വെല്ലിംഗ്‌ടൺ : ന്യൂസിലൻഡിന്‍റെ തലസ്ഥാനമായ വെല്ലിംഗ്‌ടണിലെ ഹോസ്റ്റലിൽ തീപിടിത്തം. ആറ് പേർ കൊല്ലപ്പെട്ടു. വെല്ലിംഗ്‌ടണിലെ ലോഫേഴ്‌സ് ലോഡ്‌ജ് ഹോസ്റ്റലായ നാല് നില കെട്ടിടത്തിനാണ് തീപിടിച്ചത്. 52 പേരെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി.
രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ഫയർ ആൻഡ് എമർജൻസി ഡിസ്ട്രിക്റ്റ് മാനേജർ നിക്ക് പ്യാറ്റ് പറഞ്ഞു. ഹോസ്റ്റലിൽ 92 മുറികളാണ് ഉള്ളത്. നിരവധി ആളുകൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
തീപിടിത്തമുണ്ടായതിൽ അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി ക്രിസ് ഹിപ്‌കിൻസ് പറഞ്ഞു. ഇപ്പോൾ സാഹചര്യം കൈകാര്യം ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 'തനിക്ക് ചുറ്റും കനത്ത പുകയായിരുന്നു. തീജ്വാലകൾ കാണാൻ കഴിഞ്ഞില്ല. ചൂട് തനിക്ക് അനുഭവപ്പെട്ടിരുന്നു. രക്ഷപ്പെടാനായാണ് ലോഡ്‌ജിന്‍റെ ജനൽ വഴി പുറത്തേക്ക് ചാടിയത് - ലോഫേഴ്‌സ് ലോഡ്‌ജിൽ നിന്ന് രക്ഷപ്പെട്ട താമസക്കാരൻ പറഞ്ഞു.
Also read :കൊച്ചി ഇന്‍ഫോ പാര്‍ക്കിന് സമീപം തീപിടിത്തം, 4 പേര്‍ക്ക് പരിക്ക്
താഴേക്ക് ചാടിയ ഇദ്ദേഹത്തിന്‍റെ കണങ്കാലിന് പരിക്കേറ്റിരുന്നു. കെട്ടിടത്തിൽ സ്ഥിരമായി ഫയർ അലാം മുഴങ്ങുമായിരുന്നുവെന്ന് മറ്റ് താമസക്കാർ മാധ്യമങ്ങളോട് പറഞ്ഞു. ഒരുപക്ഷേ പുകവലിക്കാരിൽ നിന്ന് അമിതമായ സെൻസിറ്റീവ് സ്മോക്ക് ഉണ്ടായതിനാലാകാം അലാറമടിച്ചതെന്നാണ് പലരും ആദ്യം കരുതിയിരുന്നതെന്ന് ഫയർ ഫോഴ്‌സ് മേധാവി പ്യാറ്റ് പറഞ്ഞു. അൻപതിലധികം പേരെ രക്ഷപ്പെടുത്തി. കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.