യാഹിദ്‌നെ :റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് ചെറിയ തോതിൽ അയവ് വന്നെങ്കിലും യുദ്ധം സൃഷ്‌ടിച്ച ആഘാതം വളരെ വലുതായിരുന്നു. ദിനം പ്രതി റഷ്യൻ സൈന്യത്തിന്‍റെ കൊടും ക്രൂരതകളുടെ വാർത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ കീവിൽ നിന്ന് 140 കിലോമീറ്റർ അകലെയുള്ള യാഹിദ്‌നെ എന്ന ഗ്രാമത്തിലെ 300ലധികം ജനങ്ങളെ അവിടുത്തെ സ്‌കൂളിന്‍റെ ബേസ്‌മെന്‍റിൽ ഒരുമാസത്തോളം തടങ്കലിലാക്കിയ വാർത്തയാണ് പുറത്തുവരുന്നത്.
ബേസ്‌മെന്‍റിൽ തടവിലാക്കപ്പെട്ട 300 പേരിൽ 18 പേരോളം പേർക്ക് ജീവൻ നഷ്‌ടമായിരുന്നു. തങ്ങളുടെ ഒപ്പമുണ്ടായിരുന്നവർ മരിച്ചുവീഴുന്നത് കണ്‍മുന്നിൽ കാണേണ്ടിവന്ന അവസ്ഥ നിറകണ്ണുകളോടെയാണ് ബേസ്‌മെന്‍റിൽ നിന്ന് പുറത്തുകടന്നവർ മാധ്യമങ്ങളോട് വിവരിച്ചത്. പുറത്തിറങ്ങി പാചകം ചെയ്യാനോ ടോയ്‌ലറ്റ് ഉപയോഗിക്കാനോ അനുവദിക്കുന്ന കുറച്ച് സമയത്ത് മാത്രമാണ് തങ്ങൾ പുറം ലോകം കണ്ടതെന്നും ഇവർ പറയുന്നു.
തടവുകാരുടെ ആരോഗ്യം ദിനം പ്രതി മോശമായിക്കൊണ്ടിരിക്കുകയായിരുന്നു. വളരെ കുറച്ച് മാത്രമുണ്ടായിരുന്ന കസേരകളിലാണ് തങ്ങൾ മാറി മാറി ഒരു മാസത്തോളം ഇരുന്നത്. ബേസ്മെന്‍റിൽ മരിച്ച് വീഴുന്നവരുടെ മൃതദേഹങ്ങൾ അടുത്തുള്ള ശ്മശാനത്തിലെ കുഴിമാടത്തിൽ കൊണ്ടിടാൻ അവർ അനുവാദം തന്നിരുന്നു. ബേസ്മെന്‍റിൽ നിന്ന് പുറത്തുകടന്ന സരോയൻ എന്ന യുവതി പറഞ്ഞു.
റഷ്യക്കാർ ക്രൂരൻമാരാണ് എന്നാണ് ബേസ്‌മെന്‍റിലുണ്ടായിരുന്ന സ്വിറ്റ്‌ലാന ബാഗുട്ട എന്ന യുവതിയുടെ അഭിപ്രായം. അവർ മദ്യപിച്ച് ലക്കുകെട്ട നിലയിലാണ് പലപ്പോഴും. പലപ്പോഴും തോക്കുചൂണ്ടി നിർബന്ധിച്ച് തങ്ങളേയും മദ്യം കുടിപ്പിക്കാറുണ്ട്. റഷ്യൻ ദേശീയ ഗാനം ആലപിച്ചാൽ ചിലരെ മാത്രം സ്വന്തം വീടുകളിലേക്ക് കുറച്ച് സമയത്തേക്ക് പോകാൻ അവർ അനുവദിക്കും - ബാഗുട്ട കൂട്ടിച്ചേർത്തു.
കിഴക്കൻ പ്രദേശത്തെ ആക്രമണങ്ങൾക്ക് ശേഷം ഏപ്രിൽ തുടക്കത്തിൽ റഷ്യൻ സൈന്യം യാഹിദ്‌നെ ഗ്രാമത്തിൽ നിന്ന് പിൻവാങ്ങിയിരുന്നു. യാഹിദ്‌നെ സ്‌കൂളിന്‍റെ ചുവരിൽ സൈന്യത്തിന്‍റെ സാന്നിധ്യത്തിന്‍റെ "അവസാന ദിവസം" എന്ന് അടയാളപ്പെടുത്തിയ ഒരു സന്ദേശവും കുറിച്ചിട്ടാണ് അവർ ഗ്രാമത്തിൽ നിന്ന് മടങ്ങിയത്. സൈന്യം മടങ്ങിയതിന് പിന്നാലെയാണ് ക്രൂരതകളുടെ കഥകളും പുറത്ത് വന്ന് തുടങ്ങിയത്.