തായ്‌പേയ്:തായ്‌വാനിൽ ഭൂചലനത്തിൽ വൻ നാശനഷ്‌ടം. മലയിടുക്കിൽ കുടുങ്ങിയ 400ഓളം വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥാനത്തേക്ക് തിരികെ എത്തിച്ചു. ഭൂചലനത്തിൽ ഗുരുതര ആൾനാശമില്ലെന്ന് അന്താരാഷ്‌ട്ര വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്‌തു.എന്നാല്‍, നിരവധി പേര്‍ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ നടക്കുകയാണെന്നും ദുരന്തനിവാരണ സംഘം അറിയിച്ചു.
ഇന്ന്(19.09.2022) രാവിലെ വരെ ചെറിയ ഭൂചലനങ്ങൾ ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ അനുഭവപ്പെട്ട ഭൂചലനത്തിൽ ഒരാള്‍ മരിച്ചതായും 146 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി റിപ്പോര്‍ട്ടുണ്ട്. ഭൂചലനത്തിൽ യൂലി ടൗണിൽ മൂന്ന് നില കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ നാല് പേരെ രക്ഷപ്പെടുത്തി.
തകർന്ന പാലത്തിൽ നിന്ന് വീണ വാഹനങ്ങളില്‍ നിന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തിയതായും അഗ്നിശമന സേന വിഭാഗം അറിയിച്ചു. യൂലിക്കും ചിഷാങ്ങിനും ഇടയിലുള്ള ഫുലി ടൗണിലെ ഡോംഗ്‌ളി റെയിൽവേ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോം ഭാഗികമായി തകരുകയും സ്‌റ്റേഷനിലുണ്ടായിരുന്ന ട്രെയിനിലെ മൂന്ന് ബോഗികൾ വേർപെടുകയും ചെയ്‌തു.