ജറുസലേം: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ജൂത വിരുദ്ധത പ്രചരിപ്പിക്കുന്നെന്ന ആരോപണം വ്യാപകമായതിനു പിന്നാലെ ഇസ്രയേൽ സന്ദർശിച്ച് എക്‌സ് ഉടമ ഇലോൺ മസ്‌ക് (Elon Musk Visits Israel To Meet After Accusations Of Antisemitism). ഇസ്രയേലിലെത്തിയശേഷം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച്ച (Elon Musk Meets Benjamin Netanyahu) നടത്തിയ മസ്‌ക് അദ്ദേഹത്തോടൊപ്പം ഹമാസ് തീവ്രവാദികളുടെ ആക്രമണത്തിനിരയായ ജൂത സെറ്റിൽമെന്‍റ് സന്ദർശിച്ചു.
മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ-യുഎസ് ഇരട്ട പൗരത്വമുള്ള 4 വയസുകാരി അബിഗേൽ എദന്‍റെ (Abigail Edan) കുടുംബം ഉൾപ്പെടെ, സെറ്റിൽമെന്‍റില്‍ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായും പരിക്കേറ്റവരുമായും ഇലോൺ മസ്‌ക് സംസാരിച്ചു. അബിഗേലിനെ ഹമാസ് പിന്നീട് വിട്ടയച്ചിരുന്നു.
കൂട്ടക്കൊലയുടെ രംഗം കാണുന്നത് ഭയങ്കരമായിരുന്നെന്ന് പിന്നീട് നെതന്യാഹുവുമായി നടന്ന എക്‌സ് സ്പേസ് സംഭാഷണത്തിൽ മസ്‌ക് പറഞ്ഞു (Elon Musk - Benjamin Netanyahu X Space Discussion). പ്രധാനമന്ത്രി കാണിച്ചുതന്ന കുട്ടികളുൾപ്പെടെയുള്ള സാധാരണക്കാരുടെ കൊലകളും, വീഡിയോയും, ഫോട്ടോകളും തന്നെ അസ്വസ്ഥനാക്കിയെന്നും മസ്‌ക് പറഞ്ഞു. കൂടിക്കാഴ്ച്ചയിൽ ഹമാസുമായി തുടരുന്ന സംഘർഷം, അത് സൃഷ്‌ടിച്ച പ്രതിഷേധങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ഇരുവരും ചര്‍ച്ച ചെയ്‌തു. എന്നാൽ എക്‌സില്‍ നടക്കുന്ന ജൂതവിരുദ്ധത പരാമര്‍ശിക്കപ്പെട്ടില്ല. ചർച്ചയ്ക്കിടെ ഒരു നല്ല ഭാവി കെട്ടിപ്പടുക്കുന്നതിൽ മസ്‌ക് പങ്കാളിയാകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു,
ഇസ്രായേൽ പ്രസിഡന്‍റ് ഐസക് ഹെർസോഗുമായും മസ്‌ക് കൂടിക്കാഴ്ച്ച നടത്തും (Elon Musk Isaac Herzog Meeting). പ്രത്യേക യുദ്ധകാല കാബിനറ്റിന്‍റെ ഭാഗമായ മുൻ പ്രതിരോധ മന്ത്രി ബെന്നി ഗാന്‍റസുമായും (Benny Gantz) മസ്‌ക് കൂടിക്കാഴ്ച്ച നടത്തുമെന്നാണ് റിപ്പോർട്ട്. അതേസമയം മസ്‌ക് എത്തിയത് ക്ഷണപ്രകാരമാണോ സ്വമേധയാ വന്നതാണോ എന്ന കാര്യത്തിൽ ഇസ്രയേൽ സർക്കാർ പ്രതികരിച്ചിട്ടില്ല.
നേരത്തെ ഒരു എക്‌സ് ഉപയോക്താവ് നടത്തിയ ജൂത വിരുദ്ധ പരാമർശത്തെ മസ്‌ക് പിന്തുണച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ജൂതന്മാർ വെള്ളക്കാർക്കെതിരെ വിദ്വേഷം വളർത്തുന്നുവെന്ന് എക്‌സിൽ ഒരു ഉപയോക്താവ് എഴുതിയ പോസ്‌റ്റിനെ പന്തുണച്ച മസ്‌ക് അത് സത്യമാണെന്ന് പ്രതികരിച്ചിരുന്നു. ഇതോടെ ഇലോൺ മസ്‌കിനെതിരെ രൂക്ഷ വിമർശനമാണ് ഇസ്രായേലിൽ നിന്നടക്കം ഉയർന്നത്.