വാഷിങ്ടണ്‍ : യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി 2021 ജനുവരി 6ന് ട്രംപ് അനുകൂലികള്‍ നടത്തിയ ക്യാപിറ്റോള്‍ ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വിവിധ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. പ്രത്യേക അഭിഭാഷകൻ ജാക്ക് സ്‌മിത്തിന്‍റെ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിസ്ട്രിക്റ്റ് കോർട്ട്, ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയുടെ കേസ് ലിസ്റ്റ് അനുസരിച്ച്, ട്രംപിനെതിരായ കേസ് ജില്ല ജഡ്‌ജി താനിയ ചുത്കന്‍ ആണ് പരിഗണിക്കുക. 2014ല്‍ ആണ് താനിയ ജഡ്‌ജിയായി നിയമിതയായത്.
അഭിഭാഷകന്‍ ജാക് സ്‌മിത്തിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് ട്രംപിനെതിരെ യുഎസിനെ കബളിപ്പിക്കാനുള്ള ഗൂഢാലോചന, ഔദ്യോഗിക നടപടി തടസപ്പെടുത്താൻ ഗൂഢാലോചന, ഔദ്യോഗിക നടപടി തടസപ്പെടുത്തല്‍, അവകാശങ്ങൾക്കെതിരായ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് വാഷിങ്‌ടണ്‍ ഡിസിയിലെ ഫെഡറല്‍ കോടതിയില്‍ വ്യാഴാഴ്‌ച ട്രംപ് ഹാജരാകണം.
തന്നെ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്നും ഇനി എപ്പോൾ വേണമെങ്കിലും കുറ്റാരോപിതനാക്കപ്പെടുമെന്നും കുറ്റപത്രം സമര്‍പ്പിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചിരുന്നു.
രേഖ കൈമാറ്റ കേസില്‍ അറസ്റ്റും പിന്നാലെ ജാമ്യവും : നേരത്തെ ജൂണ്‍ 14ന്, സർക്കാരിന്‍റെ രഹസ്യ രേഖകൾ തെറ്റായി കൈകാര്യം ചെയ്‌തെന്ന ആരോപണവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ഡൊണാൾഡ് ട്രംപിനെ മിയാമിയിലെ ഫെഡറൽ കോടതി ജാമ്യത്തിൽ വിട്ടിരുന്നു. ജൂണ്‍ 13 ചൊവ്വാഴ്‌ചയായിരുന്നു കുറ്റാരോപിതനായ ട്രംപിനെ അറസ്‌റ്റ് ചെയ്‌ത് കോടതി വിചാരണ ചെയ്‌തത്.
എന്നാൽ ട്രംപ് കുറ്റം നിഷേധിക്കുകയാണുണ്ടായത്. പിന്നാലെ കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുകയും ചെയ്‌തു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലാകുന്ന ആദ്യ അമേരിക്കന്‍ മുൻ പ്രസിഡന്‍റ് കൂടിയാണ് ഡോണാൾഡ് ട്രംപ്. ദേശീയ പ്രതിരോധ വിവരങ്ങൾ നിയമവിരുദ്ധമായി കൈവശം വയ്‌ക്കൽ, അന്വേഷണം തടസപ്പെടുത്തൽ, തെളിവ് നശിപ്പിക്കൽ തുടങ്ങി 37 കുറ്റകൃത്യങ്ങളായിരുന്നു ട്രംപിന്‍റെ പേരിൽ രജിസ്‌റ്റർ ചെയ്‌തിരുന്നത്.
വൈറ്റ് ഹൗസിലെ നിരവധി രഹസ്യ സ്വഭാവമുള്ള രേഖകൾ ട്രംപ് തന്‍റെ ഫ്ലോറിഡയിലെ വസതിയിലേയ്‌ക്ക് കൊണ്ടുപോയി തെറ്റായി കൈകാര്യം ചെയ്‌തെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം. കഴിഞ്ഞ ഓഗസ്റ്റിൽ ട്രംപിന്‍റെ വസതിയിൽ നിന്ന് രേഖകൾ കണ്ടെത്തുകയും ചെയ്‌തിരുന്നു. അതേസമയം ഫെഡറൽ അന്വേഷണം തടസപ്പെടുത്തിയെന്ന കേസിൽ ട്രംപിന്‍റെ സഹായി വാൾട്ട് നൗട്ടയെയും യുഎസ് നീതിന്യായ വകുപ്പ് അറസ്‌റ്റ് ചെയ്‌തിരുന്നു.
ജാമ്യത്തില്‍ ഇറങ്ങിയ ട്രംപിന് ഐക്യദാർഢ്യവുമായി നിരവധി അനുയായികൾ മിയാമിയിലെ ക്യൂബൻ റെസ്റ്റോറന്‍റ് പരിസരത്ത് ഒത്തുകൂടിയതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ ന്യായരഹിതമായ ഉപയോഗം എന്നാണ് ട്രംപിനെതിരായ കുറ്റപത്രത്തെ അദ്ദേഹത്തിന്‍റെ അഭിഭാഷകരിലൊരാൾ വിമർശിച്ചത്. മിയാമി കോടതിക്ക് പുറത്ത് നിന്നുകൊണ്ടായിരുന്നു അഭിഭാഷകന്‍റെ പരാമർശം.
ഇതിനിടെ അതേസമയം പോൺ ചലച്ചിത്ര താരം സ്‌റ്റോമി ഡാനിയൽസുമായുള്ള ഹഷ് മണി കേസിലും ഡൊണാള്‍ഡ് ട്രംപിന് ജാമ്യം ലഭിച്ചിരുന്നു. 2016 ൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താനുമായുള്ള ബന്ധം മറച്ചുവയ്‌ക്കാൻ സ്‌റ്റോമി ഡാനിയൽസിന് ട്രംപ് പണം നൽകിയെന്നാണ് കേസ്. ഇതില്‍ ട്രംപ് കോടതിയിൽ സ്വയം കീഴടങ്ങാനെത്തുകയും പിന്നീട് അദ്ദേഹത്തിന്‍റെ അറസ്‌റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.