ബെയ്‌ജിങ്: വിശുദ്ധമായ റമദാന്‍ മാസത്തില്‍ ഉയിഗൂര്‍ മുസ്‌ലിംകള്‍ വ്രതമനുഷ്‌ഠിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായി ചാരന്മാരെയിറക്കി ചൈനീസ് പൊലീസ്. സാധാരണക്കാരായ പൗരന്മാരെയും പൊലീസ് സേനയിലും അനുബന്ധ വകുപ്പുകളിലുമുള്ളവരെയും ഉള്‍പ്പെടുത്തിയാണ് തങ്ങളുടെ കണ്ണും കാതുമായ ഈ ചാര വിഭാഗത്തെ ഒരുക്കിയിരിക്കുന്നതെന്ന് കിഴക്കൻ സിൻജിയാങ് ഉയ്ഗൂർ സ്വയംഭരണ മേഖലയിലെ ടര്‍പനിലെ പൊലീസ് ഉദ്യേഗസ്ഥനെ ഉദ്ധരിച്ച് റേഡിയോ ഫ്രീ ഏഷ്യ റിപ്പോർട്ട് ചെയ്‌തു. അതേസമയം 2017 മുതലാണ് സിൻജിയാങിലെ മുസ്‌ലിംകളെ റംസാൻ വ്രതാനുഷ്ഠാനത്തിൽ നിന്ന് ചൈന വിലക്കുവാൻ തുടങ്ങിയത്. ഉയ്ഗൂർ സംസ്‌കാരം, ഭാഷ, മതം എന്നിവയുടെ സ്വാധീനം ഇല്ലാതാക്കാനായി ഉയിഗൂര്‍ മുസ്‌ലിംകളെ ചൈനീസ് അധികൃതര്‍ ഏകപക്ഷീയമായി തടവിലാക്കിയിരിക്കുകയാണെന്നും റേഡിയോ ഫ്രീ ഏഷ്യ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇളവുകളെല്ലാം തകര്‍ത്തെറിഞ്ഞ്:2021 ലും 2022 ലും പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ ചൈനീസ് അധികാരികൾ ഭാഗികമായ ഇളവുകൊണ്ടുവന്നിരുന്നു. ഇതിന്‍റെ ഭാഗമായി 65 വയസിന് മുകളിലുള്ളവരെ നോമ്പ് അനുഷ്‌ഠിക്കാന്‍ അനുവദിക്കുകയും വീടുകയറിയും തെരുവുകള്‍തോറുമുള്ള പട്രോളിങും പൊലീസ് കുറച്ചിരുന്നു. എന്നാല്‍ ഇത്തവണ ഈ ഇളവുകള്‍കൂടി എടുത്തുകളഞ്ഞ് പ്രായമോ, ലിംഗമോ, തൊഴിലോ പരിഗണിക്കാതെ എല്ലാവരെയും നോമ്പ് അനുഷ്‌ഠിക്കുന്നതില്‍ നിന്നും ചൈനീസ് സര്‍ക്കാര്‍ വിലക്കിയതായും റിപ്പോര്‍ട്ടിലുണ്ട്. റമദാന്‍റെ ആദ്യവാരത്തില്‍ നിയമം മറികടന്ന് വ്രതം അനുഷ്‌ഠിച്ചുവെന്നുകാണിച്ച് 56 ഉയിഗൂര്‍ നിവാസികളെയും മുന്‍ തടവുകാരെയും വിളിച്ചുവരുത്തിയിരുന്നു. ഇവരെ ചോദ്യം ചെയ്‌തതിന് ശേഷം 54 പേര്‍ നിയമം ലംഘിച്ചതായി കണ്ടെത്തുകയും ചെയ്‌തതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ദരിച്ച് റേഡിയോ ഫ്രീ ഏഷ്യ റിപ്പോർട്ട് ചെയ്‌തു.