ഇസ്‌ലാമാബാദ്: തോഷഖാന അഴിമതി കേസില്‍ പൊലീസ് അറസ്‌റ്റ് ചെയ്യാന്‍ എത്തിയതിന് പിന്നാലെ പ്രവര്‍ത്തകര്‍ക്ക് വീഡിയോ സന്ദേശവുമായി പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ തെഹരീക്ക് ഇന്‍സാഫ് (പിടിഐ) പാര്‍ട്ടി അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്‍. താന്‍ കൊല്ലപ്പെടുകയോ ജയിലിലടക്കപ്പെടുകയോ ചെയ്‌താലും അവകാശങ്ങള്‍ക്കായി പോരാടുന്നത് തുടരാന്‍ ഇമ്രാന്‍ അനുയായികളോട് അഭ്യര്‍ഥിച്ചു. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഇമ്രാന്‍ ഖാനെ പിടികൂടാനായി ലാഹോറിലെ വസതിക്ക് മുന്നില്‍ പൊലീസ് എത്തിയത്.
പ്രധാനമന്ത്രിയായിരുന്ന സമയത്ത് കിട്ടിയ ഉപഹാരങ്ങള്‍ നിയമവിരുദ്ധമായി വിറ്റു കാശാക്കിയെന്നതാണ് ഇമ്രാന്‍ ഖാനെതിരായ കേസ്. പാകിസ്ഥാനിലെ ഫെഡറല്‍ അന്വേഷണ ഏജന്‍സിയാണ് ഇമ്രാനെതിരെ കേസെടുത്തത്. ഇമ്രാന്‍ ഖാന്‍റെ വീഡിയോ സന്ദേശത്തിന് പിന്നാലെ ലാഹോറില്‍ ഇന്‍റര്‍നെറ്റ് സേവനം വിച്ഛേദിച്ചു.
'എന്നെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് ഇവിടെ എത്തിയത്. ഇമ്രാന്‍ ഖാന്‍ ജയിലില്‍ പോയാല്‍ ജനങ്ങള്‍ ഉറങ്ങുമെന്ന് അവര്‍ കരുതുന്നു. നിങ്ങള്‍ ആ ധാരണകളെല്ലാം തെറ്റാണെന്ന് തെളിയിക്കണം. നിങ്ങള്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കണം', തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‌ത വീഡിയോയില്‍ ഇമ്രാന്‍ ഖാന്‍ പറയുന്നു.
നിങ്ങളുടെ അവകാശങ്ങള്‍ക്കായി നിങ്ങള്‍ പോരാടണം. നിങ്ങള്‍ തെരുവിലിറങ്ങണം. ദൈവം എനിക്ക് എല്ലാം നല്‍കിയിട്ടുണ്ട്. ജീവിതകാലം മുഴുവന്‍ ഞാന്‍ പോരാടിയിട്ടുണ്ട്. ഇനിയും അത് തുടരും. എന്നാല്‍ എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍, അവര്‍ എന്നെ ജയിലിലടയ്‌ക്കുകയോ കൊല്ലുകയോ ചെയ്‌താല്‍ ഇമ്രാന്‍ ഖാന്‍ കൂടെ ഇല്ലാതെ തന്നെ നിങ്ങള്‍ക്ക് പോരാടാന്‍ കഴിയുമെന്ന് നിങ്ങള്‍ തെളിയിക്കണം. പാകിസ്ഥാന്‍ സിന്ദാബാദ്, പിടിഐ ചെയര്‍മാന്‍ വീഡിയോയില്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം തോഷഖാന കേസിലെ ഇമ്രാന്‍ ഖാന്‍റെ അറസ്റ്റ് തടയാനായി വസതിക്ക് മുന്നില്‍ തടിച്ചുകൂടിയിരുന്ന അദ്ദേഹത്തിന്‍റെ അനുയായികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഇമ്രാന്‍ ഖാന്‍റെ അറസ്റ്റ് തടയാനായി അനുയായികള്‍ അദ്ദേഹത്തിന്‍റെ ലാഹോറിലെ വസതിക്ക് മുന്നില്‍ തടിച്ചുകൂടിയിരിക്കുകയാണ്. തുണിക്കഷ്‌ണങ്ങൾ കൊണ്ട് മുഖം മറച്ചിരുന്ന ഇമ്രാന്‍ ഖാന്‍റെ അനുയായികൾ പൊലീസുകാർക്ക് നേരെ കല്ലെറിയുകയും നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്‌തു. പിടിഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ഇസ്‌ലാമാബാദ് ഡിഐജിക്ക് പരിക്കേറ്റു.
റിപ്പോർട്ടുകൾ പ്രകാരം, പൊലീസ് സംഘത്തെ നയിച്ച ഇസ്‌ലാമാബാദ് ഡെപ്യൂട്ടി ഇൻസ്‌പെക്‌ടർ ജനറൽ (ഓപ്പറേഷൻസ്) ഷഹ്‌സാദ് ബുഖാരിക്കാണ് പരിക്കേറ്റത്. ഏറ്റുമുട്ടലിൽ ഇമ്രാന്‍ ഖാന്‍റെ അനുയായികൾക്കും പരിക്കുണ്ട്. പിടിഐ നേതാവ് ഷിറീൻ മസാരി പങ്കുവച്ച ഒരു വീഡിയോയില്‍ ഇമ്രാന്‍ ഖാന്‍റെ വസതിയിക്ക് മുന്നില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുന്നത് കാണാമായിരുന്നു. 'സമാധാനത്തോടെയും ക്ഷമയോടെയും ഇരിക്കാൻ എല്ലാവരോടും അഭ്യർഥിച്ച നേതാവ് ഇമ്രാൻ ഖാന്‍റെ വീടിന് നേരെയും അവർ ഷെല്ലാക്രമണം നടത്തുന്നു. രാജ്യത്ത് ജനാധിപത്യം താത്‌കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് തോന്നുന്നു, അല്ലേ?", പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ വീഡിയോ പങ്കുവച്ച് ഷിറീന്‍ മസാരി ട്വീറ്റ് ചെയ്‌തു.
അതേസമയം, രക്തച്ചൊരിച്ചിൽ ഒഴിവാക്കാനുള്ള സാധ്യമായ വഴി കണ്ടെത്താൻ പിടിഐ നേതൃത്വം തയ്യാറാണെന്ന് പാർട്ടിയുടെ ഉപനേതാവ് ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു. 'വാറണ്ട് കാണിക്കൂ. ഞാൻ ആദ്യം അത് വായിച്ച് മനസിലാക്കും. തുടർന്ന്, ഞാൻ ഇമ്രാൻ ഖാനോടും എന്‍റെ അഭിഭാഷകരോടും സംസാരിക്കും, ഷാ മഹ്മൂദ് ഖുറേഷി പൊലീസിനോട് പറഞ്ഞു. തോഷഖാന കേസിൽ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിനെതിരെ പാർട്ടി നേതാക്കൾ ഇസ്‌ലാമാബാദ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് മുൻ ഇൻഫർമേഷൻ മന്ത്രി ഫവാദ് ചൗധരിയും പറഞ്ഞു.