സാൻഫ്രാൻസിസ്കോ : സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്വിറ്ററിനെ റീബ്രാൻഡ് ചെയ്യാൻ പദ്ധതിയിടുന്നതായി ഉടമ ഇലോൺ മസ്‌ക്. മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമിന്‍റെ 'ബ്ലൂ ബേഡ്' ലോഗോയ്ക്ക് പകരം 'എക്‌സ്' ലോഗോ ഉടൻ നൽകുമെന്ന് ട്വീറ്റിലൂടെയാണ് ഇലോൺ മസ്‌ക് പ്രഖ്യാപിച്ചത്. മസ്‌കിന്‍റെ ട്വീറ്റ് പുറത്തുവന്നതോടെ പുതിയ മാറ്റത്തെക്കുറിച്ചുള്ള ചർച്ചകളാണ് സാമൂഹിക മാധ്യമങ്ങളിലെല്ലാം നിറഞ്ഞുനിൽക്കുന്നത്. കഴിഞ്ഞ വർഷം ഉടമസ്ഥാവകാശം ഏറ്റെടുത്തത് മുതൽ ട്വിറ്ററിൽ മസ്‌കിന്‍റെ പരീക്ഷണങ്ങൾക്കാണ് ടെക് ലോകം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്.
'സത്യസന്ധമായി പറഞ്ഞാൽ, ഈ പ്ലാറ്റ്‌ഫോമിലെ നെഗറ്റീവ് ഫീഡ്‌ബാക്കുകൾ ഞാൻ ഇഷ്‌ടപ്പെടുന്നു. ചില വെറുപ്പുളവാക്കുന്ന സെൻസർഷിപ്പ് ബ്യൂറോയേക്കാൾ വളരെ അഭികാമ്യമാണത്'. ഈ ട്വീറ്റിന് പിന്നാലെയാണ് 'ഉടൻ തന്നെ ഞങ്ങൾ ട്വിറ്റർ ബ്രാൻഡിനോടും ക്രമേണ എല്ലാ പക്ഷികളോടും വിടപറയും എന്ന പ്രസ്‌താവനയുമായി മസ്‌ക് രംഗത്തെത്തിത്. 'ഇന്ന് രാത്രി മികച്ച 'എക്‌സ്' ലോഗോ ലഭിച്ചാൽ ലോകമെമ്പാടും അത് നിലവിൽ വരുമെന്ന് മറ്റൊരു ട്വീറ്റിൽ മസ്‌ക് അറിയിച്ചതോടെയാണ് റീബ്രാൻഡിങ് കൂടുതൽ ചർച്ചയായത്. ഏകദേശം അരമണിക്കൂറിനുശേഷം, 'എക്‌സ്' ലോഗോ ഹൈലൈറ്റ് ചെയ്യുന്ന ഒരു വീഡിയോ അദ്ദേഹം പോസ്റ്റ് ചെയ്‌തു. അത് നിലവിലെ 'നീല പക്ഷി'യ്‌ക്ക് പകരമായാകുമെന്നാണ് ടെക് ലോകം പ്രതീക്ഷിക്കുന്നത്.
റീബ്രാൻഡിങ് ചെയ്യാനുള്ള മസ്‌കിന്‍റെ തീരുമാനത്തെക്കുറിച്ച് നിരവധി ഉപയോക്താക്കളാണ് പ്രതികരിച്ചത്. ഒക്കുലസിന്‍റെ നല്ല പേരിനെ തകർത്ത് ഫേസ്ബുക്ക് ആക്കിക്കൊണ്ട് സക്കർബർഗ് (Mark Zuckerberg) ചെയ്‌ത തെറ്റ് നിങ്ങൾ ചെയ്യരുത്. അങ്ങനെ ചെയ്‌താൽ പൂർണമായും ട്വിറ്റർ പ്ലാറ്റ്‌ഫോം നിങ്ങളെക്കുറിച്ച് മാത്രമാകും.