വാഷിങ്‌ടൺ: ഇന്ത്യയും ജപ്പാനും ഉൾപ്പടെ നിരവധി രാജ്യങ്ങൾ ലക്ഷ്യമിട്ട് ചൈന ചാര ബലൂണുകൾ പ്രവർത്തിപ്പിച്ചതായി അമേരിക്കന്‍ പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ. രാജ്യത്തെ സെൻസിറ്റീവ് ഇൻസ്റ്റാളേഷനുകൾക്ക് മുകളിലൂടെ പറന്ന ചൈനയുടെ നീരീക്ഷണ ബലൂൺ അമേരിക്ക വെടിവച്ചിട്ടതിന് പിന്നാലെയാണ് റിപ്പോർട്ട്. ശനിയാഴ്‌ചയാണ് യുഎസ് അറ്റ്‌ലാന്‍റിക് സമുദ്രത്തിന്‍റെ സൗത്ത് കരോലിന തീരത്ത് ബലൂൺ വെടിവച്ചിട്ടത്.
പറന്നുവന്നത് ചൈനയുടെ ചാര ബലൂണുകൾ; ലക്ഷ്യമിട്ട രാജ്യങ്ങളിൽ ഇന്ത്യയും
അമേരിക്കൻ പ്രാദേശിക മാധ്യമത്തിലാണ് വിവിധ രാജ്യങ്ങളെ ലക്ഷ്യം വച്ചുള്ള ചൈനയുടെ ചാരപ്രവർത്തനത്തിന്‍റെ ഭാഗമാണ് ബലൂണുകൾ എന്ന റിപ്പോർട്ട്
എന്നാൽ ചൈന തന്ത്രപരമായി മറ്റു രാജ്യങ്ങളിലെ രഹസ്യവിവരങ്ങൾ ശേഖരിക്കാനാണ് ബലൂണുകൾ ഉപയോഗിച്ചതെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. നാവിക സൈനിക താവളമുള്ള ചൈനയുടെ തെക്കൻ തീരത്തെ ഹൈനാൻ പ്രവിശ്യയിൽ നിന്നുമാണ് ബലൂണുകൾ പറത്തിയത്. ജപ്പാൻ, ഇന്ത്യ, തായ്‌വാൻ, ഫിലിപ്പീൻസ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളുടെ സൈനിക ബലം പരിശോധിക്കാനാണ് ചൈന ശ്രമം നടത്തിയതെന്ന് വിശ്വസിക്കുന്നതായി യുഎസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു.
ചാരപ്രവർത്തിയെ കുറിച്ചുള്ള വിവരം യുഎസ് 40 ഓളം എംബസികളിലെ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. കോസ്റ്റാറിക്കയ്‌ക്കും വെനസ്വേലയ്‌ക്കും മുകളിൽ രണ്ടാമത്തെ ചൈനീസ് ചാര ബലൂൺ കണ്ടെത്തിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഡൊണാൾഡ് ട്രംപിന്‍റെ ഭരണകാലത്ത് രാജ്യത്തിന് മുകളിലൂടെ മൂന്ന് ചൈനീസ് ബലൂണുകൾ പറന്നിരുന്നെങ്കിലും ചാര ബലൂണുകളാണെന്ന് തിരിച്ചറിഞ്ഞത് അടുത്തിടെയാണ്.