ജനീവ: കൊവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. കൊവിഡിന്‍റെ സ്വഭാവം മാറിയിരിക്കുന്നു. എന്നാൽ അത് പൂർണമായും ഇല്ലാതായിട്ടില്ല. 110 രാജ്യങ്ങളിൽ കൊവിഡ് കേസുകൾ ഉയരുകയാണെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകി.
കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കുറയുന്നതിനാൽ ലഭ്യമാകുന്ന ജീനോമിക് സീക്വൻസും കുറവാണ്. അതിനാൽ ഒമിക്രോണിനെ ട്രാക്ക് ചെയ്യാനും പുതിയ വകഭേദങ്ങളെ വിശകലനം ചെയ്യാനുമുള്ള സാധ്യത കുറയുകയാണെന്നും ഡബ്ല്യുഎച്ച്ഒ ഡയറക്‌ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
പല രാജ്യങ്ങളിലും ബിഎ.4, ബിഎ.5 എന്നീ വകഭേദങ്ങൾ കൂടുകയാണ്. 110 രാജ്യങ്ങളിൽ കേസുകൾ വർധിക്കുകയാണ്. ഇത് ആഗോളതലത്തിൽ മൊത്തത്തിലുള്ള കേസുകൾ 20 ശതമാനം വർധിക്കുന്നതിനും ലോകാരോഗ്യ സംഘടനയുടെ 6 മേഖലകളിൽ 3 എണ്ണത്തിലും മരണങ്ങൾ ഉയരുന്നതിനും കാരണമായി. കുറഞ്ഞത് 70 ശതമാനം ജനതയ്‌ക്കെങ്കിലും കൊവിഡ് പ്രതിരോധ വാക്‌സിനേഷൻ നൽകണമെന്ന് എല്ലാ രാജ്യങ്ങളോടും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗെബ്രിയേസസ് പറഞ്ഞു.