ഇസ്ലാമബാദ് : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) അധ്യക്ഷനുമായ ഇമ്രാൻ ഖാൻ അറസ്റ്റിൽ. ഇസ്ലാമബാദ് ഹൈക്കോടതിക്ക് പുറത്തുവച്ചാണ് നടപടി. പാകിസ്ഥാൻ റേഞ്ചേഴ്‌സാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്‌തതെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇസ്ലാമബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഇമ്രാൻ ഖാന്‍റെ കാർ സൈന്യം വളയുകയായിരുന്നെന്നും അദ്ദേഹത്തെ പീഡനത്തിന് വിധേയനാക്കുന്നു എന്നും അദ്ദേഹത്തിന്‍റെ സഹായി ഫവാദ് ചൗധരി ട്വീറ്റ് ചെയ്‌തിരുന്നു. ഇമ്രാന്‍ ഖാന്‍റെ വാഹനം സൈന്യം വളയുന്നതും വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുന്നതുമായ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
അതേസമയം ഇമ്രാന്‍റെ അറസ്റ്റിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധിക്കാൻ പിടിഐ നേതൃത്വം അനുയായികളോട് ആഹ്വാനം ചെയ്‌തിട്ടുണ്ട്. പ്രധാനമന്ത്രിയായിരിക്കെ വിദേശങ്ങളില്‍ നിന്ന് ലഭിച്ച വിലയേറിയ സമ്മാനങ്ങൾ കൂടിയ വിലയ്ക്ക് വിൽക്കുകയും, ഇതിന്‍റെ കണക്കുകൾ മറച്ചുവച്ച് നികുതി വെട്ടിച്ചെന്നുമുള്ള തോഷഖാന കേസിലാണ് ഇമ്രാനെ അറസ്റ്റ് ചെയ്‌തതെന്നാണ് വിവരം.