ജനീവ:ലിബിയയിൽ കുടിയേറ്റക്കാർ സഞ്ചരിച്ച കപ്പൽ തകർന്ന് 73 പേരെ കാണാതായതായി യുഎൻ മൈഗ്രേഷൻ ഏജൻസി. യൂറോപ്പിലേക്ക് പോയ കുടിയേറ്റക്കാർ സഞ്ചരിച്ച കപ്പലാണ് അപകടത്തിൽ പെട്ടത്. ചൊവ്വാഴ്‌ച നടന്ന അപകടത്തിന് പിന്നാലെ 11 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും ബാക്കിയുള്ളവർക്കായി തെരച്ചിൽ തുടരുകയാണെന്നും യുഎൻ മൈഗ്രേഷൻ ഏജൻസി അറിയിച്ചു.
ലിബിയയിൽ കുടിയേറ്റക്കാർ സഞ്ചരിച്ച കപ്പൽ തകർന്നു; 73 പേരെ കാണാതായതായി യുഎൻ - യുഎൻ മൈഗ്രേഷൻ ഏജൻസി
അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഏഴ് പേർ ലിബിയൻ തീരത്ത് തിരികെ എത്തിയതായി യുഎൻ മൈഗ്രേഷൻ ഏജൻസി അറിയിച്ചു
അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഏഴ് കുടിയേറ്റക്കാർ ലിബിയൻ തീരത്ത് സുരക്ഷിതമായി എത്തിയാതായും യുഎൻ അറിയിച്ചു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. കുടിയേറ്റക്കാരുടെ പ്രധാന കടൽ പാതയായ സെൻട്രൽ മെഡിറ്ററേനിയനിൽ അടുത്തിടെ നടന്ന ഏറ്റവും വലിയ അപകടമാണിത്.
2011ൽ സ്വേച്ഛാധിപതിയായ മൊഅമ്മർ ഗദ്ദാഫിയെ അട്ടിമറിച്ച് കൊലപ്പെടുത്തിയ നാറ്റോ പിന്തുണയുള്ള പ്രക്ഷോഭത്തെത്തുടർന്ന് എണ്ണ സമ്പന്നമായ ലിബിയ അരാജകത്വത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. പിന്നാലെ ആഫ്രിക്കയിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നുമുള്ള കുടിയേറ്റക്കാരുടെ പ്രധാന താവളമായി ലിബിയ സമീപ വർഷങ്ങളിൽ ഉയർന്നുവരികയായിരുന്നു.