സോൾ: കിം ജോങ് ഉൻ സമ്മാനമായി നല്‍കിയ രണ്ട് നായകളെ ചൊല്ലിയുള്ള വിവാദത്തില്‍ പെട്ടിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ രാഷ്‌ട്രീയം. ഉത്തരകൊറിയൻ പ്രസിഡന്‍റ് കിം 2018ലാണ് ദക്ഷിണ കൊറിയയിലെ അന്നത്തെ പ്രസിഡന്‍റും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ മൂൺ ജെ ഇന്നിന് വെള്ള നിറത്തിലുള്ള പുങ്‌സാന്‍ നായകളെ സമ്മാനിച്ചിരുന്നത്. രാഷ്‌ട്ര തലവന്‍മാര്‍ക്ക് കിട്ടുന്ന സമ്മാനം രാഷ്‌ട്രത്തിന്‍റെ സ്വത്തായി കണക്കാക്കണമെന്നിരിക്കെ പദവി ഒഴിഞ്ഞതിനുപിന്നാലെ നായകളെ മൂൺ തന്‍റെ വസതിയിലേക്ക് കൊണ്ടുപോയതാണ് സംഗതി പുലിവാലായത്.
നായകളെ 'കൈക്കലാക്കിയത്' നിയമം മാറ്റിയെഴുതി:നിലവിലെ പ്രസിഡന്‍റും പീപ്പിള്‍ പവര്‍ പാര്‍ട്ടി നേതാവുമായ യൂൻ സുക് യോളാണ് ഇതുസംബന്ധിച്ച വിഷയത്തില്‍ ആരോപണവും നിലപാടും കടുപ്പിച്ച് രംഗത്തെത്തിയത്. 2018 സെപ്‌റ്റംബറിൽ ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്‌യാങ്ങിൽ നടന്ന സമാധാന ഉച്ചകോടിയിലായിരുന്നു കിം സമ്മാനം കൈമാറിയത്. 2022 മെയ് മാസത്തില്‍ പ്രസിഡന്‍റ് പദവിയില്‍ നിന്നും രാജിവച്ച ശേഷം ഇദ്ദേഹം തന്‍റെ വസതിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. മറ്റൊരു രാഷ്‌ട്രം നല്‍കിയ സമ്മാനമെന്ന നിലയ്‌ക്ക് ഔദ്യോഗികമായി കൈമാറുന്നതിന് പകരം ഇരുനായകളെയും ഒരു നായക്കുഞ്ഞിനെയുമാണ് തന്‍റെ വസതിയിലേക്ക് കൊണ്ടുപോയത്.
ഇതില്‍ ആറ് നായക്കുഞ്ഞുങ്ങളെ മുന്‍ പ്രസിഡന്‍റ് ഔദ്യോഗികമായി രാജ്യത്തെ ഏല്‍പ്പിച്ചിരുന്നു. പ്രസിഡന്‍റിന് ലഭിക്കുന്ന സമ്മാനങ്ങളില്‍ മൃഗങ്ങളോ ചെടികളോ ഉണ്ടെങ്കില്‍ പുറത്ത് കൊണ്ടുപോവാന്‍ അനുവദിക്കുന്ന നിയമം അദ്ദേഹം പദവിയില്‍ നിന്നും പുറത്തുപോവുന്നതിന് മുന്‍പ് 2022 മാർച്ചിൽ കൊണ്ടുവന്നിരുന്നു. ഇതാണ് നായകളെ തന്‍റെ സ്വകാര്യ വസതിയിലേക്ക് കൊണ്ടുപോവാന്‍ അദ്ദേഹത്തിന് വഴിയൊരുക്കിയത്. എന്നാൽ, പ്രസിഡന്‍റ് യൂൻ സുക് യോളിന്‍റെ നിലവിലെ സർക്കാർ മൃഗങ്ങളുടെ ഭക്ഷണത്തിനും വെറ്ററിനറി പരിചരണത്തിനുമുള്ള ചെലവ് വഹിക്കാൻ വിസമ്മതിക്കുന്നതിനാൽ മൂന്ന് നായകളെ ഇനി വളർത്താൻ കഴിയില്ലെന്ന് മൂണിന്‍റെ ഓഫിസ് തിങ്കളാഴ്‌ച അറിയിച്ചു.