ന്യൂയോർക്ക് : ലോക കേരള സഭയുടെ അമേരിക്കൻ റീജിയണൽ കോൺഫറൻസിൽ കേരളത്തിലെ വികസന മുന്നേറ്റങ്ങളെക്കുറിച്ച് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ ടൈംസ് സ്ക്വയറിൽ നടന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ കഴിഞ്ഞ ആറ് വർഷത്തിനിടയിൽ എല്ലാ മേഖലകളിലും വമ്പിച്ച മുന്നേറ്റമാണ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ ശബ്‌ദവും പ്രാധാന്യമർഹിക്കുന്നിടത്ത് ഐക്യത്തിന്‍റെ ആത്മാവ് ശോഭനമായ ഭാവിക്ക് വഴിയൊരുക്കുമെന്നും പുരോഗമന ആശയങ്ങളുടെ പ്രകാശഗോപുരമായി കേരളം തിളങ്ങുന്നുവെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. കേരളത്തിന്‍റെ പുരോഗമന മൂല്യങ്ങളും സാമൂഹിക ഐക്യവും തുല്യമായ വളർച്ചയും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനവും നിക്ഷേപങ്ങളും ആരോഗ്യ സംവിധാനവും മറ്റ് മേഖലകളിൽ കൈവരിച്ച സാമ്പത്തിക വളർച്ചയും വികസനവും അദ്ദേഹം വിശദീകരിച്ചു.
കേരളം സമഗ്ര വികസനത്തിന്‍റെ മാതൃകയാണെന്നും ജനകേന്ദ്രീകൃത പുരോഗതിയുടെ ഉദാഹരണമായി ഉയർന്നുവരികയും ചെയ്‌തിട്ടുണ്ട്. തങ്ങളുടെ നയങ്ങൾ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ ശാക്തീകരിക്കുകയും എല്ലാവർക്കും തുല്യ അവസരങ്ങൾ വളർത്തുകയും ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ഭക്ഷ്യസുരക്ഷ സൂചികയിൽ സംസ്ഥാനം ഒന്നാം സ്ഥാനത്ത് എത്തുന്നതിന് കാരണമായ ഒരു കർമപദ്ധതിക്ക് കേരളം രൂപം നൽകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളം. നീതി ആയോഗ് ഉൾപ്പെടെയുള്ള നിരവധി ഏജൻസികൾ രാജ്യത്തെ ഏറ്റവും മികച്ച സർക്കാർ സ്‌കൂളുകളും ആശുപത്രികളും കേരളത്തിലേതാണെന്ന് തെരഞ്ഞെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലേത് ഏറ്റവും മികച്ച ക്രമസമാധാന സാഹചര്യമാണ്. സാമുദായിക സൗഹാർദവും സമാധാനപരമായ സഹവർത്തിത്വവും എല്ലായ്‌പ്പോഴും ഉറപ്പാക്കപ്പെടുന്നതിനാലാണ് ഇതെല്ലാം സാധ്യമായത്. അതുകൊണ്ടാണ് കഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തിൽ ഒരു വർഗീയ കലാപം പോലും ഉണ്ടാകാത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.