സാന്‍ഫ്രാന്‍സിസ്‌കോ: സമൂഹ മാധ്യമമായ ട്വിറ്റര്‍ വാങ്ങില്ലെന്ന് ടെസ്‌ല, സ്‌പേസ്എക്‌സ് കമ്പനികളുടെ മേധാവിയും ശതകോടീശ്വരന്മാരിലൊരാളുമായ ഇലോണ്‍ മസ്‌ക്. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഇലോണ്‍ മസ്‌ക് പിന്മാറിയത്. ഈ വര്‍ഷം ഏപ്രിലിലാണ് ട്വിറ്റര്‍ ഏറ്റെടുക്കുമെന്ന് മസ്‌ക് പ്രഖ്യാപിച്ചത്.
സമൂഹ മാധ്യമം ഏറ്റെടുക്കാനുള്ള 44 ബില്യൺ ഡോളറിന്‍റെ കരാർ റദ്ദാക്കുകയാണെന്ന് വ്യക്തമാക്കി മസ്‌ക് ട്വിറ്റര്‍ ബോർഡിന് കത്തയച്ചു. വ്യാജ അക്കൗണ്ടുകള്‍ സംബന്ധിച്ച് ആവശ്യപ്പെട്ട വിവരങ്ങള്‍ ട്വിറ്റര്‍ നല്‍കിയില്ലെന്നാണ് മസ്‌കിന്‍റെ ആരോപണം. വ്യാജ അക്കൗണ്ടുകളുടെ യഥാര്‍ഥ കണക്കുകള്‍ കൈമാറിയില്ലെങ്കില്‍ കരാറില്‍ നിന്നും പിന്മാറുമെന്ന് മസ്‌ക് നേരത്തെ വ്യക്തമാക്കിയിരുന്നു.
സ്‌പാം, വ്യാജ അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ നല്‍കണമെന്ന് രണ്ട് മാസമായി ആവശ്യപ്പെടുകയാണെങ്കിലും ട്വിറ്റര്‍ പലപ്പോഴും ഇതിനോട് പ്രതികരിച്ചില്ലെന്നും മറ്റ് ചിലപ്പോള്‍ അന്യായമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ആവശ്യം നിരസിക്കുകയായിരുന്നുവെന്നും മസ്‌കിന്‍റെ അഭിഭാഷകര്‍ മൈക്ക് റിങ്ക്‌ളര്‍ ആരോപിച്ചു. ഇതിലൂടെ കരാറിലെ പല വ്യവസ്ഥകളും ട്വിറ്റർ ലംഘിച്ചുവെന്നും ബോര്‍ഡിനയച്ച കത്തില്‍ പറയുന്നു.
അതേസമയം, ഇലോണ്‍ മസ്‌കിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ട്വിറ്റര്‍ ബോർഡ് ചെയർമാൻ ബ്രെറ്റ് ടെയ്‌ലര്‍ വ്യക്തമാക്കി. കരാര്‍ പൂര്‍ത്തിയാക്കില്ലെങ്കില്‍ ബ്രേക്ക് അപ്പ് ഫീ ആയി 1 ബില്യണ്‍ യുഎസ് ഡോളര്‍ മസ്‌ക് ട്വിറ്ററിന് നല്‍കണമെന്നാണ് കരാറിലെ വ്യവസ്ഥ. ട്വിറ്റര്‍ ഏറ്റെടുക്കുമെന്ന മസ്‌കിന്‍റെ പ്രഖ്യാപനത്തിന് ശേഷവും ഇക്കാര്യം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു.
Also read: എഴുത്തുകാരിയില്‍ അഞ്ച് മക്കള്‍, പാട്ടുകാരിയില്‍ രണ്ടുപേര്‍, തന്‍റെ ഉദ്യോഗസ്ഥയില്‍ ഇരട്ടക്കുട്ടികളും ; ഇലോണ്‍ മസ്‌കിന് മക്കള്‍ ഒന്‍പത്