കീവ്: യുക്രൈനിലെ ബുച്ചയിലെ കൂട്ടക്കൊലയുടെ പേരില്‍ ആഗോള തലത്തില്‍ റഷ്യയ്ക്ക് എതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ, ബുച്ചയില്‍ നിന്നുള്ള ഹൃദയഭേദകമായ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് യുക്രൈന്‍. ബുച്ചയില്‍ റഷ്യൻ സൈന്യം കൊലപ്പെടുത്തിയെന്ന് കരുതപ്പെടുന്ന ഒരാളുടെ മൃതദേഹത്തിനരികില്‍ നിന്ന് മാറാതെ നില്‍ക്കുന്ന നായയുടെ ചിത്രം നൊമ്പരമുണര്‍ത്തുന്നു. പാതയോരത്ത് കിടക്കുന്ന മൃതദേഹത്തിന് സമീപത്ത് ഒരു സൈക്കിളും കാണാം.
യുക്രൈനിലുള്ള മൃഗാവകാശ സംഘടനയായ യുആനിമല്‍സാണ് ചിത്രം പങ്കുവച്ചത്. കൊല്ലപ്പെട്ടയാള്‍ നായയുടെ ഉടമയാണോയെന്ന കാര്യം വ്യക്തമല്ല. സമൂഹ മാധ്യമങ്ങളില്‍ ചിത്രം വ്യാപകമായി പ്രചരിയ്ക്കുന്നുണ്ട്.
കീവിന്‍റെ സമീപ പ്രദേശങ്ങളില്‍ നിന്ന് റഷ്യന്‍ സേന പിന്മാറിയതിന് പിന്നാലെയാണ് ബുച്ചയിലെ അതിക്രമത്തിന്‍റെ ദൃശ്യങ്ങള്‍ യുക്രൈന്‍ പുറത്തുവിട്ടത്. കീവിലെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ തെരുവുകളിലും പാതയോരങ്ങളിലുമായി നൂറുകണക്കിന് സാധാരണക്കാരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ബുച്ചയില്‍ റഷ്യ നടത്തിയത് കൂട്ടക്കുരുതിയാണെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്ലാഡിമിർ സെലൻസ്‌കി നേരത്തെ ആരോപിച്ചിരുന്നു.
പുടിനെ യുദ്ധകുറ്റവാളിയായി പ്രഖ്യാപിച്ച് വിചാരണ ചെയ്യണമെന്നാണ് സെലൻസ്‌കിയുടെ ആവശ്യം. വിഷയം യുഎൻ സുരക്ഷ സമിതിയ്ക്ക് മുന്‍പാകെ ഉന്നയിയ്ക്കാൻ ഒരുങ്ങുകയാണ് യുക്രൈന്‍ പ്രസിഡന്‍റ്. എന്നാല്‍ സാധാരണക്കാരെ കൊലപ്പെടുത്തിയിട്ടില്ലെന്നും ക്രിമിനൽ മനോഭാവമുള്ളവരെയാണ് വകവരുത്തിയതെന്നുമാണ് റഷ്യയുടെ വാദം.
Also read: നടക്കുന്നത് വംശഹത്യ: റഷ്യയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് യുക്രൈൻ