ധാക്ക (ബംഗ്ലാദേശ്) : മോഖ ചുഴലിക്കാറ്റ് കര തൊട്ടു. ബംഗ്ലാദേശിന്‍റെയും മ്യാൻമറിന്‍റെയും തീരങ്ങളിൽ കനത്ത മഴ. പ്രദേശങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു.മോഖ ചുഴലിക്കാറ്റിന്‍റെ ആദ്യ പ്രഭാവം ചാട്ടോർഗ്രാം, ബിരഷാൽ ഡിവിഷനുകളുടെ തീരപ്രദേശങ്ങളിൽ ആരംഭിച്ചതായി ബംഗ്ലാദേശി മാധ്യമമായ ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു.
മണിക്കൂറിൽ 210 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിൽ ചുഴലിക്കാറ്റ് നീങ്ങുകയും രാവിലെ 9:00നും വൈകുന്നേരം 3:00നും ഇടയിൽ കോക്‌സ് ബസാർ-നോർത്ത് തീരം കടക്കുമെന്നും ബംഗ്ലാദേശ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു. മുന്നറിയിപ്പിനെ തുടർന്ന് ദുരന്തനിവാരണസേനയുടെ സംഘങ്ങളെ പശ്ചിമ ബംഗാളിലെ ദിഘയിൽ വിന്യസിച്ചിട്ടുണ്ട്.
കോക്‌സ് ബസാറിലെ സമുദ്ര തീരത്ത് അപകട സാധ്യത സിഗ്നൽ 10 (Great Danger Signal 10) ഉയർത്താൻ കോക്‌സ് സമുദ്ര തുറമുഖത്തിന് നിർദേശം നൽകിയിട്ടുണ്ട്. ചാറ്റോഗ്രാമിലെയും പയ്‌റയിലെയും കടൽ തുറമുഖങ്ങൾ അപകട സിഗ്നൽ 8 ഉയർത്തുകയും മോംഗ്ലയിലെ സമുദ്ര തുറമുഖം പ്രാദേശിക മുന്നറിയിപ്പ് സിഗ്നൽ 4 ഉയർത്തുകയും ചെയ്യണമെന്നാണ് നിർദേശം. കോക്‌സ് ബസാറിന്‍റെതീരദേശ ജില്ലയും ചുറ്റുമുള്ള ദ്വീപുകളും ചാറുകളും ഗ്രേറ്റ് ഡേഞ്ചർ സിഗ്നൽ നമ്പർ 10-ന് കീഴിൽ വരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചാട്ടോഗ്രാം, ഫെനി, നൊഖാലി, ലക്ഷ്‌മിപൂർ, ചാന്ദ്പൂർ, ബാരിഷാൽ, പതുഖാലി, ജലകാത്തി, പിരോജ്‌പൂർ, ബർഗുന, ഭോല എന്നീ തീരദേശ ജില്ലകളും അതിന്‍റെ പുറം ദ്വീപുകളും ഗ്രേറ്റ് ഡേഞ്ചർ സിഗ്നൽ നമ്പർ 8-ന് കീഴിൽ വരുമെന്നാണ് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്‌തത്. ബംഗ്ലാദേശിലെയും മ്യാൻമറിലെയും സഹായ ഏജൻസികൾ ചുഴലിക്കാറ്റിനെ നേരിടാൻ തയ്യാറാണെന്നായിരുന്നു സിഎൻഎൻ റിപ്പോർട്ട്.
വ്യാഴാഴ്‌ച പുലർച്ചെയാണ് ഉഷ്‌ണമേഖല ചുഴലിക്കാറ്റായ മോഖ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടത്. ദുരന്ത നിവാരണത്തിലും പ്രഥമ ശുശ്രൂഷയിലും പരിശീലനം നേടിയ 3,000-ലധികം പ്രാദേശിക സന്നദ്ധപ്രവർത്തകരെ ക്യാമ്പുകളിൽ വിന്യസിച്ചിട്ടുണ്ടെന്ന് ഐഎഫ്ആർസി ബംഗ്ലാദേശ് ഡെലിഗേഷൻ മേധാവി സഞ്ജീവ് കഫ്‌ലി പറഞ്ഞു. 7,500 എമർജൻസി ഷെൽട്ടർ കിറ്റുകൾ, 4,000 ശുചിത്വ കിറ്റുകൾ, 2,000 വാട്ടർ കണ്ടെയ്‌നറുകൾ എന്നിവ വിതരണം ചെയ്യാൻ ലഭ്യമാണ്.