കീവ്:യുക്രൈനെതിരായ റഷ്യയുടെ യുദ്ധം ആരംഭിച്ചിട്ട് മാസം മൂന്ന് പിന്നിട്ടു. റഷ്യ ഉയര്‍ത്തുന്ന ഭീതിയുടെ പശ്ചാത്തലത്തിൽ രാജ്യ സുരക്ഷയ്‌ക്കായി നാറ്റോയിൽ ചേരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഫിൻലൻഡ്. രാജ്യത്തിന്‍റെ ഈ നിലപാട് അയല്‍ രാജ്യമായ റഷ്യയെ ചൊടിപ്പിക്കുമെന്നതില്‍ സംശയമില്ല. ലോക സന്തോഷ സൂചികയില്‍ ഒന്നാം റാങ്കിലുള്ള രാജ്യത്തിലേക്ക് സങ്കടം പെയ്‌തിറങ്ങുമോയെന്ന ആശങ്കയിലാണ് ആഗോള രാഷ്‌ട്രീയ നിരീക്ഷകര്‍.
'ഉടൻ നാറ്റോയ്‌ക്ക് അപേക്ഷ നൽകും':ഫിൻലൻഡ് നാറ്റോ അംഗത്വമെടുക്കുകയാണെങ്കില്‍ രണ്ട് അയൽരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ മോശമായി ബാധിക്കുമെന്ന് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ ശനിയാഴ്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാല്‍, റഷ്യ സൃഷ്‌ടിച്ച ഭീതി ഒഴിവാക്കാനാണ് പാശ്ചാത്യ സൈനിക സഖ്യത്തിന്‍റെ ഭാഗമാവുന്നതെന്നാണ് ഫിന്‍ലന്‍ഡിന്‍റെ ഉറച്ച വാദം.
നാറ്റോയിൽ അംഗത്വമെടുക്കുന്നതിനെക്കുറിച്ച് ഫിന്‍ലൻഡ് പ്രസിഡന്‍റ് സൗലി നിസ്റ്റോയും പ്രധാനമന്ത്രി സന്ന മരിനും സംയുക്തമായാണ് പ്രഖ്യാപനം നടത്തിയത്. ഉടൻ തന്നെ നാറ്റോയ്‌ക്ക് അപേക്ഷ നൽകുമെന്ന് അറിയിച്ചതോടെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ ഉൾപ്പെടെയുള്ള പ്രമുഖ നാറ്റോ നയതന്ത്രജ്ഞർ ഞായറാഴ്ച ബെർലിനിൽ യോഗം ചേരുകയുണ്ടായി.
റഷ്യയുമായി ഫിൻലൻഡ് 1,340 കിലോമീറ്റര്‍ (830 മൈൽ) വ്യത്യാസത്തിലാണ് അതിർത്തി പങ്കിടുന്നത്. ഫിന്‍ലന്‍ഡിന് പിന്നാലെ, നാറ്റോയില്‍ അംഗത്വം തേടുന്നത് സംബന്ധിച്ച് സ്വീഡന്‍ ഞായറാഴ്ചയ്ക്ക് ശേഷം നിലപാട് അറിയിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.