കാബൂള്‍: അഫ്‌ഗാനിസ്ഥാനില്‍ വീണ്ടും ഭൂകമ്പം. 80 പേര്‍ക്ക് പരിക്ക്. 700 ഓളം വീടുകള്‍ തകര്‍ന്നു. അപകടത്തില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ഇന്ന് (ഒക്‌ടോബര്‍ 11) രാവിലെയാണ് പടിഞ്ഞാറന്‍ അഫ്‌ഗാനിസ്ഥാനിലെ ഹെറാത്തില്‍ ഭൂകമ്പം ഉണ്ടായത് (Afghanistan Earth Quake).
ഹെറാത്തില്‍ നിന്നും 28 കിലോമീറ്ററോളം ദൂരത്ത് ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. റിക്‌ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയെന്നും 10 കിലോമീറ്റര്‍ ആഴത്തില്‍ ഭൂകമ്പം ഉണ്ടായിട്ടുണ്ടെന്നും യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു (Earth Quake In Afghanistan). ഭൂകമ്പവും പിന്നാലെ എട്ട് തുടര്‍ ചലനങ്ങളുമാണ് അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഹെറാത്ത്- തോര്‍ഗോണ്ടി ഹൈവേയിലെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടതായി വാര്‍ത്ത വിതരണ മന്ത്രാലയ വക്താവ് അബ്‌ദുള്‍ വാഹിദ് റയാന്‍ പറഞ്ഞു.
അഫ്‌ഗാനിസ്ഥാനില്‍ കഴിഞ്ഞയാഴ്‌ച റിപ്പോര്‍ട്ട് ചെയ്‌ത ഭൂകമ്പത്തില്‍ 2000 ത്തിലധികം പേര്‍ കൊല്ലപ്പെടുകയും ആയിര കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ആദ്യ ഭൂകമ്പത്തിന് ശേഷം വീണ്ടും ഭൂകമ്പമുണ്ടായത് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. നേരത്തെയുണ്ടായ ഭൂകമ്പത്തില്‍ ഹെറാത്ത് പ്രവിശ്യയിലെ 11 വീടുകള്‍ തകര്‍ന്നിരുന്നു. അതേസമയം നേരത്തെയുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് ഹെറാത്ത് പ്രവിശ്യയിലെ മിക്ക ജനങ്ങളും രാത്രിയില്‍ ടെന്‍റുകളിലാണ് കിടന്നുറങ്ങുന്നത് .
നേരത്തെ 40 കിലോമീറ്ററോളം അകലത്തിലാണ് ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്‌തത്. 20 ഗ്രാമങ്ങളെ ഭൂകമ്പം ബാധിച്ചു. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചുവെന്നും ഭൂചലനമുണ്ടായ പ്രദേശത്ത് സർക്കാർ നിയന്ത്രണത്തിലുള്ള ഒരു ആശുപത്രി മാത്രമാണുള്ളതെന്നും യുഎന്‍ വക്താവ് ഫര്‍ഹാന്‍ ഹഖ് പറഞ്ഞു. സിന്ദാ ജാന്‍ എന്ന മേഖലയിലാണ് ഭൂകമ്പം കൂടുതല്‍ നാശനഷ്‌ടം വരുത്തിയത്.
അഫ്‌ഗാനിസ്ഥാനിലെ ദുരന്ത ബാധിതര്‍ക്ക് പൂര്‍ണമായും സഹായം എത്തിക്കാന്‍ താലിബാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. വീടുകള്‍ നഷ്‌ടപ്പെട്ടവര്‍ക്ക് താമസ സൗകര്യവും പൂര്‍ണമായും ഒരുക്കിയിട്ടില്ല. അന്താരാഷ്‌ട്ര സംഘടനകളുമായി കൂടുതല്‍ ബന്ധമില്ലാത്തത് കൊണ്ട് അത്തരത്തില്‍ സഹായങ്ങളൊന്നും അഫ്‌ഗാനിസ്ഥാനിലേക്ക് ലഭിച്ചിട്ടില്ല. അഫ്‌ഗാനിസ്ഥാനില്‍ നിരന്തരം ഭൂകമ്പങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. എന്നാല്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ ഭൂകമ്പമാണ് കഴിഞ്ഞ ആഴ്‌ച റിപ്പോര്‍ട്ട് ചെയ്‌തത്.
ജപ്പാനിലും അടുത്തിടെ സമാന സംഭവം (Earth Quake In Japan): ഇക്കഴിഞ്ഞ ആറിനാണ് ജപ്പാനിലെ ഹോണ്‍ഷുവില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്‌തത്. റിക്‌ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത് രാവിലെ ഏഴ് മണിയോടെയായിരുന്നു. ഹോണ്‍ഷുവിന്‍റെ തെക്കുകിഴക്കായി 62 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം (Earth Quake In Japan Honshu). ഭൂചലനത്തില്‍ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല (Japan Earth Quake Of Southeast Honshu).
ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലും അടുത്തിടെ ഭൂചലനം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. റിക്‌ടര്‍ സ്‌കെയില്‍ 3.2 തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്‌മോളജി (National Center For Seismology) അറിയിച്ചു. ഭൂമിയില്‍ നിന്നും 5 കിലോമീറ്റര്‍ ആഴത്തില്‍ ഭൂകമ്പം ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.