോ എന്നറിയാൻ സ്‌കൂളിലേക്ക് എത്തിയിരുന്നു. ഓഡ്രി ഹെയ്ൽ എന്ന 28 വയസ്സുള്ള സ്ത്രീയാണ് കൊലപാതകം നടത്തിയത്. ട്രാൻസ്‌ജെൻഡർ കൂടിയായ ഇവർ എന്തിനാണ് കൊലപാതകം നടത്തിയെന്നതിന് പൊലീസ് വിശദീകരണം നൽകിയിട്ടില്ല. കെട്ടിടത്തിന്‍റെ ഗ്ലാസ് വാതിലുകളിൽ വെടിയുതിർത്ത് ചില്ല് തകർത്താണ് കൊലപാതകി സ്‌കൂളിനുള്ളിൽ പ്രവേശിച്ചത്. കൊലപാതകിയുടെ കൈയിൽ മാരകാുധങ്ങളും ഒരു കൈത്തോക്കും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നാഷ്‌വില്ലെ പ്രദേശത്ത് നിന്ന് നിയമപരമായി ലഭിച്ചതാണ് തോക്കുകൾ എന്നാണ് പ്രാഥമിക വിവരം.