മെക്‌സിക്കോ:സെൻട്രൽ മെക്‌സിക്കോ തീരത്ത് ഭൂചലനം ഉണ്ടായതായി നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. റിക്‌ടര്‍ സ്‌കെയിലില്‍ 6.3 തീവ്രതയാണ് രേഖപ്പെടുത്തിയത്. 108.82 കിലോമീറ്റര്‍ ആഴത്തില്‍ പ്രകമ്പനമുണ്ടായതായി എന്‍സിഎസ് ട്വീറ്റ് ചെയ്‌തു.
ബംഗ്ലാദേശിലെ ഭൂചലനത്തിന്‍റെ പ്രഭാവം അസമിലും: ഇക്കഴിഞ്ഞ 16നാണ് ബംഗ്ലാദേശില്‍ ഭൂചലനമുണ്ടായത്. രാവിലെ 10.16 നായിരുന്നു സംഭവം. എന്നാല്‍ ബംഗ്ലാദേശിലുണ്ടായ ഈ ഭൂചലനത്തിന്‍റെ പ്രകമ്പനം ഇന്ത്യയിലെ അസം അടക്കമുള്ള ചില വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടതായി നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.
70 കിലോമീറ്റര്‍ വ്യാപ്‌തിയുള്ള പ്രകമ്പനത്തിന് 4.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂചലനത്തില്‍ നാശനഷ്‌ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
അസമില്‍ വേറെയും ഭൂചലനം: ഇക്കഴിഞ്ഞ ജൂണ്‍ 11നും അസമിലെ മധ്യ മേഖലയില്‍ ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. റിക്‌ടര്‍ സ്‌കെയിലില്‍ 3.6 തീവ്രതയാണ് രേഖപ്പെടുത്തിയത്. അസം തലസ്ഥാനമായ ഗുവാഹത്തിയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള ബ്രഹ്മപുത്ര നദിയുടെ വടക്കന്‍ തീരമാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. മോറിഗാവ്, നാഗോണ്‍, വെസ്റ്റ് കര്‍ബി ആംഗ്ലോങ്, ദരാംഗ്, ലഖിംപൂര്‍, ഉദല്‍ഗുരി എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടു.
ഡല്‍ഹിയിലും ഭൂചലനം അടുത്തിടെ: കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം ഉണ്ടായത്. സെക്കന്‍റുകളോളം നീണ്ട് നിന്ന ഭൂചലനം റിക്‌ടര്‍ സ്‌കെയിലില്‍ 6.6 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഉത്തര്‍ പ്രദേശ്, ഹരിയാന, പഞ്ചാബ്, ജമ്മു കശ്‌മീര്‍ എന്നിവിടങ്ങളിലെല്ലാം ഭൂചലനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടതായി എന്‍സിആര്‍ പറയുന്നു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ അഫ്‌ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലും ഭൂചലനം ഉണ്ടായിട്ടുണ്ട്. ഇതിന് ഏതാനും ആഴ്‌ചകള്‍ക്ക് മുമ്പും ഡല്‍ഹിയില്‍ ഏതാനും ചെറിയ ഭൂചലനങ്ങള്‍ രൂപപ്പെട്ടിരുന്നു. ഭൂചലനത്തില്‍ ആളപായമോ നാശനഷ്‌ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ശ്രീനഗറിനെ വിറപ്പിച്ച് ഭൂചലനം: ജമ്മു കശ്‌മീര്‍ തലസ്ഥാനമായ ശ്രീനഗറില്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ ചെറിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. പുലര്‍ച്ചെ അഞ്ച് മണിക്ക് അനുഭവപ്പെട്ട ഭൂചലനത്തില്‍ 4.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. അഞ്ച് കിലോമീറ്റര്‍ പരിധിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും കശ്‌മീരിലെ 20 ജില്ലകളില്‍ എമര്‍ജന്‍സി ഓപറേഷന്‍ സെന്‍റര്‍ തുറക്കുമെന്ന് ഭരണ കൂടം അറയിച്ചിരുന്നു. ഇതിന്‍റെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്‌ഗാം ജില്ലയില്‍ ആരംഭിച്ചതായാണ് ലഭിക്കുന്ന വിവരം.
also read:ഡല്‍ഹി അടക്കമുള്ള വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം