ജനീവ: കുടിയേറ്റവുമായി ബന്ധപ്പെട്ട് യൂറോപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് അന്താരാഷ്‌ട്ര സന്നദ്ധ സംഘടനയായ റെഡ് ക്രോസ്. റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈനില്‍ നിന്ന് പലായനം ചെയ്യുന്നവരെ ഇരു കൈയും നീട്ടി സ്വീകരിക്കുന്ന യൂറോപ്പ്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് തുടങ്ങി ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളോട് വ്യത്യസ്ഥ സമീപനമാണ് സ്വീകരിക്കുന്നതെന്ന് സംഘടന വിമര്‍ശനം ഉന്നയിച്ചു. കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യൂറോപ്പിന്‍റേത് ഇരട്ടത്താപ്പാണെന്നും സംഘടന ആരോപിച്ചു.
കിഴക്കന്‍ യുക്രൈനിലെ ഡോണ്‍ബാസ് മേഖലയില്‍ നിന്ന് പലായനം ചെയ്യുന്നയാള്‍ക്കും നൈജീരിയയിലെ വിഘടനവാദ സംഘടനയായ ബോക്കോ ഹരാമിന്‍റെ നിയന്ത്രണത്തില്‍ നിന്ന് രക്ഷപ്പെടുന്നയാള്‍ക്കും എന്തെങ്കിലും വ്യത്യാസമുള്ളതായി കരുതുന്നില്ലെന്ന് ഇന്‍റര്‍നാഷണല്‍ റെഡ് ക്രോസ് ആന്‍ഡ് റെഡ് ക്രെസന്‍റ് മൂവ്‌മെന്‍റ് പ്രസിഡന്‍റ് ഫ്രാന്‍സെസ്‌കോ റോക്ക പറഞ്ഞു. രാജ്യത്തെ സംഘർഷങ്ങളില്‍ നിന്നും രക്ഷപ്പെട്ട് എത്തുന്നവരേയും മറ്റൊരു രാജ്യത്തിന്‍റെ അധിനിവേശത്തെ തുടര്‍ന്ന് സംരക്ഷണം തേടുന്നവരെയും തുല്യമായി പരിഗണിക്കണം. യുക്രൈന്‍ പ്രതിസന്ധി യൂറോപ്യൻ കുടിയേറ്റ നയങ്ങളിൽ ഒരു വഴിത്തിരിവായിരിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിർഭാഗ്യവശാൽ അങ്ങനെയായില്ലെന്നും റോക്ക പറഞ്ഞു.
യൂറോപ്പിന്‍റേത് ഇരട്ടത്താപ്പ്: യൂറോപ്പിലേക്ക് പലായനം ചെയ്യാന്‍ ശ്രമിക്കുന്ന അഭയാര്‍ഥികളില്‍ പലരും മരണപ്പെടുകയോ അതിക്രമങ്ങള്‍ നേരിടുകയോ അവശ്യ സേവനങ്ങൾ ലഭിക്കാതെ വരികയോ ചെയ്യുന്നുണ്ടെന്നും റോക്ക പറഞ്ഞു. 2014 മുതൽ 48,000ത്തിലധികം അഭയാര്‍ഥികള്‍ കടലിൽ യാത്ര ചെയ്യുന്നതിനിടയിൽ മരണപ്പെടുകയോ അപ്രത്യക്ഷമാവുകയോ ചെയ്‌തിട്ടുണ്ട്. മധ്യ മെഡിറ്ററേനിയൻ കടന്ന് യൂറോപ്പിലേക്കുള്ള കുടിയേറ്റമാണ് ഏറ്റവും അപകടം പിടിച്ചത്, ഇതില്‍ മാത്രം 19,000 മരണങ്ങളെങ്കിലും സംഭവിച്ചിട്ടുണ്ടെന്നും റോക്ക പറഞ്ഞു.