പാരിസ്:വിഖ്യാത ഫ്രഞ്ച് - സ്വിസ് സംവിധായകന്‍ ഴാങ് ലൂക് ഗൊദാർദ് അന്തരിച്ചു. 91 വയസായിരുന്നു. ഫ്രഞ്ച് നവതരംഗ സിനിമകള്‍ പരിചയപ്പെടുത്തിയതിലൂടെ ലോക സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്ത സംവിധായകനാണ്. ചൊവ്വാഴ്‌ച (സെപ്‌റ്റംബര്‍ 13) പുലർച്ചെയായിരുന്നു അന്ത്യം.
ബ്രെത്‍ലസ്, കണ്ടംപ്‌ട്, മൈ ലൈഫ് ടു ലിവ്, എ വുമൺ ഈസ് എ വുമൺ, ടൂ ഓർ ത്രീ തിങ്‌സ് ഐ നോ എബൗട്ട് ഹെർ, ആൽഫ വില്ലേ, ദി ഇമേജ് ബുക്ക്, ബാന്‍ഡ് ഓഫ് ഓട്ട്‌സൈഡേഴ്‌സ്, ലാ ചിനോയിസ് തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകൾ. തിരക്കഥാകൃത്ത്, നടൻ, നിർമാതാവ് എന്നീ നിലകളിലും ഗൊദാര്‍ദ് തന്‍റേതായ ഇടം ചരിത്രത്തില്‍ രേഖപ്പെടുത്തി.
നോവൽ വേഗിലെ പ്രധാനി:രചനയും സംവിധാനവും നിർവഹിച്ച് 1960ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ക്രൈം ഡ്രാമ ചിത്രമായ ബ്രെത്ത്‌ലെസാണ് അദ്ദേഹത്തിന്‍റെ ആദ്യ ചിത്രം. 60കളില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്ന് ചലച്ചിത്ര രംഗത്ത് വിപ്ലവം തീര്‍ക്കാന്‍ ഈ ഫ്രഞ്ച് സംവിധായകനായി. ചലച്ചിത്രനിർമാണത്തെ പ്രോത്സാഹിപ്പിച്ചിരുന്ന പ്രസ്ഥാനമായ നോവൽ വേഗിലെ പ്രധാനിയായിരുന്നു.
രാഷ്‌ട്രീയ സാമൂഹിക രംഗങ്ങളില്‍ സമൂലപരിഷ്‌കരണം ആവശ്യമാണെന്ന സിദ്ധാന്തമായ റാഡിക്കലിസം കലയിലൂടെ ഗൊദാര്‍ദ് ഉയര്‍ത്തിപ്പിടിച്ചു. സിനിമകളെ രാഷ്‌ട്രീയവത്‌ക്കരിക്കുന്നതില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഗൊദാര്‍ദ് ഡിജിറ്റൽ സാങ്കേതികവിദ്യയിൽ പരീക്ഷണം നടത്താനും മുതിര്‍ന്നു. 1930ൽ സ്വിസ് ഫിസിഷ്യന്‍റെ മകനായി പാരീസിൽ ജനിച്ച ഗൊദാർഡ് വളർന്നതും സ്‌കൂള്‍ വിദ്യാഭ്യാസം നേടിയതും സ്വിറ്റ്സർലൻഡ് ജനീവയിലെ നിയോണിലാണ്.
വഴിത്തിരിവായി സിനിമ ക്ലബ്ബ്:1949ൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പാരീസിലേക്ക് മടങ്ങി. യുദ്ധാനന്തരം ഫ്രഞ്ച് തലസ്ഥാനത്ത് ബുദ്ധിജീവികള്‍ സിനിമ ചര്‍ച്ചകള്‍ നടത്താനും മറ്റും തമ്പടിച്ചിരുന്ന 'സിനി ക്ലബ്ബില്‍' ഗൊദാർദ് എത്തപ്പെട്ടു. അങ്ങനെ സിനിമകളെ അടുത്താറിയാന്‍ ഈ വേദി അദ്ദേഹത്തെ സഹായിച്ചു. പില്‍ക്കാലത്ത് ഫിലിം ക്ലബ്ബുകളില്‍ സജീവപ്രവർത്തകനായിരുന്നു. ചലച്ചിത്ര നിരൂപകൻ ആന്ദ്രേ ബാസിൻ, സംവിധായകരായ ഫ്രാങ്കോയിസ് ട്രൂഫോ, ക്ലോഡ് ഷാബ്രോൾ, ജാക്വസ് റിവെറ്റ് എന്നിവരുമായുള്ള സൗഹൃദം സിനിമയില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തുന്നതിലേക്ക് നയിച്ചു.
ഹോളിവുഡിന്‍റെ 'വിമതന്‍':സോർബോൺ സർവകലാശാലയിൽ നിന്ന് നരവംശശാസ്‌ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം 1950കളിൽ ഒരു സിനിമ മാസിക സ്വന്തമായി നടത്തിയിരുന്നു. പരമ്പരാഗത രീതിയില്‍ പോയ്‌ക്കൊണ്ടിരുന്ന ഹോളിവുഡ് ചലച്ചിത്രനിർമാണത്തിനെതിരെ വിമര്‍ശന കൂരമ്പുകള്‍ പായിക്കുന്ന ധാരാളം നിരൂപണങ്ങള്‍ എഴുതി. അതേസമയം തന്നെ ഹോവാർഡ് ഹോക്‌സ്, ഓട്ടോ പ്രിമിംഗർ എന്നീ അമേരിക്കന്‍ സംവിധായകരെ പ്രോത്സാഹിപ്പിക്കാന്‍ അദ്ദേഹം തൂലിക ചലിപ്പിച്ചു. ഹോളിവുഡിനെ നിശിതമായി വിമര്‍ശിച്ചിരുന്നെങ്കിലും തന്‍റെ ആദ്യ സിനിമയായ ബ്രെത്ത്‌ലെസില്‍ 1957 ല്‍ അന്തരിച്ച അമേരിക്കന്‍ ചലച്ചിത്ര നടനായ ഹംഫ്രി ബൊഗാർട്ടിനോടുള്ള ആദരവ് അര്‍പ്പിക്കാന്‍ അദ്ദേഹം മറന്നില്ല.
മറ്റ് സിനിമകള്‍, പുരസ്‌കാരങ്ങള്‍:ഫോർ എവർ മൊസാർട്ട്, ഫിലിം സോഷ്യലിസം, വീക്കെൻഡ്, ഹെയ്ൽ മേരി, കിങ് ലിയർ, എവരി മാൻ ഫോർ ഹിം സെൽഫ് തുടങ്ങിയവയാണ് മറ്റു സിനിമകൾ. ഗോള്‍ഡന്‍ ലയണ്‍, കാന്‍സ് ജൂറി പുരസ്‌കാരം, ഹോണററി സീസര്‍, യൂറോപ്യന്‍ ഫിലിം അക്കാദമി ആജീവനാന്ത അവാര്‍ഡ് സമഗ്രസംഭാവനയ്ക്കുള്ള ഓസ്‌കര്‍ അടക്കം നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.