ജെറുസലേം: ദശകങ്ങളായി തുടരുന്ന ഇസ്രായേല്‍ പാലസ്‌തീന്‍ സംഘര്‍ഷത്തിന്‍റെ പ്രഭവ കേന്ദ്രം എന്നും 23 ലക്ഷം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരമേഖലയിലെ ഗാസ മുനമ്പാണ് (Israel Palestine Clash). 1967ലാണ് ഈജിപ്‌തില്‍ നിന്ന് പൊരിഞ്ഞ പോരാട്ടത്തിനൊടുവില്‍ ഗാസ മുനമ്പ് ഇസ്രായേല്‍ പിടിച്ചെടുത്തത്. അന്ന് മുതല്‍ പുകഞ്ഞു കൊണ്ടിരുന്ന അസ്വസ്ഥതകള്‍ക്ക് വിരാമമിട്ടുകൊണ്ട് 2005ലാണ് മധ്യ പൂര്‍വ്വേഷ്യയിലെ തന്ത്ര പ്രധാനമായ ഈ നഗരത്തില്‍ നിന്ന് ഇസ്രായേല്‍ പിന്മാറുന്നത്. ഗാസയുടെ നിയന്ത്രണം പാലസ്‌തീന് വിട്ടു കൊടുത്തു കൊണ്ടായിരുന്നു പിന്മാറ്റം. രാഷ്ട്രീയ സൈനിക മേഖലകളില്‍ പിന്നീടുണ്ടായ സംഭവ വികാസങ്ങള്‍ ചുരുക്കത്തില്‍ ഒന്ന് പരിശോധിക്കാം.
2006 ജനുവരി 25: പാലസ്‌തീനിയന്‍ ലജിസ്‌ലേറ്റീവ് തെരഞ്ഞെടുപ്പില്‍ വിമത വിഭാഗമായ ഹമാസ് ഭൂരിപക്ഷം നേടുന്നു. ഇസ്രായേലിനെ അംഗീകരിക്കാനും പോരാട്ടം അവസാനിപ്പിക്കാനും ഹമാസ് തയ്യാറാവാത്തതിനെ തുടര്‍ന്ന് ഇസ്രായേലും അമേരിക്കയും പാലസ്‌തീനിനുള്ള സഹായങ്ങള്‍ നിര്‍ത്തി വയ്ക്കുന്നു.
2006 ജൂണ്‍ 25: ഗാസയില്‍ നിന്നും മുന്നേറിയ ഹമാസ് തീവ്രവാദികള്‍ അതിര്‍ത്തി കടന്നൊരു നീക്കത്തില്‍ ഗിലാദ് ഷലിത് എന്ന ഇസ്രായേലി പട്ടാളക്കാരനെ തടവുകാരനായി പിടിച്ചു. പ്രകോപിതരായ ഇസ്രായേല്‍ വ്യോമാക്രമണത്തിലൂടെ തിരിച്ചടി നല്‍കി. 5 വര്‍ഷത്തിന് ശേഷമാണ് ഗിലാദ് ഷലിത് തടവുകാരെ കൈമാറലിന്‍റെ ഭാഗമായി മോചിതനായത്.
2007 ജൂണ്‍ 14: പാലസ്‌തീനിയന്‍ പ്രസിഡന്‍റ് മഹമൂദ് അബ്ബാസിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഫത്താ സൈന്യത്തെ തുരത്തി ഹമാസ് ഗാസയുടെ നിയന്ത്രണം കൈക്കലാക്കുന്നു.
2008 ഡിസംബര്‍ 27:തെക്കന്‍ ഇസ്രായേലി നഗരമായ ഡെറോട്ടിന് നേരെ നടന്ന റോക്കറ്റ് ആക്രമണത്തിന് പകരമായി ഇസ്രായേല്‍ ഗാസയില്‍ തുടര്‍ച്ചയായ 22 ദിവസം സൈനിക ആക്രമണം അഴിച്ചു വിട്ടു. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതുവരെ പോരാട്ടത്തില്‍ 1400 പാലസ്‌തീനിയരും 13 ഇസ്രായേലികളും കൊല്ലപ്പെട്ടു.
2012 നവംബര്‍ 14:ഹമാസ് സൈനിക വിഭാഗം മേധാവി അഹമ്മദ് ജബാരിയെ ഇസ്രായേല്‍ വക വരുത്തി. 8 ദിവസം ഹമാസിന്‍റെ റോക്കറ്റ് ആക്രമണവും ഇസ്രായേലിന്‍റെ വ്യോമാക്രമണവും ശക്തമായി തുടര്‍ന്നു.
2014 ജൂലൈ- ഓഗസ്‌റ്റ്:മൂന്ന് ഇസ്രായേലി ചെറുപ്പക്കാരെ ഹമാസ് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട യുദ്ധം ഏഴാഴ്‌ച നീണ്ടു. 2100 പാലസ്‌തീനികളും 67 സൈനികരും അടക്കം 73 ഇസ്രായേലികളും കൊല്ലപ്പെട്ടു. യുദ്ധത്തില്‍ പരിക്കേറ്റ പാലസ്‌തീനി പൗരനെ തെക്കന്‍ ഗാസ മുനമ്പില്‍ നിന്ന് 2018 ഏപ്രില്‍ 20ന് രക്ഷിച്ചു.
2018 മാര്‍ച്ച്:ഇസ്രായേലുമായുള്ള അതിര്‍ത്തിയില്‍ ഗാസയിലെ കമ്പിവേലിക്കകത്ത് പാലസ്‌തീനിന്‍റെ പ്രക്ഷോഭം തുടങ്ങുന്നു. പ്രക്ഷോഭകര്‍ക്ക് നേരെ ഇസ്രായേലി സൈന്യം നിറയൊഴിച്ചു. ആഴ്‌ചകളോളം തുടര്‍ന്ന പ്രക്ഷോഭത്തില്‍ 170 പാലസ്‌തീനികള്‍ കൊല്ലപ്പെട്ടു.
2021 മേയ്:ജെറുസലേമിലെ അല്‍ അഖ്‌സ മുസ്‌ലിം പള്ളിയില്‍ വിശുദ്ധ റമദാന്‍ മാസത്തിലെ വ്രതാനുഷ്‌ഠാനങ്ങള്‍ക്കിടെ ഇസ്രായേല്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ നൂറു കണക്കിന് പാലസ്‌തീനികള്‍ക്ക് പരിക്കേറ്റു. അല്‍ അഖ്‌സയില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹമാസ് ഗാസയില്‍ നിന്ന് ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണം നടത്തി. ഇസ്രായേല്‍ വ്യോമാക്രമണത്തിലൂടെ മറുപടി നല്‍കി. 11 ദിവസം നീണ്ട യുദ്ധത്തില്‍ 250 പാലസ്‌തീനികളും 13 ഇസ്രായേലികളും കൊല്ലപ്പെട്ടു.
2022 ഓഗസ്റ്റ് 5:ഗാസയിലെ സൈനിക താവളങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഇസ്‌ലാമിക് ജിഹാദ് കമാണ്ടര്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു. ഇത്തവണ ഹമാസ് ഏറ്റുമുട്ടലിനുണ്ടായിരുന്നില്ല. ഇസ്‌ലാമിക് ജിഹാദികളാണ് ഇസ്രായേലി സൈന്യത്തിന് നേരെ റോക്കറ്റ് ആക്രമണം നടത്തിയത്.
2022 ഓഗസ്റ്റ് 6:ഗാസയില്‍ തുടര്‍ന്ന റോക്കറ്റ് ആക്രമണത്തില്‍ 6 കുട്ടികളടക്കം 24 പേര്‍ കൊല്ലപ്പെട്ടു.
2022 ഓഗസ്റ്റ് 7:ഏറ്റുമുട്ടലില്‍ മരണം 30 ആയി. ഗാസയില്‍ നിന്ന് തൊടുത്ത ഹമാസിന്‍റെ റോക്കറ്റുകള്‍ ജെറുസലേമിന് 5 കിലോമീറ്റര്‍ പടിഞ്ഞാറ് വരെ പതിച്ചു. റോക്കറ്റിന്‍റെ പരിധി കൂടിയത് ഇസ്രായേലിന്‍റെ ഉത്കണ്‌ഠ കൂട്ടി.
2023 ജനുവരി: വെസ്റ്റ്ബാങ്ക് പ്രവിശ്യയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 10 പാലസ്‌തീനികള്‍ കൊല്ലപ്പെട്ടു. ഹമാസിന്‍റെ റോക്കറ്റ് ആക്രമണവും ഇസ്രായേലിന്‍റെ വ്യോമാക്രമണവും അതിരൂക്ഷമായി തുടര്‍ന്നു. 2 ദശകത്തിനിടെ മേഖലയിലെ സംഘര്‍ഷം ഏറ്റവും മൂര്‍ഛിച്ച കാലഘട്ടം. 61 വയസുള്ള സ്ത്രീ അടക്കം കൊല്ലപ്പെട്ടു.
2023 ഫെബ്രുവരി 2:ഹമാസിന്‍റെ റോക്കറ്റ് ആക്രമണത്തിന് മറുപടിയായി ഇസ്രായേലിന്‍റെ അതി ശക്തമായ വ്യോമാക്രമണം. ഡെറോട്ട മേഖലയെ ലക്ഷ്യമാക്കി തൊടുത്ത ഹമാസിന്‍റെ റോക്കറ്റ് ഇസ്രായേലി വ്യോമ പ്രതിരോധ സംവിധാനം നിര്‍വീര്യമാക്കി. തിരിച്ചടിയില്‍ ഹമാസിന്‍റെ നിയന്ത്രണത്തിലുള്ള ഗാസയിലെ ആയുധ നിര്‍മാണ കേന്ദ്രവും കെമിക്കല്‍ ഫാക്‌ടറിയും ഇസ്രായേല്‍ തകര്‍ത്തു.
2023 മേയ്:ഗാസ മുനമ്പില്‍ 5 ദിവസം നീണ്ട അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ഇസ്രായേലില്‍ ഹമാസ് സേനകള്‍ തമ്മില്‍ മെയ് 13ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍. 33 പാലസ്‌തീനികളും 2 ഇസ്രായേലികളും കൊല്ലപ്പെട്ടു.
2023 സെപ്റ്റംബര്‍ 26:ഗാസയില്‍ നിന്ന് ഇസ്രായേലി സൈന്യത്തിന് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയായി ഗാസയില്‍ ഇസ്രായേലിന്‍റെ ഡ്രോണ്‍ ആക്രമണം. ഹമാസ് സൈനിക കേന്ദ്രം തകര്‍ത്തു. ഗാസ മുനമ്പില്‍ നിന്നുള്ള എറേസ് ക്രോസിങ്ങ് ഇസ്രായേല്‍ അടച്ചതിനെതിരെ അതിര്‍ത്തിയില്‍ നിത്യവും പാലസ്‌തീനികളുടെ പ്രതിഷേധ പ്രകടനങ്ങളും പ്രക്ഷോഭങ്ങളും. യോം കിപ്പൂര്‍ എന്ന ജൂതരുടെ വിശുദ്ധ ദിനത്തോടനുബന്ധിച്ച് അതിര്‍ത്തി സംഘര്‍ഷം വീണ്ടും മൂര്‍ഛിച്ചു.
also read:Drone Attack Syria സിറിയയിൽ സൈനിക ബിരുദദാന ചടങ്ങിനിടെ ഡ്രോൺ ആക്രമണം : 80 മരണം, 240 പേർക്ക് പരിക്ക്