ഇസ്‌ലാമാബാദ്:പാകിസ്ഥാനിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ കുട്ടികളിൽ ഗുരുതരമായ പോഷകാഹാരക്കുറവ് റിപ്പോർട്ട് ചെയ്യുന്നതായി യുനിസഫ് മുന്നറിയിപ്പ്. സിന്ധിലെയും ബലൂചിസ്ഥാനിലെയും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളിൽ പ്രവേശിക്കപ്പെട്ട അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിൽ ഭൂരിഭാഗം പേരും കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായി യുനിസെഫ് പ്രസ്‌താവന. 2022 സെപ്റ്റംബർ മുതൽ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളിൽ ആരോഗ്യ വിദഗ്‌ധർ പരിശോധിച്ച 22,000ത്തിലധികം കുട്ടികളിൽ 2630ലധികം പേർക്ക് ഗുരുതരമായ പോഷകാഹാരക്കുറവുണ്ടെന്ന് കണ്ടെത്തി.
അടിയന്തര ചികിത്സ ആവശ്യം: പോഷകാഹാരക്കുറവ് മൂലം കുട്ടികളുടെ രോഗ പ്രതിരോധ ശേഷി കുറയുന്നതായി യുഎൻ ഏജൻസി പറഞ്ഞു. സിന്ധ്, ബലൂചിസ്ഥാൻ പ്രവിശ്യകളിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ 1.6 ദശലക്ഷത്തോളം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നും അടിയന്തര ചികിത്സ ആവശ്യമായി വരുമെന്നും ഏറ്റവും പുതിയ ദേശീയ പോഷകാഹാര സർവേയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. പോഷകാഹാരക്കുറവ് നേരിടുന്ന ഗർഭിണികൾ പോഷകാഹാരക്കുറവുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനുള്ള സാധ്യത കൂടുതലാണ്.
ദശലക്ഷക്കണക്കിന് കുട്ടികളുടെ ജീവന് ഭീഷണിയായ പോഷകാഹാര അടിയന്തരാവസ്ഥയാണ് ഞങ്ങൾ അഭിമുഖീകരിക്കുന്നതെന്ന് പാകിസ്ഥാനിലെ യുനിസെഫ് പ്രതിനിധി അബ്‌ദുല്ല ഫാദിൽ പറഞ്ഞു. കുട്ടികളുടെ വികസനത്തിനും നിലനിൽപ്പിനും ഭീഷണിയാകുന്ന ഒരു അവസ്ഥയിലേക്ക് ഞങ്ങൾ നീങ്ങുകയാണ്. ആഗോള സമൂഹത്തിന്‍റെ ഇതുവരെയുള്ള പിന്തുണയ്‌ക്ക് ഞങ്ങൾ നന്ദിയുള്ളവരാണ്. പക്ഷെ വളരെയധികം കുട്ടികളുടെ ജീവൻ രക്ഷിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.