ബൊഗോട്ട : കൊളംബിയൻ സീരിയൽ കില്ലർ ലൂയിസ് ആൽഫ്രെഡോ ഗ്രാവിറ്റോ ക്യൂബിലോസ് (66) (Luis Alfredo Garavito Cubillos) മരണപ്പെട്ടു. 1990 കളിൽ 190 ലധികം കുട്ടികളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ലൂയിസ്. വ്യാഴാഴ്‌ച (12.10.2023) വടക്കൻ കൊളംബിയയിലെ വല്ലെദുപാർ മേഖലയിലെ ആശുപത്രിയൽ വച്ചാണ് അന്ത്യം സംഭവിച്ചതെന്ന് ജയിൽ അധികൃതർ അറിയിച്ചു. മരണകാരണം വെളിപ്പെടുത്തിയിട്ടില്ല.
ലോകത്തിലെ ഏറ്റവും ക്രൂരനായ സീരിയർ കില്ലറായ (Serial Killer) ഇയാൾ 'ദ ബീസ്റ്റ്' എന്നാണ് അറിയപ്പെട്ടിരുന്നത്. 1992 ലാണ് ലൂയിസ് തന്‍റെ കൊലപാതക പരമ്പര ആരംഭിക്കുന്നത്. ആറിനും 16നും ഇടയിൽ പ്രായമുള്ള ആൺ കുട്ടികളെയാണ് ഇയാൾ ക്രൂരമായി ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയരുന്നത്.
1957 ൽ കൊളംബിയയിലെ ക്വിൻഡോയിലായിരുന്നു ലൂയിസിന്‍റെ ജനനം. അക്രമവും അവഗണനയും നിറഞ്ഞ ഒരു ബാല്യകാലത്തിലൂടെ കടന്നു പോയ ലൂയിസ് പിന്നീട് ലോകം കണ്ട കൊടും കുറ്റവാളിയായി മാറുകയായിരുന്നു. 1992 ലാണ് കൊളംബിയയിൽ നിരവധി കുട്ടികൾ പെട്ടെന്ന് അപ്രത്യക്ഷരാകാൻ തുടങ്ങിയത്. എന്നാൽ അന്ന് കേസിൽ യാതൊരു വിവരവും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല.
പിന്നീട് 1994 മുതൽ 59 കൊളംബിയൻ പട്ടണങ്ങളിൽ നിന്നായി 114 കുട്ടികളുടെ മൃതദേഹങ്ങൾ പൊലീസിന് ലഭിച്ചു. ഒരേ രീതിയിൽ കൊല്ലപ്പെട്ട ആൺകുട്ടികളുടെ മൃതദേഹങ്ങളാണ് പൊലീസ് കണ്ടെത്തിയത്. ഇതോടെ കേസിന്‍റെ ഗൗരവം പൊലീസ് മനസിലാക്കുകയായിരുന്നു.