ഹൈദരാബാദ് :സ്വാതന്ത്ര്യലബ്‌ധിക്ക് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ശ്രീലങ്കയിൽ വീണ്ടും ഭരണ വിരുദ്ധ പ്രക്ഷോഭം ശക്തമാവുകയാണ്. പ്രസിഡന്‍റ് ഗോതബായ രാജപക്‌സെയ്ക്ക് പ്രതിഷേധക്കാരെ ഭയന്ന് തന്‍റെ ഔദ്യോഗിക വസതി വിട്ട് പലായനം ചെയ്യേണ്ടിവന്നു. ശ്രീലങ്ക അഭിമുഖീകരിക്കുന്ന യഥാർഥ പ്രശ്‌നത്തിന്‍റെ വ്യാപ്‌തി സംബന്ധിച്ച് സിലോൺ ഷിപ്പിങ് കോർപറേഷന്‍റെ മുൻ എക്‌സിക്യുട്ടീവ് ഡയറക്‌ടർ ഡോ. ഡാൻ മാലിക ഗുണശേഖരയുമായി ഇടിവി ഭാരത് പ്രതിനിധി ആർ. പ്രിൻസ് ജെബകുമാർ സംസാരിക്കുന്നു.
രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കാൻ സർവകക്ഷി പ്രാതിനിധ്യത്തോടുകൂടിയ വിദഗ്‌ധ സമിതി വേണമെന്ന് ഗുണശേഖര പറയുന്നു. രാജ്യം പൂർവ സ്ഥിതിയിലേക്ക് മടങ്ങാൻ ത്രിതല സമീപനം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ചോദ്യം : താങ്കൾ ഷിപ്പിങ് കോർപറേഷൻ കൈകാര്യം ചെയ്‌ത വ്യക്തിയാണ്. രാജ്യത്തിന്‍റെ കയറ്റുമതി രംഗം പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനെ എങ്ങനെ വിലയിരുത്തുന്നു ?
ഡോ. ഗുണശേഖര :എന്‍റെ അഭിപ്രായത്തിൽ രാജ്യം ഒരു സ്വർണഖനിയാണ്. ഞങ്ങൾക്ക് ധാരാളം വിഭവങ്ങളുണ്ട്. മനുഷ്യ വിഭവശേഷിയാണ് രാജ്യത്തിന്‍റെ ഏറ്റവും വലിയ ശക്തി. ദക്ഷിണേഷ്യയിലെ ഏറ്റവും ഉയർന്ന സാക്ഷരതാനിരക്ക് ഉള്ള രാജ്യമാണ് ശ്രീലങ്ക. യുവതലമുറ ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. അവരാണ് രാജ്യത്തെ യഥാർഥ ചാലകശക്തി. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണ് കയറ്റുമതി രംഗം. എന്നാൽ വിവിധ ഘടകങ്ങൾ കാരണം കയറ്റുമതി കുറഞ്ഞു. അവയിലൊന്നാണ് കൊവിഡ് മഹാമാരി.
കൊളംബോ തുറമുഖം അന്താരാഷ്‌ട്ര തലത്തിൽ 22-ാം സ്ഥാനത്താണ്. ഇത് താരതമ്യേന വളരെ ഉയർന്ന സ്ഥാനമാണ്. ഇന്ത്യ, ബംഗ്ലാദേശ് ഉൾപ്പടെയുള്ള അയൽ രാജ്യങ്ങളിലേക്ക് കയറ്റുമതി നടക്കുന്ന പ്രധാന തുറമുഖങ്ങളിൽ ഒന്നാണിത്. അടുത്ത കാലംവരെ മികച്ച രീതിയിലായിരുന്നു തുറമുഖത്തിന്‍റെ പ്രവർത്തനം. കൊളംബോ തുറമുഖത്തിന്‍റെ ടിഇയു(20 അടിക്ക് തുല്യമായ യൂണിറ്റ്) ഈ വർഷം തുടക്കത്തിൽ 7.5 ദശലക്ഷമായിരുന്നു.
മുൻ സിലോൺ ഷിപ്പിങ് കോർപറേഷൻ മേധാവി ഡോ. ഡാൻ മാലിക ഗുണശേഖരയുമായുള്ള പ്രത്യേക അഭിമുഖം ചോദ്യം : ശ്രീലങ്കയുടെ ജിഡിപിയുടെ 5% ടൂറിസമാണ്. ഈ മേഖലയുടെ നിലവിലെ സാഹചര്യം എങ്ങനെയാണ് ?
ഡോ. ഗുണശേഖര :ഇപ്പോൾ രാജ്യത്ത് ഇന്ധനക്ഷാമം മൂലം ഗതാഗത പ്രശ്‌നങ്ങൾ നേരിടുകയാണ്. വൈദ്യുതി മേഖലയിലും കാര്യങ്ങൾ അത്ര സുഖകരമല്ല. ഊർജ പ്രതിസന്ധി രാജ്യത്തെ ടൂറിസം വ്യവസായം ഉൾപ്പടെ നിരവധി മേഖലകളെ സാരമായി ബാധിക്കുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് വിനോദ സഞ്ചാരികൾ സൈക്കിളിൽ വിമാനത്താവളത്തിലേക്ക് വരുന്നത് ഞാൻ കണ്ടു. ഇത്തരം കാഴ്‌ചകൾ രാജ്യത്ത് ഇതിനുമുൻപ് ഉണ്ടായിട്ടില്ല. ഇത്തരമൊരു പ്രതിസന്ധിയുടെ നടുവിലും ശ്രീലങ്കയിലേക്ക് വരാൻ വിനോദ സഞ്ചാരികൾ എത്രത്തോളം ആഗ്രഹിക്കുന്നു എന്നതിന് തെളിവാണിത്. രാജ്യത്തിന്‍റെ ചരിത്രം മാത്രമല്ല, ബീച്ചുകൾ, മലയോര മേഖലകൾ ഉൾപ്പടെ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പരിസ്ഥിതി സംബന്ധമായ പല ഘടകങ്ങളും ഇവിടെയുണ്ട്.
ചോദ്യം : ഇന്ധന പ്രതിസന്ധിയെ സർക്കാർ എങ്ങനെയാണ് നേരിടുന്നത് ?
ഡോ. ഗുണശേഖര :ടൂറിസം, ഊർജ വകുപ്പുകൾ കൈകാര്യം ചെയ്‌തിരുന്ന മന്ത്രിമാർ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ധന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുമായി വിദേശ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. എന്നാൽ വിനോദ സഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ രാജ്യത്ത് ഇല്ലെങ്കിൽ ഈ നടപടികൾ മതിയായെന്ന് വരില്ല. അടുത്തിടെ ശ്രീലങ്ക നേരിടുന്ന ബുദ്ധിമുട്ടുകൾ കാരണം ചില രാജ്യങ്ങൾ ഇവിടേക്കുള്ള യാത്രയ്‌ക്കെതിരെ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾക്ക് അനുസരിച്ച് ടൂറിസം പ്രോത്സാഹിപ്പിക്കുകയും ഗതാഗത പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കുകയും വേണ്ടത് അത്യന്താപേക്ഷിതമാണ്. ഇന്ധനക്ഷാമം മൂലം ഗതാഗതച്ചെലവ് വളരെ ഉയർന്നതായിരിക്കുകയാണ്. ഒരു വക്കീൽ ആയിട്ട് പോലും എനിക്ക് വീടിന് പുറത്തേക്ക് പോകാൻ വളരെ ബുദ്ധിമുട്ട് നേരിടുന്നു. കൊളംബോയിലെ കോടതികൾ പോലും പ്രവർത്തിക്കാത്ത അവസ്ഥയാണ്.
ചോദ്യം : എല്ലാം നിശ്ചലാവസ്ഥയിലാണോ ?
ഡോ. ഗുണശേഖര : രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ഇന്ധനക്ഷാമം. ഞാൻ പൊതുഗതാഗതത്തിനൊപ്പം തന്നെ സ്വകാര്യ ഗതാഗത മാർഗവും ഉപയോഗിച്ചിരുന്ന വ്യക്തിയാണ്. ഇന്ധനത്തിന്‍റെ ലഭ്യതക്കുറവ് എല്ലാ മേഖലകളെയും ബാധിച്ചു. ശ്രീലങ്കൻ ജനതയുടെ ജീവിതം തന്നെ നിശ്ചലമായി എന്ന് പറയാം.
ചോദ്യം: ടൂറിസം, ഇന്ധന പ്രതിസന്ധികൾ പരിഹരിക്കാൻ മന്ത്രിമാർ വിദേശ രാജ്യങ്ങളിൽ പര്യടനം നടത്തിയെന്ന് താങ്കൾ സൂചിപ്പിച്ചു. അവർ എന്ത് നടപടികളാണ് സ്വീകരിച്ചത്?
ഡോ. ഗുണശേഖര : വിദേശനാണ്യ കരുതൽ ശേഖരത്തിലുള്ള പ്രതിസന്ധി കാരണം എണ്ണയും മറ്റ് അവശ്യ വസ്‌തുക്കളും വാങ്ങുന്നത് എളുപ്പമല്ല. അതിനായി നമുക്ക് അമേരിക്കൻ ഡോളർ നൽകണം. ഇത് പ്രാദേശിക വിപണിയെ ബാധിച്ചു. വിദേശ കരുതൽ ശേഖരം ഇല്ലെങ്കിൽ നമുക്ക് അവശ്യ വസ്‌തുക്കളും ഇന്ധനവും ഇറക്കുമതി ചെയ്യാൻ കഴിയില്ല. അന്താരാഷ്ട്ര നാണയ നിധിയും ലോക ബാങ്കും നടപടികൾ ത്വരിതപ്പെടുത്തിയിട്ടില്ല. അത് സ്വാഭാവികമാണ്. മികച്ച സാമ്പത്തിക ഓഡിറ്റ് നമ്മൾ കാണിക്കണം. കുറച്ച് വർഷങ്ങളായി നമ്മൾക്കില്ലാത്തതും അതാണ്. അതാണ് ഇപ്പോൾ നമ്മൾ അനുഭവിക്കുന്ന തകർച്ചയുടെ പ്രധാന കാരണങ്ങളിലൊന്ന്.
ചോദ്യം : വൈദ്യുതി മേഖലയിലെ പ്രതിസന്ധി ഉടൻ പരിഹരിക്കപ്പെടാന്‍ സാധ്യതയുണ്ടോ ?
ഡോ. ഗുണശേഖര :താപവൈദ്യുതിയെ വളരെയധികം ആശ്രയിക്കുന്ന രാജ്യമാണ് ശ്രീലങ്ക. അതിനായി കൽക്കരി ഇറക്കുമതി ചെയ്യുന്നു. മൺസൂണിനെയും ജലസംഭരണികളിലെ വള്ളത്തെയും നമ്മൾ വൈദ്യുതിക്കായി ആശ്രയിക്കുന്നു. വിൽപനക്കാർക്ക് നൽകാൻ ഡോളർ ഇല്ലാതെ വരുമ്പോൾ കൽക്കരി ലഭിക്കാത്ത സാഹചര്യമുണ്ടാകും. മുൻഗണനാക്രമത്തിൽ ഇതിനായി ധനസഹായം നൽകേണ്ടതുണ്ട്. വിനോദ സഞ്ചാരികൾക്ക് ഗതാഗതം അത്യന്താപേക്ഷിതമാണ്. കൂട്ടമായി വരുന്ന സഞ്ചാരികൾക്ക് സർക്കാർ യാത്രാസൗകര്യം നൽകണം. സർക്കാർ ഉടൻ പരിഹരിക്കേണ്ട ഒരു ബൃഹത് സാഹചര്യമാണിത്.
ചോദ്യം : വൈദ്യുതിയില്ലാതെ ആരോഗ്യ മേഖല എങ്ങനെയാണ് പ്രവർത്തിക്കുന്നത് ?
ഡോ. ഗുണശേഖര : മരുന്നുകളുടെ ദൗർലഭ്യമാണ് മറ്റൊരു പ്രധാന പ്രശ്‌നം. മരുന്ന് വാങ്ങാൻ ഡോളർ ആവശ്യമാണ്. ഇന്ത്യ മരുന്ന് സംഭാവന ചെയ്‌തിട്ടുണ്ട്. ഒരു കുട്ടിയെ ഉപ്പുവെള്ളം നൽകി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ചിത്രം കണ്ടു. ഇത്തരം സംഭവങ്ങൾ ഒരിക്കലും ഞങ്ങൾ അഭിമുഖീകരിച്ചിട്ടില്ല. ആഭ്യന്തര യുദ്ധം നടക്കുമ്പോൾ പോലും ഇത്തരമൊരു സാഹചര്യത്തെ നേരിടേണ്ടി വന്നിട്ടില്ല.
ചോദ്യം : രാജ്യം നേരിട്ട ആഭ്യന്തര യുദ്ധത്തേക്കാൾ മോശമാണോ ഇപ്പോഴത്തെ സാഹചര്യം?
ഡോ. ഗുണശേഖര :അത് ജനങ്ങൾക്ക് വളരെ ബുദ്ധിമുട്ട് ഏറിയ സമയമായിരുന്നു. ശ്രീലങ്കൻ ജനതയ്ക്ക് അന്ന് സ്വതന്ത്രമായി യാത്ര ചെയ്യാനോ സുരക്ഷ ഉറപ്പാക്കാനോ കഴിഞ്ഞില്ല. ഏത് സമയത്താണ് ബോംബ് പൊട്ടി ചിതറിത്തെറിക്കുക എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. വടക്കുഭാഗത്ത് കലാപങ്ങൾ വ്യാപകമായിരുന്നു. എന്നിരുന്നാലും, ഇപ്പോൾ ആളുകൾ ബുദ്ധിമുട്ട് അനുഭവിക്കുക മാത്രമല്ല, അവര്‍ക്ക് പ്രതീക്ഷയും നഷ്‌ടമായി.
ചോദ്യം : ഐഎംഎഫ് പാക്കേജിന് സമയമെടുക്കുമെന്ന് അറിയുന്നു. ശ്രീലങ്കയുടെ അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റാനുള്ള പദ്ധതികള്‍ എന്തൊക്കെയാണ് ?
ഡോ. ഗുണശേഖര : കുറച്ച് മാസങ്ങളായി രാജ്യത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുന്ന സാഹചര്യത്തിലായിരുന്നില്ല സർക്കാർ. ഇന്ധനം വാങ്ങി സർക്കാർ വിതരണം ചെയ്യുകയായിരുന്നു. എന്നാൽ ദീർഘകാലത്തേക്ക് നിലനിർത്താനുള്ള നിക്ഷേപം കൊണ്ടുവരുന്നതിൽ അവർ അടിസ്ഥാന തലത്തിൽ ഒന്നും ചെയ്‌തുകണ്ടില്ല. സർക്കാർ നഷ്‌ടത്തിലായിരുന്നു. ജനങ്ങൾക്ക് അത് താങ്ങാൻ പറ്റുമായിരുന്നില്ല. അതുകൊണ്ടാണ് ഇന്ന് എല്ലാം തകിടം മറിഞ്ഞത്. ശ്രീലങ്കയെ ആരും ഒരു സ്വർണഖനിയായി ഇനി കാണുമെന്ന് ഞാൻ കരുതുന്നില്ല. കടൽ വിഭവങ്ങൾ മാത്രം കൊണ്ട് രാജ്യത്തെ സാമ്പത്തികമായി നിലനിർത്താം. എന്നാൽ അത് ശരിയായ രീതിയിൽ ഉപയോഗിക്കണമെന്ന് മാത്രം.
ചോദ്യം : കൂടുതൽ വരുമാനം കൊണ്ടുവരാൻ സമുദ്രവിഭവങ്ങൾ ഉപയോഗപ്പെടുത്തുന്നതിലാണോ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ?
ഡോ. ഗുണശേഖര :ജപ്പാൻ പോലുള്ള മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ശ്രീലങ്കയിലെ "ബ്ലൂ ഇക്കോണമി" മേഖലയിൽ ഞാൻ ഗവേഷണം നടത്തിയിട്ടുണ്ട്. അത്തരം വഴികളിലൂടെയുള്ള വരുമാനം ഉണ്ടാക്കുന്നതിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അങ്ങനെ ചെയ്തിരുന്നെങ്കിൽ ഈ സാമ്പത്തിക പ്രതിസന്ധി പോലും അതിജീവിക്കാമായിരുന്നു. നമ്മുടെ സർക്കാരും നേതാക്കളും അതിൽ ശ്രദ്ധിച്ചില്ല.
ചോദ്യം : സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ താങ്കൾക്ക് എന്താണ് നിർദേശിക്കാനുള്ളത് ?
ഡോ. ഗുണശേഖര : സുസ്ഥിര സാമ്പത്തിക അന്തരീക്ഷത്തിലാണ് ഐഎംഎഫ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അന്താരാഷ്ട്ര ഏജൻസികളോടും വിദേശ രാജ്യങ്ങളോടും ശ്രീലങ്ക പണത്തിന് കടക്കാരായിരിക്കുകയാണ്. സമ്പദ്‌വ്യവസ്ഥ സുസ്ഥിരമാകുന്നതിന് കടം ഒരു നിശ്ചിത രീതിയിൽ നിയന്ത്രിക്കേണ്ടതുണ്ട്. കൃത്യമായ നയങ്ങളില്ലാത്ത ഒരു രാജ്യത്ത് പണം നിക്ഷേപിക്കാൻ ഒരു പ്രസ്ഥാനവും തയാറാകില്ല. സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ ഹ്രസ്വകാല, മധ്യകാല, ദീർഘകാല തന്ത്രങ്ങൾ നടപ്പാക്കണം. വരവ് ചെലവ് കണക്കുകൾ മാത്രമുള്ള വെറും വെള്ളക്കടലാസ് ബാലൻസ് ഷീറ്റ് ആയിരിക്കരുത് അത്.
സമ്പദ്‌വ്യവസ്ഥയുടെ സമഗ്രമായ വികസനത്തിന്, ദീർഘകാലാടിസ്ഥാനത്തിൽ എങ്ങനെ വരുമാനം ഉണ്ടാക്കാമെന്നും ഹ്രസ്വകാലം കൊണ്ട് എങ്ങനെ കടം കൈകാര്യം ചെയ്യാമെന്നും മനസിലാക്കണം. മധ്യകാല പോളിസികളിൽ വിദേശത്ത് നിന്നുള്ളവർക്ക് നിക്ഷേപിക്കാനായി നാം രാജ്യത്തെ മാർക്കറ്റ് ചെയ്യണം. നിലവിലെ സർക്കാർ സ്ഥിരതയുള്ളതായി ഞാൻ കരുതുന്നില്ല. ജനം രാഷ്‌ട്രപതിയുടെ വസതിയിലേക്ക് ഇരച്ചുകയറി സെക്രട്ടേറിയറ്റ് കൈയ്യടക്കിയ അവസ്ഥയിലാണ് ഇപ്പോള്‍. ഇനിയും അരാജകത്വത്തിലേക്ക് പോകാൻ കഴിയില്ല. ഇപ്പോഴത്തെപ്പോലെ ജനങ്ങൾക്ക് ഭരണകൂടത്തിന്‍റെ പ്രധാന സ്ഥാപനങ്ങളിലേക്ക് ഇരച്ചുകയറാൻ കഴിയുന്ന മറ്റൊരു അഫ്ഗാനിസ്ഥാനാവരുത് രാജ്യം. പാർട്ടി രേഖകൾക്കും ചിഹ്നങ്ങൾക്കും അതീതമായി ചിന്തിക്കുകയും രാജ്യത്ത് സമഗ്ര വികസനം നടപ്പാക്കുകയും വേണം. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ശരിയായ ചർച്ചയും സർവകക്ഷി സമീപനവും ആവശ്യമാണ്.
ചോദ്യം : അപ്പോൾ സർവകക്ഷി സർക്കാർ ആണ് പ്രശ്‌നങ്ങൾക്കുള്ള പരിഹാരമെന്നാണോ താങ്കള്‍ കരുതുന്നത് ?
ഡോ. ഗുണശേഖര :അവരാണ് പാർലമെന്‍റിലേക്ക് പോകേണ്ടത്. ഈ രീതിയിൽ വിശ്വസിക്കാൻ കഴിയുന്ന ഒരാളെ പ്രസിഡന്‍റായി നിയമിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ അവരുടെ നേട്ടം മാത്രം നോക്കരുത്. നേതാക്കൾ പൊതുജനങ്ങളുടെ പ്രതിഷേധത്തെ എങ്ങനെ മറികടക്കുമെന്ന് അറിഞ്ഞിരിക്കുകയും അത് നടപ്പാക്കുകയും വേണം. അവർ സ്വേച്ഛാധിപതികളാകരുത്. ഈ രാജ്യം ഒരു റിപ്പബ്ലിക്കാണ്. അതിനാൽ നയങ്ങൾ ജനകേന്ദ്രീകൃതമായിരിക്കണം. അല്ലെങ്കിൽ പ്രതിഷേധങ്ങള്‍ ആവര്‍ത്തിക്കപ്പെടും. രാജ്യത്തിന്‍റെ ആസ്ഥികൾ മറ്റ് രാജ്യങ്ങൾക്ക് വിൽക്കാൻ വേണ്ടിയല്ല. നമ്മൾ അത് കൈകാര്യം ചെയ്യണം.