വാഷിങ്ടണ്‍: യുഎസില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഞ്ഞ് വീഴ്‌ചയിലും ശീതക്കാറ്റിലും പെട്ട് മരിച്ചവരുടെ എണ്ണം 26 ആയി. ബോംബ് സൈക്ലോണ്‍ എന്നു പേരിട്ടിരിക്കുന്ന ശീതക്കാറ്റും വലിയ നാശനഷ്ടമാണ് വരുത്തിയിരിക്കുന്നത്. ദുരിതത്തെ തുടര്‍ന്ന് കെന്‍റക്കിയിലും ന്യൂയോര്‍ക്കിലും സൗത്ത് കരലൈനയിലും കാലാവസ്ഥ അടിയന്തരാവസ്ഥയും വിസ്‌കോസിനില്‍ ഊര്‍ജ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു.
അതിവേഗം തീവ്രമാകുന്ന മധ്യ-അക്ഷാംശ ചുഴലിക്കാറ്റാണ് ബോംബ് സൈക്ലോണ്‍. 1979 മുതല്‍ 2019 വരെയുള്ള 40 വര്‍ഷ കാലയളവില്‍ യുഎസില്‍ സംഭവിച്ച കൊടുങ്കാറ്റുകളില്‍ ഏകദേശം 7 ശതമാനവും ബോംബ് സൈക്ലോണുകളാണെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു. ടെംപറേറ്റ് മേഖലകളിലാണ് ബോംബ് സൈക്ലോണ്‍ ഉദ്ഭവിക്കുന്നത്. മറ്റുള്ള കൊടുങ്കാറ്റുകളെപ്പോലെയല്ല, അതിവേഗത്തിലാണ് ഇവ ശക്തി പ്രാപിക്കുന്നത്. ഈ ഒരു സവിശേഷത തന്നെയാണ് ഇവയെ അത്യന്തം അപകടകാരികളാക്കുന്നതും. ഇവയുടെ കേന്ദ്രഭാഗത്തെ വായുസമ്മര്‍ദം ത്വരിതഗതിയില്‍ കുറയുകയും ചെയ്യും.
'ബോംബോജനസിസ്' എന്നറിയപ്പെടുന്ന ഈ പ്രതിഭാസമാണ് ഇവയുടെ തീവ്രതയുടെ മൂലകാരണം. കേന്ദ്രഭാഗത്തെ വായുസമ്മര്‍ദം വീഴുന്നതിനനുസരിച്ച് ചുറ്റുമുള്ള കാറ്റ് വിസ്‌ഫോടനാത്മകമായ വേഗം കൈവരിക്കും. കാനഡയിലെ മക്ഗില്‍ സര്‍വകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ ജോണ്‍ ഗ്യാക്കുമാണ് 1980ല്‍ ഇവയുടെ സവിശേഷതകളെക്കുറിച്ച് സമഗ്രമായ പഠനം നടത്തിയതും ഇവയ്ക്കു ബോംബ് സൈക്ലോണുകള്‍ എന്ന് നാമകരണം ചെയ്തതും.