ബീജിങ് :ചൈനീസ് തലസ്ഥാനമായ ബീജിങ്ങില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ഒരുങ്ങി അധികൃതര്‍. ക്വാറന്‍റൈന്‍ കേന്ദ്രങ്ങളും ഫീല്‍ഡ് ആശുപത്രികളും കൂടുതലായി ഒരുക്കാന്‍ ബീജിങ് നഗര ഭരണകൂടം ഉത്തരവിട്ടു. ഈ സാഹചര്യത്തില്‍ ശക്തമായ ലോക്‌ഡൗണ്‍ മുന്നില്‍ കണ്ട് ബീജിങ്ങിലെ താമസക്കാര്‍ വലിയ രീതിയില്‍ ഓണ്‍ലൈന്‍ ഗ്രോസറി ഡെലിവറി ആപ്പുകള്‍ വഴിയും നേരിട്ട് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയാണ്.
സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സ്റ്റോക്കുകള്‍ പെട്ടെന്ന് തീര്‍ന്നുപോകുന്ന അവസ്ഥയാണ് ഉള്ളത്. ഓണ്‍ലൈന്‍ ഗ്രോസറി കമ്പനികള്‍ക്കാണെങ്കില്‍ അവര്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഓര്‍ഡറുകളാണ് ലഭിക്കുന്നത്.
നഗരത്തിന്‍റെ ചില ഭാഗങ്ങളില്‍ ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തി എന്നുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും മറ്റും വലിയ അനിശ്ചിതാവസ്ഥയാണ് ബീജിങ് നിവാസികളില്‍ ഉണ്ടാക്കിയത്. ഇതാണ് അവശ്യസാധനങ്ങള്‍ ശേഖരിച്ചുവയ്ക്കാനുള്ള ജനങ്ങളുടെ പരക്കംപാച്ചില്‍ ബീജിങ് നഗരത്തില്‍ ഉണ്ടാകാന്‍ കാരണം. മാസങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഇത്തരമൊരു സാഹചര്യം ബീജിങ്ങില്‍ ഉണ്ടാകുന്നത്.
കൊവിഡ് രോഗികളുടെ എണ്ണം വലിയ രീതിയില്‍ ഉയര്‍ന്നു : പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം റെക്കോഡില്‍ എത്തുന്ന സാഹചര്യമാണ് ചൈനയില്‍ ഇപ്പോള്‍ ഉള്ളത്. വെള്ളിയാഴ്‌ച 32,695 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,860 പേര്‍ ബീജിങ്ങില്‍ നിന്നുള്ളവരാണ്. രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതലും ലക്ഷണങ്ങള്‍ കാണിക്കാത്തവരാണ്.
ചൈനയില്‍ പെട്ടെന്ന് ഒരുക്കുന്ന ക്വാറന്‍റൈന്‍ കേന്ദ്രങ്ങളും ഫീല്‍ഡ് ആശുപത്രികളും സൗകര്യങ്ങളുടെ അഭാവം കൊണ്ടും ആളുകളെ കുത്തിനിറയ്‌ക്കുന്നതുകൊണ്ടും കുപ്രസിദ്ധമാണ്. ജിംനേഷ്യം, എക്‌സിബിഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങി വലിയ ഇന്‍ഡോര്‍ സ്ഥലങ്ങളാണ് ക്വാറന്‍റൈന്‍ കേന്ദ്രങ്ങളും ഫീല്‍ഡ് ആശുപത്രികളുമായി ചൈനീസ് അധികൃതര്‍ മാറ്റുന്നത്. വൃത്തിഹീനമായ സാഹചര്യം, ആവശ്യത്തിന് ഭക്ഷണം ലഭ്യമല്ലാതിരിക്കല്‍, 24 മണിക്കൂറും ലൈറ്റുകള്‍ ഓണ്‍ചെയ്തിടല്‍ തുടങ്ങിയ പരാതികളാണ് ഈ കേന്ദ്രങ്ങളില്‍ താമസിക്കുന്നവര്‍ ഉന്നയിക്കുന്നത്.
നഗരത്തിലെ ഭൂരിഭാഗം ആളുകളോടും അവര്‍ താമസിക്കുന്ന റസിഡന്‍ഷ്യല്‍ ഏരിയയുടെ കോമ്പൗണ്ടുകള്‍ വിട്ട് പോകരുതെന്നുള്ള നിര്‍ദേശം ഇപ്പോള്‍ തന്നെ അധികൃതര്‍ നല്‍കിയിട്ടുണ്ട്. ചില റസിഡന്‍ഷ്യല്‍ ഏരിയകള്‍ വേലികെട്ടി തിരിച്ചിട്ടുണ്ട്. റസിഡന്‍ഷ്യല്‍ കേന്ദ്രങ്ങളിലെ കവാടങ്ങളില്‍ ആളുകളുടെ വരവും പോക്കും നിയന്ത്രിക്കുന്നതിന് ശരീരം ആകമാനം മൂടുന്ന സുരക്ഷ വസ്‌ത്രങ്ങള്‍ ധരിച്ച് ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചിരിക്കുകയാണ്. പുറത്ത് നിന്ന് ആളുകള്‍ പ്രവേശിക്കുന്നത് തടയുകയും താമസക്കാര്‍ പുറത്ത് പോകുകയും അകത്ത് വരികയും ചെയ്യുമ്പോള്‍ അവരുടെ സെല്‍ഫോണിലെ ഹെല്‍ത്ത് ആപ്പുകള്‍ സ്‌കാന്‍ ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്യുകയാണ് ഈ ഉദ്യോഗസ്ഥര്‍.
സാധനങ്ങള്‍ ലഭിക്കുന്നതിന് വലിയ കാത്തിരിപ്പ് :പല ഓണ്‍ലൈന്‍ ഗ്രോസറി ആപ്പ് കമ്പനികളും അവരുടെ പ്രവര്‍ത്തന ക്ഷമതയുടെ പാരമ്യത്തില്‍ എത്തിനില്‍ക്കുകയാണ്. ഡെലിവറി ജീവനക്കാരുടെ ലഭ്യതക്കുറവും ആവശ്യകത വര്‍ധിച്ചതും കാരണം ആലിബാബയടക്കമുള്ളവയുടെ ഓണ്‍ലൈന്‍ ഡെലിവറിആപ്പുകളില്‍ ബുക്ക്‌ചെയ്‌താല്‍ സാധനം കിട്ടാന്‍ ദിവസങ്ങള്‍വരെ കത്ത് നില്‍ക്കേണ്ട അവസ്ഥയാണ് ഉള്ളത്.
ലോക്‌ഡൗണ്‍ കാരണമാണ് പല ഡെലിവറി ജീവനക്കാര്‍ക്കും ജോലിക്ക് വരാന്‍ സാധിക്കാത്തതെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി പേര്‍ അഭിപ്രായപ്പെട്ടു. ഇതിനോട് അലിബാബയടക്കമുള്ള കമ്പനികള്‍ പ്രതികരിച്ചിട്ടില്ല.
സീറോ കൊവിഡ് നയത്തില്‍ നിന്ന് മാറില്ലെന്ന് അധികൃതര്‍: ക്വാറന്‍റൈന്‍ കേന്ദ്രങ്ങളുടേയും ഫീല്‍ഡ് ആശുപത്രികളുടേയും സേവനങ്ങളും മാനേജ്‌മെന്‍റും ശക്‌തിപ്പെടുത്തണമെന്ന് ബീജിങ് നഗര സര്‍ക്കാറിന്‍റെ വക്താവ് വെള്ളിയാഴ്‌ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അതേസമയം കര്‍ശനമായ സീറോ കൊവിഡ് നയത്തില്‍ നിന്ന് പിന്‍മാറില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചൈനീസ് അധികൃതര്‍. ലോക്‌ഡൗണുകളും , വ്യാപകമായ പരിശോധനകളും രോഗികളുമായി സമ്പര്‍ക്കം ഉണ്ട് എന്നുള്ള ചെറിയ സംശയത്തിന്‍റെ പേരില്‍ തന്നെ ക്വാറന്‍റൈനില്‍ പ്രവേശിപ്പിക്കലും ഈ സീറോകൊവിഡ് നയത്തിന്‍റെ ഭാഗമായാണ് ഉണ്ടാകുന്നത്.
സീറോ കൊവിഡ് നയം സമ്പദ്‌വ്യവസ്ഥയെ ബാധിക്കുകയും പലരുടേയും ജീവിതം തകിടം മറിക്കുകയുമാണ് ചൈനയില്‍. ലോകാരോഗ്യ സംഘടനപോലും സീറോ കൊവിഡ് നയത്തില്‍ നിന്ന് പിന്‍മാറാന്‍ ചൈനയോട് ആവശ്യപ്പെട്ടിരുന്നു.