വാഷിങ്‌ടണ്‍:ഡെമോക്രാറ്റിക് പാര്‍ട്ടിയോട് തുറന്ന സമീപനമാണ് തനിക്കുള്ളതെന്ന് വ്യക്തമാക്കി ശതകോടീശ്വരനും ട്വിറ്റര്‍ സിഇഒയുമായ ഇലോണ്‍ മസ്‌ക്. വരാന്‍ പോകുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള കോണ്‍ഗ്രസിനാണ് തന്‍റെ പിന്തുണയെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് മസ്‌കിന്‍റെ പുതിയ പ്രസ്‌താവന.
ഉപരിസഭയായ സെനറ്റും (Senate) അധോസഭയായ പ്രതിനിധി സഭയും (House of Representatives) അടങ്ങുന്ന അമേരിക്കയുടെ നിയമനിര്‍മാണ സഭയാണ് കോണ്‍ഗ്രസ്. ഒരിക്കലും ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വോട്ട് ചെയ്യില്ലെന്ന നിലപാട് തനിക്കില്ലെന്നാണ് മസ്‌ക് വ്യക്തമാക്കിയത്. സ്വതന്ത്ര രാഷ്‌ട്രീയ നിലപാടാണ് തനിക്കുള്ളതെന്നും ഈ വര്‍ഷം വരെ താന്‍ വോട്ട് ചെയ്‌തത് ഡെമോക്രാറ്റിക് പാര്‍ട്ടിക്കാണെന്നും ഇലോണ്‍ മസ്‌ക് പറഞ്ഞു.
അമേരിക്കയില്‍ ഈ ആഴ്‌ച നടക്കാന്‍ പോകുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ താന്‍ ഏത് പാര്‍ട്ടിക്കാണ് വോട്ട് ചെയ്യാന്‍ പോകുന്നതെന്ന് തിങ്കളാഴ്‌ചയാണ് ഇലോണ്‍ മസ്‌ക് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന്‍റെ ഇരു സഭകളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ വരുന്നതാണ് നല്ലതെന്നും അതുകൊണ്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കായി വോട്ട് ചെയ്യണമെന്നും വോട്ടര്‍മാരോട് ശുപാര്‍ശ ചെയ്യുകയും ചെയ്‌തു ഇലോണ്‍ മസ്‌ക്.
അധികാരം പങ്ക് വയ്ക്കപ്പെടണമെന്ന് വാദം:അമേരിക്കയില്‍ രാഷ്‌ട്രീയ അധികാരം രണ്ട് പാര്‍ട്ടികള്‍ കയ്യാളുന്നതാണ് നല്ലതെന്നാണ് ട്വിറ്ററിലൂടെ ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചത്. ഡെമോക്രാറ്റായ ജോ ബൈഡന്‍ പ്രസിഡന്‍റായ സാഹചര്യത്തില്‍ നിയമനിര്‍മാണ സഭ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നിയന്ത്രിക്കട്ടെ എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അധികാരം പങ്ക് വയ്ക്കപ്പെടുമ്പോള്‍ ഇരു പാര്‍ട്ടികളുടെയും അമിതാധികാര പ്രവണത ഇല്ലാതാകും.
അതുകൊണ്ട് നിലവില്‍ പ്രസിഡന്‍റ് ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നാണ് എന്നുള്ളതിനാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കുന്ന കോണ്‍ഗ്രസിനായി താന്‍ ശുപാര്‍ശ ചെയ്യുന്നുവെന്നും ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്‌തു. കടുത്ത രാഷ്‌ട്രീയ നിലപാടുള്ള ഡെമോക്രാറ്റുകളോ റിപ്പബ്ലിക്കന്‍മാരോ മറുപക്ഷത്തെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാറില്ല. അതുകൊണ്ട് തന്നെ വോട്ടെടുപ്പിന്‍റെ ഫലം നിര്‍ണയിക്കുന്നത് സ്വതന്ത്ര രാഷ്‌ട്രീയ നിലപാടുള്ള ആളുകളാണെന്നും അദ്ദേഹം പറഞ്ഞു.
കണ്‍സര്‍വേറ്റീവുകളുടെ പ്രിയങ്കരന്‍: മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തപ്പോള്‍ വലിയ ആഹ്ളാദമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളും അനുയായികളും പ്രകടിപ്പിച്ചത്. ട്വിറ്റര്‍ സമചിത്തതയുള്ള ആളുടെ നിയന്ത്രണത്തിലായി എന്നാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. 2021 ജനുവരി ആറിലെ കാപ്പിറ്റോള്‍ ഹില്‍ ആക്രമണത്തെ തുടര്‍ന്ന് ട്വിറ്റര്‍ ട്രംപിന് നിരോധനമേര്‍പ്പെടുത്തിയിരുന്നു.
2020ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കൃത്യമം നടന്നിട്ടുണ്ടെന്ന് ആരോപിച്ച് ട്രംപിന്‍റെ അനുയായികള്‍ നിയമനിര്‍മാണസഭ കെട്ടിടത്തിലേക്ക് അതിക്രമിച്ച് കയറി നടത്തിയ ആക്രമണത്തെയാണ് കാപ്പിറ്റോള്‍ ഹില്‍ ആക്രമണം എന്ന് പറയുന്നത്. ട്വിറ്റര്‍ ലിബറല്‍ ആശയങ്ങള്‍ക്കാണ് കൂടുതല്‍ പ്രമുഖ്യം കൊടുക്കുന്നതെന്നും കണ്‍സര്‍വേറ്റീവ് ആശയങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നുണ്ട് എന്നുമായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളുടെ പരാതി.
അഭിപ്രായ സര്‍വേകള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അനുകൂലം: ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രതിനിധി സഭ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലാകുമെന്നാണ് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഉപരിസഭയായ സെനറ്റ് ആരുടെ നിയന്ത്രണത്തിലാകുമെന്ന് പ്രവചനാതീതമാണെന്നും വിലയിരുത്തപ്പെടുന്നു. യുഎസ് പ്രസിഡന്‍റിന്‍റെ കാലാവധിയായ നാല് വര്‍ഷത്തിന്‍റെ മധ്യത്തില്‍ നിയമനിര്‍മാണ സഭയിലേയ്ക്ക് നടക്കുന്ന പൊതു തെരഞ്ഞടുപ്പിനെയാണ് ഇടക്കാല തെരഞ്ഞെടുപ്പ് എന്ന് പറയുന്നത്. ഇടക്കാല തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേയ്ക്കും മത്സരം നടക്കും. എന്നാല്‍ സെനറ്റിലെ ആകെയുള്ള നൂറ് സീറ്റുകളില്‍ 33 അല്ലെങ്കില്‍ 34 സീറ്റുകളിലേയ്ക്കാണ് ഇടക്കാല തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടക്കുക.