ബോസ്റ്റണ്‍:വര്‍ഷങ്ങള്‍ക്ക് മുമ്പ് അറ്റ്‌ലാന്‍റിക് സമുദ്രത്തില്‍ മുങ്ങിപ്പോയ ടൈറ്റാനിക്കിന്‍റെ അവശിഷ്‌ടങ്ങള്‍ കാണാനായി സമുദ്ര അടിത്തട്ടിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്നതിനിടെ കാണാതായ അന്തര്‍വാഹിനിക്കായി തെരച്ചില്‍. ന്യൂഫൗണ്ട് ലാന്‍റ് തീരത്താണ് തെരച്ചില്‍ നടത്തുന്നത്. ആഴക്കടല്‍ പര്യവേഷണങ്ങള്‍ നടത്തുന്ന ഓഷ്യന്‍ഗേറ്റ് എക്‌സ്പെഡിഷന്‍സ് എന്ന സ്വകാര്യ കമ്പനിയുടെ അന്തര്‍വാഹിനിയാണ് കാണാതായത്.
ബോസ്റ്റണിലെ കോസ്റ്റ് ഗാര്‍ഡിന്‍റെ നേതൃത്വത്തിലാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. കനേഡിയൻ കോസ്റ്റ് ഗാർഡിന്‍റെ കപ്പലും സൈനിക വിമാനവും തെരച്ചിലില്‍ പങ്കാളികളായിട്ടുണ്ടെന്ന് കമാന്‍ഡര്‍ ലെന്‍ ഹിക്കി പറഞ്ഞു. സമുദ്രത്തിലെ എറ്റവും വെല്ലുവിളികള്‍ നിറഞ്ഞ സ്ഥലമാണിതെന്നും അതുകൊണ്ട് തെരച്ചിലില്‍ ഏറെ പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ടെന്നും ലെന്‍ ഹിക്കി പറഞ്ഞു.
അന്തര്‍വാഹിനിയില്‍ എത്ര പേരുണ്ടെന്നത് വ്യക്തമല്ല. ഞായറാഴ്‌ച വൈകിയാണ് അന്തര്‍വാഹിനി കാണാതായി എന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.
അന്തര്‍വാഹിനിയെ കണ്ടെത്തുന്നതിന് 6000 മീറ്റര്‍ അതായത് ഏകദേശം 20,000 അടി താഴ്‌ചയില്‍ എത്താന്‍ കഴിയുന്ന മുങ്ങി കപ്പലുകളുമായി തെരച്ചില്‍ നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് ഓഷ്യഗേറ്റ് അഡ്വൈസര്‍ ഡാവിഡ് കോണ്‍കന്നന്‍ പറഞ്ഞു. കപ്പലിലുള്ളവരിലും അവരുടെ കുടുംബങ്ങളിലുമാണ് തന്‍റെ ശ്രദ്ധയെന്ന് ഡാവിഡ് കോണ്‍കന്നന്‍ പറഞ്ഞു. അന്തര്‍വാഹിനികളുമായി ബന്ധം സ്ഥാപിക്കുന്നതിനായി നിരവധി സര്‍ക്കാര്‍ ഏജന്‍സികളുടെയും കമ്പനികളുടെയും സഹായം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വെള്ളിയാഴ്‌ചയാണ് മുങ്ങി കപ്പല്‍ സഞ്ചാരികളുമായി ആഴക്കടലിലേക്ക് യാത്ര തിരിച്ചതെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്‌ടർ മാർക്ക് ബട്‌ലർ പറഞ്ഞു. രക്ഷ ദൗത്യം വൈകിയിട്ടില്ലെന്നും ഇനിയും ധാരാളം സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സാഹചര്യങ്ങളുണ്ടായാല്‍ അതിനെ അതിജീവിക്കാനുള്ള മുഴുവന്‍ സജ്ജീകരണങ്ങളും അന്തര്‍വാഹിനിയില്‍ ഒരുക്കിയിട്ടുണ്ടെന്നും സംഘം സുരക്ഷിതരായി തിരിച്ചെത്താന്‍ പ്രാര്‍ഥിച്ച് കൊണ്ട് ബട്‌ലർ പറഞ്ഞു.
സമുദ്രത്തിലേക്ക് ആഴ്‌ന്നിറങ്ങിയ ദുരന്തം:1912 ഏപ്രിലിലാണ് ടൈറ്റാനിക് കപ്പല്‍ അതായത് റോയല്‍ മെയില്‍ സ്റ്റീമര്‍ ടൈറ്റാനിക് അറ്റ്ലാന്‍റിക്കിന്‍റെ ആഴങ്ങളില്‍ മുങ്ങി ഓര്‍മയായത്. ഒരിക്കലും മുങ്ങില്ലെന്ന് നിര്‍മാതാക്കള്‍ വാനോളം വാഴ്‌ത്തിയ കപ്പല്‍ കന്നി യാത്രക്കിടെയാണ് അപകടത്തില്‍പ്പെട്ടത്. സതാംപ്‌ടണ്‍ മുതല്‍ ന്യൂയോര്‍ക്ക് വരെയാണ് കപ്പല്‍ കന്നി യാത്ര നടത്താന്‍ തീരുമാനിച്ചത്.
2500 യാത്രക്കാരെയും ആയിരത്തിലധികം വരുന്ന ജീവനക്കാരെയും വഹിച്ച ആഢംബര കപ്പല്‍ ഒരു ദിവസം കൊണ്ട് 873 കിലോമീറ്റര്‍ പിന്നിട്ടു. അറ്റ്‌ലാന്‍റിക്ക് സമുദ്രത്തിന്‍റെ തെക്ക് ഭാഗത്ത് മഞ്ഞ് മലയുണ്ടെന്ന് ജീവനക്കാര്‍ക്ക് സന്ദേശമെത്തിയിരുന്നെങ്കിലും കപ്പലിന്‍റെ നിര്‍മാണം മികച്ചതാണെന്ന അവകാശ വാദത്തില്‍ അതിനെ കാര്യമായെടുത്തില്ല. ആയിര കണക്കിന് പേരെ വഹിച്ച് സമുദ്രത്തിലൂടെ അതിവേഗം യാത്ര തുടര്‍ന്ന കപ്പല്‍ അറ്റ്‌ലാന്‍റിക്കിന്‍റെ തെക്കന്‍ ഭാഗത്ത് വച്ച് ഇടിച്ചു.
മഞ്ഞ് പാളികളില്‍ ഇടിച്ച കപ്പലിന്‍റെ അടിഭാഗത്ത് വിള്ളലുകള്‍ രൂപപ്പെട്ടു. ഈ വിള്ളലുകളിലൂടെ കപ്പലിന് അകത്തേക്ക് വെള്ളം കയറി തുടങ്ങി. 703 യാത്രക്കാരെ മറ്റൊരു കപ്പലില്‍ കയറ്റി രക്ഷപ്പെടുത്തി. 1517 പേര്‍ കൊണ്ട് കപ്പല്‍ അറ്റ്‌ലാന്‍റിക്കിന്‍റെ ആഴങ്ങളിലേക്ക് മുങ്ങി. കപ്പലില്‍ വിള്ളല്‍ വീണ് രണ്ട് മണിക്കൂറും 40 മിനിറ്റും കൊണ്ടാണ് കപ്പല്‍ സമുദ്രത്തില്‍ താഴ്‌ന്നത്. മഞ്ഞു പാളികളുള്ള ഇടങ്ങളിലെ അമിത വേഗതയാണ് അപകടത്തിന് കാരണമായത്. രക്ഷ ബോട്ടുകളുടെ അഭാവവും രക്ഷ പ്രവര്‍ത്തനത്തിന് തടസമായി.