പ്രതീക്ഷയുടെ നക്ഷത്രവിളക്കുകളും പ്രത്യാശയുടെ ക്രിസ്‌മസ് ട്രീകളും നാടെങ്ങും മിഴി തുറന്നു. സമ്മാനപ്പൊതികളുമായി സാന്‍റാ ക്ലോസ്, കൊട്ടും മേളവുമായി കരോള്‍, പള്ളികളില്‍ പാതിരാകുര്‍ബാനകള്‍... തീരുന്നില്ല ആഘോഷങ്ങള്‍. നനുത്ത മഞ്ഞില്‍ മറ്റൊരു ക്രിസ്‌മസ് പുലരിയെക്കൂടി വരവേറ്റിരിക്കുകയാണ് ലോകം.
പുലര്‍കാല മഞ്ഞില്‍ മിഴിതുറന്ന് ക്രിസ്‌മസ് പുലരി; തിരുപ്പിറവിയുടെ ഓര്‍മയില്‍ നാടെങ്ങും ആഘോഷം - ഉണ്ണിയേശു
ഉണ്ണിയേശുവിന്‍റെ തിരുപ്പിറവിയുടെ ഓര്‍മ പുതുക്കിയാണ് ലോകമെമ്പാടുമുള്ള ജനത ഇന്ന് ക്രിസ്‌മസ് ആഘോഷിക്കുന്നത്. ശാന്തിയുടെയും സമാധാനത്തിന്‍റെയും സന്ദേശം പകരുന്ന ഈ ദിനത്തെ നാടും നഗരവും വിവിധ ആഘോഷങ്ങളോടെയാണ് വരവേറ്റിരിക്കുന്നത്.
മനുഷ്യരാശിക്ക് വേണ്ടിയുള്ള ക്രിസ്‌തുവിന്‍റെ ത്യാഗത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍, സാഹോദര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും സന്ദേശവും പകര്‍ന്ന് നല്‍കുന്ന ഈ ദിനം ഉണ്ണിയേശുവിന്‍റെ തിരുപ്പിറവിയുടെ ഓര്‍മ പുതുക്കിയാണ് ലോകമെമ്പാടും കൊണ്ടാടുന്നത്. പ്രവചനങ്ങളെയെല്ലാം യാഥാര്‍ഥ്യമാക്കിക്കൊണ്ട് ലോകത്തിന്‍റെ രക്ഷകനായി കന്യകാമേരിയില്‍ നിന്ന് യേശു പിറവിയെടുത്തു. ഇരുളിലാണ്ട് കിടന്ന ലോകത്ത് വെളിച്ചമായി ബത്‌ലഹേമിലെ പുല്‍ത്തൊഴുത്തില്‍ ഉണ്ണിയേശു അവതരിച്ചു എന്നാണ് വിശ്വാസം.
കഴിഞ്ഞ രണ്ട് വര്‍ഷത്തെ ക്രിസ്‌മസ് ആഘോഷങ്ങളെയും കൊവിഡ് കവര്‍ന്നെടുത്തിരുന്നു. എന്നാല്‍ ഇക്കുറി കൂട്ടായ്‌മകള്‍ ഒത്തുചേര്‍ന്ന് നാടും നഗരവും സന്തോഷത്തോടെയാണ് ഈ ദിനത്തെ ആഘോഷമാക്കുന്നത്.