ബീജിങ്: മുന്‍ ചൈനീസ് പ്രസിഡന്‍റ് ജിയാങ് സെമിന്‍ അന്തരിച്ചു. 96 വയസായിരുന്നു. രക്താര്‍ബുദ ബാധിതനായിരുന്നു അദ്ദേഹം. ചൈനയെ ആഗോള ശക്‌തിയാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിത്വമാണ്.
1993 മുതല്‍ 2003 വരെയാണ് ജിയാങ് സെമിന്‍ ചൈനീസ് പ്രസിഡന്‍റ് ആയിരുന്നത്. ചൈനയിലെ ശക്തമായ അധികാര സ്ഥാനമായ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാകുന്നത് 1989ലാണ്.
1989ലെ ടിയാന്‍മെന്‍ സ്‌ക്വയര്‍ പ്രതിഷേധം സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയതിനെ തുടര്‍ന്ന് ചൈനയെ പാശ്ചാത്യ രാജ്യങ്ങള്‍ വലിയ രീതിയില്‍ ഒറ്റപ്പെടുത്തിയിരുന്നു. ഇതിനെ വിദഗ്‌ധമായി നേരിട്ടുകൊണ്ട് ചൈനീസ് സമ്പദ്‌വ്യവസ്ഥയെ ലോകവിപണിയുമായി വീണ്ടും ബന്ധിപ്പിക്കുകയും അതിലൂടെ വലിയ രീതിയിലുള്ള സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിനും ജിയാങ് സെമിന്‍റെ നേതൃത്വത്തിന് സാധിച്ചു. ഹോങ്കോങ്ങിന്‍റെ പരമാധികാരം ബ്രിട്ടനില്‍ നിന്ന് തിരിച്ചുപിടിച്ചത്, 2008 ഒളിമ്പിക്‌സിന്‍റെ വേദിയായി ബീജിങ് തെരഞ്ഞെടുക്കപ്പെട്ടത്, ലോക വ്യാപാര സംഘടനയില്‍ അംഗമായത് എന്നിവയൊക്കെ ജിയാങ് സെമിന്‍റെ ഭരണകാലത്തെ പ്രധാന നേട്ടങ്ങളാണ്.
വലിയ രീതിയിലുള്ള സാമ്പത്തിക വളര്‍ച്ച കൈവരിച്ചു: ലോക വ്യാപാര സംഘടനയില്‍ അദ്ദേഹം അംഗമായത് ചൈനയുടെ സമ്പദ്‌വ്യവസ്ഥയ്‌ക്ക് വലിയ നേട്ടമാണ് ഉണ്ടാക്കിയത്. ഒരു ദശാബ്‌ദ കാലത്തിലേറെയുള്ള രണ്ടക്ക സാമ്പത്തിക വളര്‍ച്ചയാണ് ജിയാങ് സെമിന്‍റെ നേതൃത്വത്തില്‍ ചൈനയ്‌ക്ക് ഉണ്ടായത്. ജിയാങ്‌സെമിന്‍റെ ഭരണകാലത്ത് ചൈന വലിയ സാമ്പത്തിക വളര്‍ച്ച കൈവരിച്ചെങ്കിലും അഴിമതി വ്യാപകമായി.
1989ല്‍ ജനാധിപത്യ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി വിദ്യാര്‍ഥികള്‍ നയിച്ച ടിയാനമെന്‍ പ്രതിഷേധത്തിന്‍റെ കലുഷിതമായ അന്തരീക്ഷത്തിലാണ് ജിയാങ് സെമിന്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നത്. ടിയാനമെന്‍ സ്‌ക്വയര്‍ പ്രതിഷേധം സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയതിന് ശേഷം പരമോന്നത നേതാവായ ഡെങ് സിയാവോപിങ് ജിയാങ് സെമിനെ ജനറല്‍ സെക്രട്ടറിയായി അവരോധിക്കുകയായിരുന്നു. പ്രതിഷേധക്കാരോട് അനുഭാവം പ്രകടിപ്പിച്ച ഷാവോ സിയാങിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയാണ് ആസ്ഥാനത്ത് ജിയാങ് സെമിനെ അവരോധിക്കുന്നത്.
പാര്‍ട്ടിയിലും ഭരണത്തിലും പിടിമുറുക്കുന്നു:ഇടക്കാലത്തേക്കുള്ള ഒരു നിയമനം ആയാണ് ജിയാങ് സെമിന്‍റെ ജനറല്‍ സെക്രട്ടറി സ്ഥാനത്തെ പലരും വീക്ഷിച്ചിരുന്നത്. എന്നാല്‍ തന്‍റെ രാഷ്‌ട്രീയ കൗശലത കൊണ്ട് പാര്‍ട്ടിയിലും ഭരണത്തിലും ജിയാങ് സെമിന്‍ ആധിപത്യം ഉറപ്പിക്കുന്നതാണ് പിന്നീട് കണ്ടത്.
സമൂഹത്തിലും രാഷ്‌ട്രീയത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അപ്രമാദിത്വം ഉറപ്പിക്കുകയും എന്നാല്‍ സാമ്പത്തിക ഉദാരവത്‌ക്കരണത്തിനും ആഗോളവത്‌ക്കരണത്തിനും പ്രധാന്യം കൊടുക്കുന്ന ഡെങ് സിയാവോപിങ്ങിന്‍റെ നയങ്ങള്‍ തന്നെയാണ് ജിയാങ് സെമിനും പിന്തുടര്‍ന്നത്.
ഉദാരവത്‌ക്കരണവും ആഗോളവത്‌ക്കരണവും ചൈന ലോകത്തിന്‍റെ ഫാക്‌ടറിയായി മാറുന്നതിലേക്കാണ് നയിച്ചത്. ഇത് ഒരേസമയം ചൈനയിലെ ജീവിത നിലവാരം വര്‍ധിപ്പിക്കുകയും വലിയ രീതിയിലുള്ള സാമ്പത്തിക അന്തരത്തിന് വഴിവയ്‌ക്കുകയും ചെയ്‌തു.
1989 ജനറല്‍ സെക്രട്ടറിയായി കുറച്ച് വര്‍ഷങ്ങള്‍ക്ക് അകം തന്നെ പാര്‍ട്ടിക്ക് ഉള്ളിലെ എതിരാളികളെ പിന്നിലാക്കി പാര്‍ട്ടിയിലും സര്‍ക്കാരിലും സൈന്യത്തിലും ജിയാങ് സെമിന്‍ പിടിമുറുക്കി. 1997ല്‍ ഡെങ് സിയാവോപിങ്ങിന്‍റെ മരണത്തെ തുടര്‍ന്ന് ഭരണത്തിലും പാര്‍ട്ടിയിലുമുള്ള പിടി വീണ്ടും ശക്തമായി. പാര്‍ട്ടിയിലും സര്‍ക്കാരിലുമുള്ള ഉന്നത സ്ഥാനങ്ങളില്‍ തന്‍റെ അനുയായികളെ നിയമിച്ചു.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ 'ഷാങ്‌ഹായി സംഘം' എന്നറിയപ്പെട്ട ഗ്രൂപ്പിന്‍റെ നേതാവായിരുന്നു അദ്ദേഹം. ഈ ഗ്രൂപ്പിലൂടെ പാര്‍ട്ടിയിലും സര്‍ക്കാരിലുമുള്ള ഔദ്യോഗിക സ്ഥാനങ്ങള്‍ ഒഴിഞ്ഞിട്ടും അദ്ദേഹം ചൈനയുടെ ഭരണത്തില്‍ സ്വാധീനം ചെലുത്തി. ഇപ്പോഴത്തെ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങിനെ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്നതിലും ജിയാങ് സെമിന്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.
സംരംഭകരെ പ്രോത്സാഹിപ്പിച്ചു: സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ് ജിയാങ് സെമിന്‍ പിന്തുടര്‍ന്നത്. സ്വകാര്യ വ്യവസായികള്‍ക്ക് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വം കൊടുക്കാന്‍ 2001ല്‍ അദ്ദേഹം തീരുമാനമെടുത്തു. ചൈനയിലെ സ്വകാര്യ മേഖലയ്‌ക്ക് വലിയ ഊര്‍ജമാണ് ഇത് നല്‍കിയത്.
2002 മുതലാണ് തന്‍റെ പദവികള്‍ പിന്‍ഗാമിയായ ഹൂ ജിന്താവോവിന് ജിയാങ് സെമിന്‍ കൈമാറുന്നത്. 2002ല്‍ ജനറല്‍ സെക്രട്ടറി പദവിയും പിന്നീട് 2003ല്‍ പ്രസിഡന്‍റ് പദവിയും കൈമാറി. എന്നാല്‍ സൈന്യത്തിന്‍റെ പരമോന്നത നേതൃസ്ഥാനത്ത് അദ്ദേഹം 2005 വരെ തുടര്‍ന്നു. ഔദ്യോഗികമായി വിരമിച്ചിട്ടും പിന്നണിയില്‍ നിന്ന് പാര്‍ട്ടിയിലും ഭരണത്തിലും അദ്ദേഹം സ്വാധീനം ചെലുത്തി.
പടിപടിയായുള്ള വളര്‍ച്ച:കിഴക്കന്‍ ചൈനയില്‍ 1926ലാണ് ജിയാങ് സെമിന്‍ ജനിക്കുന്നത്. ഷാങ്‌ഹായിലാണ് വിദ്യാഭ്യാസം. ഇലക്‌ട്രിക് എന്‍ജിനിയറിങ് ബിരുദധാരിയാണ്. കോളജ് വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുന്നത്.
1950കളില്‍ സോവിയറ്റ് യൂണിയനില്‍ ഉന്നത വിദ്യാഭ്യാസം നടത്തിയിട്ടുണ്ട്. പാര്‍ട്ടിയില്‍ പടിപടിയായിട്ടാണ് ജിയാങ് സെമിന്‍റെ വളര്‍ച്ച. 1983ല്‍ ഇലക്‌ട്രോണിക് വ്യവസായ മന്ത്രിയായി. പിന്നീട് 1985ലാണ് ഷാങ്‌ഹായിയുടെ മേയര്‍ ആകുന്നത്.
പാടാനുള്ള കഴിവും ഇംഗ്ലീഷ് അടക്കമുള്ള വിദേശ ഭാഷകളിലെ നൈപുണ്യവും വിദേശ മാധ്യമപ്രവര്‍ത്തകരുടെ മുന്നിലും മറ്റും കാണിക്കുന്നതില്‍ തല്‍പ്പരനായിരുന്നു അദ്ദേഹം. സാഹിത്യവും കലയും ഇഷ്‌ടപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. ഒരാളുടെ ജോലി എന്തുമാകട്ടെ ആ വ്യക്തിക്ക് സാഹിത്യം വായിക്കുന്നതില്‍ അഭിരുചി കണ്ടെത്താനും സംഗീതം ആസ്വദിക്കാന്‍ കഴിയുകയും ചെയ്‌താല്‍ ആ വ്യക്തിയുടെ സമഗ്രമായ വളര്‍ച്ചയ്‌ക്ക് അത് ഉപകരിക്കുമെന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്.