കൊളംബോ:ശ്രീലങ്കയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി ദിനേഷ് ഗുണവര്‍ധന അധികാരമേറ്റു. കൊളംബോ ഫ്ലവര്‍ റോഡിലുള്ള പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ പ്രസിഡന്‍റ് റെനില്‍ വിക്രമസിംഗെയുടെ മുമ്പാകെ ഇന്ന് (22-07-2022) ആണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്‌തത്. എസ്.എല്‍.പി.പി. നേതാവായ ഗുണവര്‍ധന നേരത്തെ വിദേശകാര്യം, വിദ്യാഭ്യസ വകുപ്പ് മന്ത്രിയായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റ് ദിനേഷ് ഗുണവര്‍ധന
കൊളംബോ ഫ്ലവര്‍ റോഡിലുള്ള പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ പ്രസിഡന്‍റ് റെനില്‍ വിക്രമസിംഗെയുടെ മുമ്പാകെയാണ് ദിനേഷ് ഗുണവര്‍ധന സത്യപ്രതിജ്ഞ ചെയ്‌തത്
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ കഴിഞ്ഞ ഏപ്രിലില്‍ മുന്‍ പ്രസിഡന്‍റ് ഗോതബായ രജപക്‌സെ ഗുണവര്‍ധനയെ ആഭ്യന്തര മന്ത്രിയായി നിയമിച്ചിരുന്നു. ഗോതബായ രാജിവച്ചതിന് പിന്നാലെ നേരത്തെ പ്രധാനമന്ത്രിയായ റെനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്‍റായി കഴിഞ്ഞ ദിവസമാണ് അധികാരം ഏറ്റെടുത്തത്. ഇതിന് പിന്നാലെയാണ് പുതിയ പ്രധാനമന്ത്രിയുടെ സ്ഥാനാരോഹണം.
പുതിയ ഭരണനേതൃത്വം അധികാരമേറ്റെടുത്തതിന് പിന്നാലെ പ്രക്ഷോഭകരെ അടിച്ചമര്‍ത്താനുള്ള നടപടികളും ശ്രീലങ്കയില്‍ ആരംഭിച്ചു. റെനിൽ വിക്രമസിംഗെയ്‌ക്ക് എതിരെ ശ്രീലങ്കൻ പ്രസിഡൻഷ്യൽ സെക്രട്ടേറിയറ്റിന് പുറത്ത് പ്രതിഷേധം നടത്തുന്നവരെ നിയന്ത്രിക്കാൻ സായുധ സൈനികരെ വിന്യസിച്ചു. സെക്രട്ടറിയേറ്റിന് പുറത്തെ സമരക്യാമ്പുകള്‍ സൈന്യം തകര്‍ക്കുകയും സ്ഥലത്ത് കൂടുതല്‍ പരിശോധനകള്‍ നടത്തുകയും ചെയ്‌തിരുന്നുവെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് സ്ഥലത്ത് സൈന്യം നടപടി സ്വീകരിച്ചത്.