ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേ വിട പറയുമ്പോള്‍ ലോകത്തിന് നഷ്ടമാവുന്നത് കരുത്തനായ രാഷ്ട്രീയ നേതാവിനെ. ഇന്ത്യയ്ക്ക് രാഷ്ട്രീയമായും സാമ്പത്തികമായും ഏറെ പിന്തുണ നല്‍കിയിരുന്ന വ്യക്തിയായിരുന്നു ഷിൻസോ ആബേ. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങിന്‍റെ കാലത്തെ ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആബേ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുമായും സുഹൃത്ത് ബന്ധം സ്ഥാപിച്ചിരുന്നു.
ഷിൻസോ ആബേയുടെ രാഷ്ട്രീയ ജീവിതം: ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന ആളാണ് ആബേ. 2006 മുതൽ 2007 വരെയും, 2012 മുതൽ 2020 വരെയും പ്രധാനമന്ത്രിയായും ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്‍റായും സേവനമനുഷ്‌ഠിച്ച ജാപ്പനീസ് രാഷ്‌ട്രീയക്കാരനാണ് അദ്ദേഹം. 2012ൽ പ്രതിപക്ഷ നേതാവായിരുന്നു.
രാജ്യത്ത് മന്ത്രി - പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത രാഷ്ട്രീയ കുടുംബത്തിൽ നിന്നുമാണ് പ്രിൻസ് എന്ന വിളിപ്പേരുള്ള ഷിൻസോ ആബേ അധികാരത്തിലേറിയത്. ആബേയുടെ പിതാവ് ഷിൻഡാരോ ആബേ വിദേശകാര്യ മന്ത്രിയായും മുത്തച്ഛൻ നോബുസുഖേ കിസി പ്രധാനമന്ത്രിയായും സേവനമുഷ്ഠിച്ചിട്ടുണ്ട്. 2006ൽ പ്രധാനമന്ത്രിയായി ചുമതലയേറ്റെങ്കിലും 2007ൽ ആരോഗ്യകാര്യങ്ങളാൽ രാജിവച്ചു. 2012ൽ പ്രധാനമന്ത്രിപദത്തിലേയ്ക്ക് തിരിച്ചു വന്ന അദ്ദേഹം 2014ലും 2017ലും അധികാരത്തിൽ തുടർന്ന് ജപ്പാനെ ഏറ്റവും കാലം നയിച്ച പ്രധാനമന്ത്രിയായി തീർന്നു. 2021 സെപ്തംബർ വരെ കാലാവധിയുണ്ടായിരുന്നിട്ടും 2020 ഓഗസ്റ്റിൽ വൻകുടലിലെ രോഗത്തിനെ തുടർന്ന് രാജിവച്ചു.
വലതുപക്ഷ ജാപ്പനീസ് ദേശീയവാദിയെന്നാണ് അദ്ദേഹത്തെ പരക്കെ വിശേഷിപ്പിക്കുന്നത്. ആബേയുടെ ഭരണകാലം അദ്ദേഹത്തിന്‍റെ സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങൾ അന്താരാഷ്ട്രതലത്തിലും ചർച്ച ചെയ്യപ്പെട്ടിരുന്നു.
പാരമ്പര്യം കൈമുതലാക്കിയ ഷിൻസോ ആബേ:ജപ്പാനിലെ ടോക്കിയോയിൽ രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പും യുദ്ധകാലത്തും യുദ്ധാനന്തരവും സാമ്പത്തിക സ്വാധീനമുള്ള ഒരു പ്രമുഖ രാഷ്ട്രീയ കുടുംബത്തിലാണ് ഷിൻസോ ആബേയുടെ ജനനം. ഷിൻസോ ആബേയുടെ കുടുംബം യമാഗുച്ചി പ്രിഫെക്‌ചറിൽ നിന്നുള്ളവരാണ്.
ഷിൻസോ ആബേയുടെ മുത്തച്ഛൻ നോബുസുകെ കിഷി അധിനിവേശ ചൈനയുടെ യഥാർഥ സാമ്പത്തിക രാജാവ് എന്നറിയപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പുള്ള സമയത്തും, യുദ്ധസമയത്തും അദ്ദേഹം പ്രധാനമന്ത്രി ഹിദേക്കി ടോജോയുടെ മന്ത്രിസഭയിൽ യുദ്ധോപകരണങ്ങളുടെ ഉപമന്ത്രിയായി സേവനമനുഷ്‌ഠിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ അവസാനത്തിൽ ജപ്പാനിലെ യുഎസ് മിലിട്ടറി കിഷിയെ 'ക്ലാസ് എ' യുദ്ധക്കുറ്റവാളിയെന്നാരോപിച്ച് തടവിലാക്കി. പിന്നീട് കുറ്റവിമുക്തനാക്കി.
ഇന്ത്യയുമായുള്ള ബന്ധം:ഇന്ത്യയുടെ 72മത് റിപ്പബ്ലിക് ദിനത്തില്‍ (2021) രാജ്യം ഉന്നത സിവിലിയൻ പുരസ്കാരം ഷിൻസോ ആബേയക്ക് സമ്മാനിച്ചു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താൻ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഷിൻസോ ആബെയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ പുരസ്കാരം പ്രഖ്യാപിച്ചത്.
നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് തന്നെ ഷിൻസോ ആബെയുമായി സൗഹൃദം സ്ഥാപിക്കുകയും ജപ്പാൻ സന്ദർശിക്കുകയും ചെയ്തിരുന്നു. ട്വിറ്ററിൽ അന്ന് മോദിയെ പിന്തുടർന്നിരുന്ന ഒരേ ഒരു അന്താരാഷ്ട്ര നേതാവായിരുന്നു ഷിൻസോ ആബെ. പിന്നീട് 2014ൽ മോദി ഇന്ത്യൻ പ്രധാനമന്ത്രിയായതോടെ ഇരുവരും തമ്മിലുള്ള വ്യക്തിബന്ധം ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദത്തെ ചരിത്രത്തിലെ ഏറ്റവും ശക്തമായ തലത്തിലേക്ക് ഉയർത്തി. അഹമ്മദാബാദ് - മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിയടക്കം ഇന്ത്യയുടെ നിരവധി വികസന പദ്ധതികളിൽ ജപ്പാൻ ഇന്ന് പങ്കാളിയാണ്.
2006ൽ ആദ്യമായി അധികാരത്തിലെത്തിയതിന് പിന്നാലെ ഇന്ത്യയിലെത്തിയ ആബെയാണ് ഇന്ത്യ-ജപ്പാൻ-അമേരിക്ക- ആസ്ട്രേലിയ പ്രതിരോധസഖ്യം രൂപീകരിക്കാൻ ചുക്കാൻ പിടിച്ചത്. ക്വാഡ് എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന ഈ ചതുർരാഷ്ട്ര കൂട്ടായ്മ പസഫിക് സമുദ്രമേഖലയിൽ വർധിച്ചു വരുന്ന ചൈനീസ് സ്വാധീനത്തിനും സാന്നിധ്യത്തിനും വലിയ പ്രതിരോധമാണ് തീർത്തത്. 2014ൽ റിപ്പബ്ളിക് ദിന പരേഡിൽ മുഖ്യാതിഥിയായി എത്തിയ ആബെയുമായി നിർണായകമായ നിരവധി കരാറുകളിൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻസിങ് ഒപ്പു വച്ചു.