വാഷിങ്‌ടൺ : പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അട്ടിറിക്കാൻ (Election Subversion Case) ശ്രമിച്ച കേസിൽ മുൻ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് (Former US President Donald Trump) കീഴടങ്ങി. അറ്റ്‌ലാന്‍റയിലെ ഫുൾട്ടൺ കൗണ്ടി ജയിലിലിലാണ് (Fulton County jail) ട്രംപ് കീഴടങ്ങിയത്. ഫുൾട്ടൺ കൗണ്ടിയിൽ അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം വിചാരണ വരെ ട്രംപിനെ ജാമ്യത്തിൽ വിട്ടയച്ചു.
2020 ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച കേസിലാണ് മുൻ യുഎസ് പ്രസിഡന്‍റിന്‍റെ അറസ്‌റ്റ്. പ്രസ്‌തുത കേസിൽ 2,00,000 ഡോളർ ബോണ്ടും റിലീസ് വ്യവസ്ഥകളും ട്രംപ് കോടതിയിൽ അംഗീകരിച്ചിട്ടുണ്ട്. കൂടാതെ കേസിലെ സാക്ഷികളെയോ സഹപ്രതികളെയോ ലക്ഷ്യമിട്ടുകൊണ്ടുള്ള ഭീഷണി സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന വ്യവസ്ഥയും ട്രംപ് അംഗീകരിച്ചു.
അതേസമയം, താൻ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും സത്യസന്ധതയില്ലാത്ത തെരഞ്ഞെടുപ്പിനെ വെല്ലുവിളിക്കാൻ ഞങ്ങൾക്ക് എല്ലാ അവകാശവും ഉണ്ടെന്നും ജാമ്യത്തിലിറങ്ങിയ ശേഷം ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഈ വർഷം നാലാം തവണയാണ് തനിക്കെതിരായ ക്രിമിനൽ കുറ്റങ്ങളുടെ പേരിൽ ഡോണാൾഡ് ട്രംപ് ജോർജിയയിൽ നിയമത്തിന് മുന്നിൽ എത്തുന്നത്. അമേരിക്കയുടെ ചരിത്രത്തിൽ ക്രിമിനൽ കുറ്റത്തിന് വിചാരണ നേരിടുന്ന ആദ്യത്തെ പ്രസിഡന്‍റ് കൂടിയാണ് ഡൊണാൾഡ് ട്രംപ്.
Also Read :ഹഷ് മണി വിവാദം: 'നിയമവിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ല', 34 കുറ്റങ്ങൾ കോടതിയില്‍ നിഷേധിച്ച് ട്രംപ്