ലണ്ടൻ: സ്ഥിരമായി വ്യായാമം ചെയ്യുന്നതിലൂടെ ഒട്ടേറെ ആരോഗ്യ ഗുണങ്ങളാണ് നമ്മുടെ ശരീരത്തിന് ലഭിക്കുന്നത്. ശക്‌തമായ പേശികൾ, രോഗസാധ്യത കുറയ്‌ക്കൽ, മാനസികാരോഗ്യം തുടങ്ങി ഒട്ടേറെ നേട്ടങ്ങൾ വ്യായാമത്തിലൂടെ നമുക്ക് ലഭിക്കുന്നുണ്ട്. എന്നാൽ സ്ഥിരമായി വ്യായാമം ചെയ്യുന്നതിലൂടെ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കാൻ സാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. സ്ഥിരമായി വ്യായാമം ചെയ്യുന്നവരിൽ വേദന സഹിക്കാനുള്ള കഴിവ് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണെന്നാണ് പഠനം.
PLOS One ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് സ്ഥിരമായി വ്യായാമം ചെയ്യുന്ന ആളുകൾക്ക് വ്യായാമം ചെയ്യാത്തവരെ അപേക്ഷിച്ച് ഉയർന്ന വേദന സഹിഷ്‌ണുത ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. 10,732 പേരിൽ നിന്ന് സ്വീകരിച്ച ഡാറ്റകളുടെ അടിസ്ഥാനത്തിൽ നോർവേയിലെ ട്രാംസിൽ നടത്തിയ നീണ്ട കാലത്തെ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.
30നും 87 നും ഇടയിൽ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. ഇതിൽ പകുതിയിലധികവും സ്‌ത്രീകളായിരുന്നു. എട്ട് വർഷത്തോളമാണ് പഠനം നടത്തിയത്. ഇതിനിടെ പഠനത്തിൽ പങ്കെടുത്ത ഓരോരുത്തരുടെയും അനുഭവങ്ങൾ രണ്ട് പ്രാവശ്യം വീതം വിലയിരുത്തി. ഇതിൽ അവർ തങ്ങളുടെ ശാരീരിക പ്രവർത്തന നിലവാരത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകുകയും ഒരു കോൾഡ് പ്രസ്സർ ടെസ്റ്റിൽ (കൈയോ കാലോ ഐസ് വെള്ളത്തിൽ 1-3 മിനിറ്റ് മുക്കി വച്ച് നടത്തുന്ന പരിശോധന) പങ്കെടുക്കുകയും ചെയ്‌തു.
വ്യായാമം ചെയ്യുന്നവരെ സജീവമായവർ, സജീവമല്ലാത്തവർ എന്ന് തിരിച്ചാണ് പരിശോധന നടത്തിയത്. ഇതിൽ കൂടുതൽ സജീവമായി വ്യായാമം ചെയ്യുന്നവർക്ക് കൂടുതൽ സമയം വെള്ളത്തിൽ കൈ മുക്കി വയ്‌ക്കാൻ കഴിയുമെന്ന് ഗവേഷകർ കണ്ടെത്തി. സജീവമായവർക്ക് ശരാശരി 115.7 സെക്കൻഡ് നേരം കൈ മുക്കി വയ്‌ക്കാൻ സാധിച്ചു.