ടെല്‍ അവീവ് : ഹമാസ്-ഇസ്രയേല്‍ ആക്രമണത്തില്‍ എപി മുന്‍ വീഡിയോ ജേണലിസ്റ്റ് യനീവ് സോഹറും (54) കുടുംബവും കൊല്ലപ്പെട്ടു. സോഹറിന്‍റെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ അദ്ദേഹത്തോടൊപ്പം ഭാര്യ യാസ്‌മിന്‍ (49) മക്കളായ കെഷെത് (18), തെഹെലെറ്റ് (20) യാസ്‌മിന്‍റെ പിതാവ് ഹെയിം ലിവ്നെ എന്നിവരാണ് മരിച്ചത്. രാവിലെ ജോഗിങ്ങിനായി വീടിന് പുറത്തായിരുന്ന മകന്‍ രക്ഷപ്പെട്ടു.
ഗാസ മുനമ്പിന് സമീപമുള്ള നഹാൽ ഓസ് കിബ്ബട്ട്സിലെ വീട്ടിലാണ് സോഹറും കുടുംബവും കൊല്ലപ്പെട്ടത്. എപിയുടെ തെക്കന്‍ ഇസ്രയേല്‍ ബ്യൂറോയില്‍ 15 വര്‍ഷം വീഡിയോ ജേണലിസ്റ്റായി പ്രവര്‍ത്തിച്ചയാളാണ് യനീവ് സോഹര്‍. 2005 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തില്‍ രാജ്യത്ത് നടക്കുന്ന മുഴുവന്‍ സംഭവ വികാസങ്ങളും അദ്ദേഹം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. നേരത്തെ ഗാസ മുനമ്പില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട ആക്രമണത്തെ കുറിച്ച് ആദ്യമായി വിവരം നല്‍കിയതും സംഭവ സ്ഥലത്ത് ആദ്യം എത്തിയതും സോഹര്‍ ആയിരുന്നു. തെക്കന്‍ ഇസ്രയേലിലെ എപിയുടെ കണ്ണും കാതുമായിരുന്നു യനീവ് സോഹര്‍.
ഇസ്രയേലില്‍ എന്ത് സംഭവിച്ചാലും വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയും വിവരം നല്‍കുകയും ചെയ്‌തിരുന്ന വ്യക്തിയാണ് യനീവ് സോഹര്‍ എന്ന് എപി എക്‌സിക്യുട്ടീവ് എഡിറ്റര്‍ ജൂലി പേസ് പറഞ്ഞു. സഹപ്രവര്‍ത്തകര്‍ക്ക് വിവിധ കാര്യങ്ങളില്‍ ഉള്‍ക്കാഴ്‌ചകള്‍ നല്‍കുന്നയാളായിരുന്നു അദ്ദേഹം.
മിഡില്‍ ഈസ്‌റ്റില്‍ നിന്നും ഇത്തരം സംഭവങ്ങളെ കുറിച്ച് വിവരങ്ങള്‍ അറിഞ്ഞാല്‍ സഹപ്രവര്‍ത്തകര്‍ ഉടന്‍ ചേദിക്കുക അതിനെ കുറിച്ച് യനീവ് എന്ത് പറഞ്ഞുവെന്നായിരുന്നുവെന്നും ജൂലി പേസ് പറഞ്ഞു. അടുത്തിടെയായി ഇസ്രയേല്‍ ഹയോം എന്ന ദിനപത്രത്തില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. യനീവ് സോഹര്‍ ഒരു നല്ല മാധ്യമ പ്രവര്‍ത്തകനും അതിലുപരി എല്ലാവരുടെയും നല്ല സുഹൃത്തും വഴികാട്ടിയുമായിരുന്നുവെന്ന് ഇസ്രയേല്‍ ഹയോം (Israel Hayom daily newspaper) പ്രസ്‌താവനയില്‍ വ്യക്തമാക്കി.
ഗാസ മുനമ്പില്‍ നിന്നുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ തമ്മില്‍ കടുത്ത മത്സരമാണുണ്ടായിരുന്നത്. എന്നാലും സോഹര്‍ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. മാത്രമല്ല ഗാസയില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് അതിര്‍ത്തിയ്‌ക്ക് അടുത്തുള്ള അദ്ദേഹത്തില്‍ വീട്ടില്‍ തങ്ങാനും സൗകര്യം ഒരുക്കാറുണ്ടായിരുന്നു.
ഹൃദയവും അദ്ദേഹത്തിന്‍റെ ശരീരത്തോളം വലുതായിരുന്നുവെന്ന് മറ്റൊരു ഫോട്ടോഗ്രാഫര്‍ യെഹൂദ പെരെറ്റ്‌സ് പറഞ്ഞു. സെന്‍ട്രല്‍ ഇസ്രയേലില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ ആയിര കണക്കിനാളുകളാണ് പങ്കെടുത്തത്. മതവിശ്വാസ പ്രകാരം മരിച്ചവരുടെ മൃതദേഹം വേഗത്തില്‍ സംസ്‌കരിക്കണമെന്നാണ്. എന്നാല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം കൂടുതലായത് കൊണ്ടും മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ഡിഎന്‍എ അടക്കമുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കേണ്ടത് കൊണ്ടും 10 ദിവസത്തോളം വൈകി.
ഇസ്രയേല്‍ സൈന്യത്തിന്‍റെ വ്യോമാക്രമണ സൈറണുകള്‍ കാരണം മരിച്ചവരുടെ മൃതദേഹങ്ങള്‍ നല്ല രീതിയില്‍ സംസ്‌കരിക്കാന്‍ കഴിഞ്ഞില്ലെന്ന് സോഹറിന്‍റെ സഹോദരി സിവാന്‍ പറഞ്ഞു. മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കാന്‍ പോലും ഇസ്രയേല്‍ തങ്ങളെ അനുവദിക്കുന്നില്ലെന്നും അവര്‍ അറിയിച്ചു. സോഹറിന്‍റെ മകനെ താന്‍ നോക്കുമെന്നും ജീവിതം ആഘോഷമാക്കുമെന്നും തങ്ങളെ നശിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സിവാന്‍ പറഞ്ഞു. നിരപരാധികളെയാണ് ഇസ്രയേല്‍ കൊന്നൊടുക്കിയത്.
യനീവ് ഒരു നല്ല സുഹൃത്തായിരുന്നുവെന്ന് എപി വീഡിയോ ജേണലിസ്റ്റ് അലോൺ ബെർൺസ്റ്റൈൻ പറഞ്ഞു. ''സോഹറിന്‍റെ വീട്ടില്‍ താന്‍ നിരവധി തവണ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. അദ്ദേഹം ഒരു മികച്ച മാധ്യമ പ്രവര്‍ത്തകനായിരുന്നു. വിദേശത്തും തങ്ങള്‍ ഒരുമിച്ച് ജോലി ചെയ്‌തിട്ടുണ്ടെന്നും ബെർൺസ്റ്റൈൻ പറഞ്ഞു. എവിടെ അക്രമ സംഭവങ്ങളുണ്ടായാലും അതെല്ലാം റിപ്പോര്‍ട്ട് ചെയ്യും. ഒരു ക്യാമറാമാന്‍ എന്ന നിലയില്‍ താനും നിരവധി ക്രൂരതകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ സോഹറിനും കുടുംബത്തിനും സംഭവിച്ചതുപോലുള്ള ആക്രമണങ്ങള്‍ക്ക് ഇരയാകേണ്ടി വന്നിട്ടില്ല. അദ്ദേഹത്തിനും കുടുംബത്തിനും സംഭവിച്ചത് ഭയാനകമാണെന്നും അലോൺ ബെർൺസ്റ്റൈൻ പറഞ്ഞു.